അപ്പോഴാണ് അത് സംഭവിച്ചത്.
ഒരിക്കലും സംഭവിക്കണ്ടാത്തത് അപ്പോൾ സംഭവിച്ചു.
ആരും പ്രതീക്ഷിക്കാതിരുന്നത് അപ്പോൾ സംഭവിച്ചു.
നിമിഷ നേരം കൊണ്ട് തന്നെ അത് സംഭവിച്ചു.
ചൂരലു കൊണ്ടുള്ള അടി എന്റെ കൈപ്പത്തിയിൽ കൊള്ളും മുമ്പ് തന്നെ ഉദയൻ രവി സാറിന്റെ കയ്യിൽ കടന്നു പിടിച്ചിരുന്നു.
അപ്രതീക്ഷിതമായിട്ടുള്ള ആ പ്രവർത്തിയിൽ ക്ലാസിലിരുന്ന് എല്ലാ കുട്ടികളും ഞെട്ടിപ്പോയി.
ഒരു സൂചി ഇട്ടാൽ അനങ്ങാത്ത അത്ര നിശബ്ദത.
രവി സാറിന് നിന്നിടത്ത് നിന്ന് അനങ്ങാൻ കഴിഞ്ഞില്ല.
അയാൾ ശക്തിയായി തന്നെ രവിയുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.
നിർഭാഗ്യവശാൽ അയാൾക്ക് അതിനു സാധിച്ചില്ല. അയാൾ രണ്ടുമൂന്നു പ്രാവശ്യം കൂടി തന്റെ ശക്തി ഉപയോഗിച്ച് അവന്റെ കയ്യിൽ നിന്നും വിട്ടു മാറുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷേ അതെല്ലാം നിഷ്ഫലമായിരുന്നു.
അയാൾ അവനെ കോപത്തോടെ നോക്കി.
ദേഷ്യം കൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നു തുടുത്തു.
ദേഷ്യം മാത്രമല്ലയിരുന്നു ആ കണ്ണുകളിൽ സങ്കടവും നിറഞ്ഞുനിന്നു.
സങ്കടം മാത്രമല്ലായിരുന്നു ആ കണ്ണുകളിൽ പരാജയ ബോധവും പടർന്നുനിന്നിരുന്നു.
44 കുട്ടികളുടെ മുന്നിൽ നാണംകെട്ട് മരവിച്ചു നിന്നു.
88 കണ്ണുകൾ ആ ദൃശ്യം വീക്ഷിക്കുന്നുണ്ടായിരുന്നു.
രവി സാറിന്റെ ശ്വാസഗതി വർധിച്ചു.
വെറുമൊരു ശിഷ്യന്റെ മുമ്പിൽ ഇന്നലെവരെ രാജാവായി നിന്ന ഗുരുവിന് പരാജിതനായി നിൽക്കേണ്ട ഗതികേട് അപ്രതീക്ഷിതമായി അന്ന് അയാൾക്ക് ഉണ്ടായി.
അയാൾ ഒന്നും അല്ലാതെ ആയി തീരുകയായിരുന്നു.
അയാൾ എന്തോ പറയുവാൻ വെമ്പി പക്ഷേ ശബ്ദം പുറത്തുവന്നില്ല.
അയാൾക്ക് കഴിഞ്ഞില്ല.
അയാൾക്ക് നിന്നിടത്ത് നിന്ന് അനങ്ങാൻ കൂടി കഴിഞ്ഞില്ല.
ശരീരത്തിൽ ആകെ ഒരു വിറയൽ മാത്രം.
പക്ഷേ ഉദയൻ അങ്ങനെ ചെയ്യുമെന്ന് ഞാനും കരുതിയിരുന്നില്ല.
അങ്ങനെ ചെയ്യരുതായിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നി.
എനിക്ക് രവി സാറിനോടുള്ള എല്ലാ പകയും അപ്പോൾ അവസാനിച്ചു കഴിഞ്ഞിരുന്നു.
ഒരു വല്ലാത്ത മനസ്ഥിതി ആയിരുന്നു എനിക്കപ്പോൾ.
രവി സാറിന്റെ മുഖത്ത് പലവിധത്തിലുള്ള വികാരങ്ങൾ അപ്പോൾ അടിഞ്ഞുകൂടി.
നിരാശ അയാളുടെ മുഖത്ത് ദൃശ്യമായി.
ഇത്രയും ആയപ്പോഴേക്കും ഉദയൻ അയാളുടെ കയ്യിൽ നിന്നും പിടിവിട്ടു.
കുറെ കഴിഞ്ഞപ്പോൾ രവി സാറിന് ചലിക്കാം എന്ന അവസ്ഥയായി.
അപ്പോൾ അയാൾ പതുക്കെ പോയി കസേരയിലിരുന്നു. രണ്ടു കൈമുട്ടുകളും മേശയിൽ ഊന്നിപ്പിടിച്ച് ഉള്ള ആ ഇരിപ്പ്.
അപ്പോൾ ക്ലാസ് മുഴുവനുമുള്ള എല്ലാ കുട്ടികളും അയാളെ ശ്രദ്ധിക്കുകയായിരുന്നു.
തന്റെ ശിഷ്യഗണങ്ങളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ട ഗുരു.
കുട്ടികളെല്ലാം അന്യോന്യം നോക്കി എന്തൊക്കെയോ അടക്കം പറഞ്ഞു.
