ഉദയൻ ബീഡി വലിച്ചപ്പോൾ അതിൽ ഒന്ന് എനിക്ക് കൂടി തന്നു.
അതുവരെ ഞാൻ പുക വലിച്ചിട്ടില്ലായിരുന്നു. എന്നാൽ ഒരു വലിക്കാരനെ പോലെ തന്നെ ഞാൻ ആ ബീഡി വാങ്ങി കത്തിച്ചു.
അങ്ങനെ ആദ്യമായി ഞാൻ പുകയിലയുടെ ആവി ബീഡിയുടെ സഹായത്തോടെ ശ്വാസകോശത്തിലോട്ട് വലിച്ചു കയറ്റി.
ശ്വാസം മുട്ടും പോലെ തോന്നി.
ചുമച്ചു. പുകപടലങ്ങൾ ചുമയോടൊപ്പം വെളിയിലേക്ക് പൊട്ടിത്തെറിച്ചു വന്നു.
കാർക്കിച്ചു തുപ്പി.
ഉദയൻ എന്റടുത്തുവന്നു എന്റെ ശിരസിൽ കൈകൊണ്ട് പതുക്കെ തട്ടി. ഭൂഗോളം തിരിയുന്നത് ഞാൻ കണ്ടു.
ആ ബീഡി ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു.
ഉദയൻ : ആദ്യമായാണ് അല്ലേ.
ഞാനൊന്നും മിണ്ടിയില്ല.
ദൂരേക്ക് ഞാൻ വലിച്ചെറിഞ്ഞ ബീഡിയുടെ ബാക്കി ഭാഗം ഉദയൻ നോക്കിയെടുത്ത് അതും അവൻ വലിച്ചുതീർത്തു.
അതിനുശേഷം ബീഡി തു തന്നെ എനിക്ക് ഭയമായി.
ബുധനാഴ്ച മൂന്നാം പിരീഡ്.
രവി സാർ വരുന്ന പിരീഡ് ആണത്. കണക്ക് പഠിപ്പിക്കാൻ വരുന്ന രവി സാർ എന്നെ അടിക്കുന്നതിനെ പറ്റി ഞാൻ ഉദയനോട് പറഞ്ഞിരുന്നില്ല. പറയണ്ട എന്ന് തോന്നി. അല്ലെങ്കിലും രവി സാറിന്റെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ അടി കൊള്ളുന്നത് ഞാൻ തന്നെ ആയിരുന്നല്ലോ ക്ലാസ്സിൽ. അക്കാര്യം ഉദയനോടുകൂടി പറഞ്ഞു നാണക്കേട് വിലയ്ക്ക് വാങ്ങേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്.
മൂന്നാം പിരീഡ് എന്നാൽ ഞങ്ങളുടെ ക്ലാസ്സിൽ എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്.
പക്ഷേ എനിക്ക് രവി സാറിനോടുള്ള പേടി എന്നേ തീർന്നിരുന്നു.
എനിക്ക് കിട്ടിയിരുന്ന അടിയുടെ വേദനകൾ ആയിരുന്നു ആ ഭയം തീർത്തിരുന്നത്. അതുകൊണ്ടുതന്നെ ഒരുതരം മരവിപ്പ് എന്റെ ശരീരത്തെയും മനസ്സിനെയും ബാധിച്ചിരുന്നു.
അന്ന് രവി സാർ എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ പറഞ്ഞ ഉത്തരം ശരിയായിരുന്നു. എന്നിട്ടും അയാൾ എന്നെ തല്ലിയതുകൊണ്ടാണ് അന്ന് ഞാൻ മനസ്സു നൊന്തു കരഞ്ഞു പോയത്.
രവി സാറിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഘടികാരം പതുക്കെ മുന്നോട്ട് നീങ്ങിത്തുടങ്ങി. 44 കുട്ടികളുള്ള ക്ലാസിലെ എല്ലാവരുടെയും നെഞ്ചിലെ താളമേളം പുറത്തു കേൾക്കാമായിരുന്നു.
എന്താണ് ഇനി സംഭവിക്കാൻ പോവുക.
ആജാനുബാഹുവായ ഉദയൻ രവി സാർ വരുമ്പോൾ വീണ്ടും എണീൽക്കാതിരിക്കുമോ.
അക്കാര്യം പലരും അടക്കം പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ ഉദയനെ നോക്കി. അവനിൽ യാതൊരു താളമേളവും ഞാൻ കണ്ടില്ല.
പക്ഷേ അവനും പതിവിൽ കവിഞ്ഞ് നിശബ്ദനായിരുന്നു.
കഴിഞ്ഞ പിരീഡ് കളിലും ക്ലാസുകളിലും ഒരു ടീച്ചറിന്റെ മുമ്പിലും അവൻ എണീറ്റ് നിന്നില്ല. നമസ്തേ പറഞ്ഞില്ല.
ഇന്ന് രണ്ടാം പിരീഡിൽ വന്ന സെബാസ്റ്റ്യൻ സാർ അവൻ എണീക്കാതിരുന്നപ്പോൾ അവന്റെ അടുത്ത് വന്ന് പറഞ്ഞു: നീയൊക്കെ പിൻസീറ്റിൽ ഇരുന്നു നശിച്ചു പോകേണ്ടവന്മാർ തന്നെയാണ് ഒരുത്തനും നന്നാവാൻ പോകുന്നില്ല ഒരിക്കലും.
