ഉദയൻ അതൊന്നും കേട്ടതായി പോലും നടിച്ചില്ല.
രവി സാർ നടന്നു ക്ലാസ്സിലോട്ട് വരുന്നത് എല്ലാവരും കണ്ടു. നിശബ്ദത ഉരുണ്ടുകൂടി വിറങ്ങലിച്ചു നിന്നു. രവി സാർ ക്ലാസിലേക്ക് കടന്നുവന്നു.
എല്ലാ കുട്ടികളും നിമിഷനേരം കൊണ്ട് എണീറ്റ് നിന്നു നമസ്തേ പറഞ്ഞു.
എല്ലാവരും കരുതിയത് പോലെ തന്നെ ഉദയൻ എണീറ്റില്ല, കൂടെ ഞാനും.
അതെ, ഞാൻ എണീറ്റില്ല അത് പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നു. ഞാൻ എണീറ്റതുമില്ല നമസ്തേ പറഞ്ഞതുമില്ല.
അപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് വന്നത് നിരപരാധിയായ എന്നെ നിഷ്ക്കരണം അടിച്ച രവി സാറിന്റെ ക്രൂരമായ മുഖമായിരുന്നു. അതിന് ഞാൻ കൊടുത്ത അവസാനത്തെ പ്രതികാരമായിരുന്നു അയാളെ കണ്ടപ്പോൾ എഴുന്നേൽക്കാതെ ഇരുന്നതും നമസ്തേ പറയാതിരുന്നതും.
ഇനിയും കൊള്ളും അടി. എത്ര അടി കൊള്ളുമെന്നോ എവിടെ അടിക്കുമെന്നോ ഒന്നും നിശ്ചയം ഇല്ല.
എത്ര വേണമെങ്കിലും അടിച്ചോട്ടെ. എവിടെ വേണമെങ്കിലും അടിച്ചോട്ടെ. പക്ഷേ ഇന്ന് എന്നല്ല ഇനിമേലിൽ ഞാൻ അയാളെ കാണുമ്പോൾ എഴുന്നേൽക്കുകയുമില്ല നമസ്തേ പറയുകയുമില്ല.
ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത്.
ഞാൻ രവി സാറിനെ നോക്കി.
ഉദയനും അടി കൊള്ളും.
ക്ലാസിൽ എല്ലാവരും അത് കാണാൻ കൊതിച്ചിരിക്കുകയാണ്.
രവി സാർ ദേഷ്യത്തോടെ ഞങ്ങളിരുന്നിടത്തേക്ക് വന്നു.
രവിസാർ: എഴുന്നേൽക്കെടാ രണ്ടും.
അതൊരു ആക്രോശമായിരുന്നു.
ഞങ്ങൾ രണ്ടുപേരും പതുക്കെ എണീറ്റ് നിന്നു.
രവിസാർ: ആ ചൂരലിങ്ങ് എടുത്തിട്ട് വന്നേ.
ഏറ്റവും മുൻ സീറ്റിൽ ആദ്യം ഇരുന്ന ശ്രീകുമാർ ചൂരലും എടുത്ത് ഭയ ബഹുമാനത്തോടെ രവി സാറിനെ ഏൽപ്പിച്ചു.
രവി സാർ: കൈനീട്ടടാ.
എന്നോടായിരുന്നു.
ഒരു കൂസലുമില്ലാതെ ഞാൻ കൈ നീട്ടി കൊടുത്തു.
രവി സാർ : ഇത് എന്തിനാണെന്ന് അറിയാമോടാ നിനക്ക്.
അറിയാം എന്തിനും ശിക്ഷിക്കപ്പെടേണ്ടവൻ ഞാനാണെന്നുള്ള താങ്കളുടെ അസൂയാവഹമായ വിചാരം തന്നെയാണ് ഇപ്പോഴും.
എന്ന് പറയാൻ ആഗ്രഹിച്ച എങ്കിലും ഞാൻ ഒന്നും മിണ്ടാതെ കൈനീട്ടി തന്നെ നിന്നു.
രവി സാർ : എന്നുമുള്ള പതിവ് നീ തെറ്റിച്ചതിന്.
അന്ന് അയാൾക്ക് കോപം വന്നത് ദിവസവും എണീറ്റ് നിൽക്കുന്ന ഞാൻ അന്ന് എണീറ്റ് നിൽക്കാത്തതിൽ ആയിരുന്നു.
അയാൾ ചൂരൽ വളരെ ആയത്തോടെ മുകളിലോട്ട് ഉയർത്തി. അയാളുടെ സർവശക്തിയും ഇപ്പോൾ ചൂരലിലാണ്.
ആ ശക്തിയിൽ തന്നെ ആ ചൂരൽ എന്റെ കൈവെള്ളയിൽ വന്നു പതിക്കും. ഞാൻ കരയില്ല. അങ്ങനെ ഞാൻ കരയാതിരിക്കുമ്പോൾ കൈ പിന്നിലോട്ട് വലിക്കാതിരിക്കുമ്പോൾ വാശി കൂടും. വീണ്ടും അയാൾ എന്നെ അടിക്കും. വീണ്ടും വീണ്ടും എന്നെ അയാളടിക്കും.
ചൂരൽ മുകളിലോട്ട് ഉയർന്നതിനേക്കാൾ ആയത്തിൽ അതെന്റെ കൈവെള്ളയിലേക്ക് അടുത്തു.
