പിന്നീട് എപ്പോഴോ കരച്ചിൽ നിന്നു.
നാലാം പീരീഡ് സുമതി ടീച്ചർ വന്ന് എന്നെ ഉണർത്തിയപ്പോഴാണ് ഞാൻ ഉണർന്നത്.
സുമതി: എന്താ കുട്ടി, എന്തുപറ്റി, പനിയാണോ, എങ്കിൽ വീട്ടിൽ പോയിക്കൂടെ.
പോയി മുഖം കഴുകിയിട്ട് വാ.
എന്നൊക്കെ അവർ പറഞ്ഞു.
എന്റെ പുസ്തകങ്ങളെല്ലാം കണ്ണീരുകൊണ്ട് നനഞ്ഞിരുന്നു.
ഞാൻ എണീറ്റു വെളിയിൽ പോയിരുന്നു. ടീച്ചർ പോയതിനുശേഷം ആയിരുന്നു ഞാൻ ക്ലാസ്സിൽ കയറിയത്.
ഞങ്ങളുടെ ഹെഡ്മിസ്ട്രസ്, മുൻപ് ഗണിതശാസ്ത്രം ആയിരുന്നു അവരുടെ വിഷയം.
ഏഴാം പിരീഡ് കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ കുട്ടികളെല്ലാം അവരവരുടെ വീട്ടിലേക്ക് പോയി. ഞാൻ പോയില്ല ക്ലാസിൽ തന്നെ ഇരുന്നു. കുട്ടികളെല്ലാം പോയിക്കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ എണീറ്റ് സ്കൂൾ ഗ്രൗണ്ടിലേക്ക് വന്നു.
കുറെ നേരം അവിടെ നിന്നിട്ട് ഞാൻ ഓഫീസിലേക്ക് നടന്നു.
ഓഫീസിൽ കയറി ഞാൻ ഹെഡ്മിസ്ട്രസ്സിന്റെ അടുത്ത് ചെന്നു.
വളരെ ഭവ്യതയോടെ നമസ്തേ പറഞ്ഞു.
“എന്താ ബെല്ലടിച്ചിട്ടും വീട്ടിൽ ഒന്നും പോകണ്ടേ”
റൂട്ട് ത്രീ യുടെ സ്ക്വയർ എത്രയാണ് സാർ.
അങ്ങനെ ചോദിക്കുവാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ കുറെ നേരം കൂടി അവിടെ നിന്നു. അപ്പോഴാണ് രവി സാർ അങ്ങോട്ട് നടന്നടുക്കുന്നത് കണ്ടത്.
ഞാൻ അവിടെ നിന്നും വെളിയിലേക്ക് പോയി.
പിന്നെയും ആത്മാർഥത ഇല്ലാത്ത കുറെ ദിവസങ്ങൾ യാത്രപോലും ചോദിക്കാൻ നിൽക്കാതെ കടന്നു പോയി.
ആയിടക്കാണ് ഒരു വിദ്യാർത്ഥി കൂടി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നത്.
ഞങ്ങളെക്കാൾ പ്രായമുള്ള കറുത്ത തടിച്ച നീളമുള്ള ഒരു കുട്ടി. കൊമ്പുകൾ ഇല്ലെന്നുള്ള ഒരു കുറവ് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. കുട്ടിയെന്നൊന്നും പറയാൻ പറ്റില്ല. പോത്തുപോലെ മുഴുത്ത ഒരു സാധനം.
മറ്റേതോ സ്കൂളിൽ നിന്നും ടിസി വാങ്ങിച്ചു കൊണ്ടായിരുന്നു അവന്റെ വരവ് തന്നെ.
ഏറ്റവും പിന്നിലത്തെ സീറ്റിൽ ഞങ്ങളോടൊപ്പം ആയിരുന്നു അവൻ ഇരുന്നത്. എന്നെ തള്ളി നീക്കി ആദ്യത്തെ സീറ്റ് അവൻ സ്വന്തമാക്കി.
അതിൽ അവനോട് എനിക്കല്പം നീരസവും ഉണ്ടായിരുന്നു. പക്ഷേ എന്നെക്കാൾ ആരോഗ്യവും തടിയും പ്രായവുമുള്ള അവനെ കണ്ടപ്പോൾ എനിക്ക് അവനോട് വഴക്കിടാനുള്ള മനശക്തി കുറഞ്ഞു പോയിരുന്നു.
ഞങ്ങൾ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല അവന്റെ വരവും അവന്റെ പ്രവർത്തികളും.
ക്ലാസിലെന്നല്ല സ്കൂളിൽ തന്നെയുള്ള എല്ലാ കുട്ടികൾക്കും അവനെ ഭയമായിരുന്നു. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല. അവന്റെ കരുത്ത് തന്നെ.
ഉദയൻ എന്നായിരുന്നു അവന്റെ പേര്.
മുണ്ടുടുത്ത് കൊണ്ടുവരുന്ന ക്ലാസിലെ ഒരേ ഒരു വിദ്യാർത്ഥി അവനായിരുന്നു.
ആകെക്കൂടി അവൻ സംസാരിച്ചിരുന്നത് എന്നോട് മാത്രമായിരുന്നു. ഞാൻ അവനോട് ക്ലാസിൽ വരുന്ന ടീച്ചർമാരെ പറ്റിയെല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു.
