“പോയി സീറ്റിൽ കയറി ഇരിയെടാ കഴുതേ”
എന്നുപറഞ്ഞുകൊണ്ട് അയാൾ എന്റെ തോളിൽ പിടിച്ച് ഒരു തള്ളും കൂടി തന്നു.
രണ്ടുമൂന്ന് ദിവസത്തേക്ക് എന്റെ സഹപാഠിയായിരുന്ന എന്റെ ഉറ്റമിത്രമായിരുന്ന ഓമനക്കുട്ടൻ പോലും എന്നോട് ക്ലാസിൽ വച്ച് സംസാരിച്ചില്ല.
അടിയും ശകാരവും ഒക്കെ പിന്നീടും എനിക്ക് ധാരാളം കിട്ടിക്കൊണ്ടിരുന്നു.
ബുധനാഴ്ച മൂന്നാം പിരീഡ്. രവി സാറിന്റെ ക്ലാസ് ആണ്. വന്നു വന്നു മൂന്നാം പിരീഡ് എന്ന് വെച്ചാൽ എനിക്ക് ഒരു ശാപമായി മാറിയിരുന്നു.
അന്ന് രവി സാർ പലരോടും പല ചോദ്യങ്ങൾ ചോദിച്ചു. പലരും ഉത്തരം പറഞ്ഞില്ല. ചിലരെങ്കിലും ഉത്തരം പറഞ്ഞു പറയാത്തവർക്ക് അടിയും പറഞ്ഞവർക്ക് ഒന്നും കൊടുക്കാതെയും രവി സാർ അവസാനം എന്റെ അടുത്തും എത്തി.
രവിസാർ:അവൻ ഇരിക്കുന്നത് തന്നെ അവസാനത്തെ ബെഞ്ചിൽ. മടിയന്മാരുടെ ബെഞ്ചിൽ. എണീറ്റ് നിൽക്കെടാ. റൂട്ട് ത്രീയുടെ സ്ക്വയർ എത്രാടാ.
ഞാൻ: മൂന്ന്.
ഞാനൊന്നും ആലോചിക്കാതെ മറുപടി പറഞ്ഞു.
കുട്ടികളെല്ലാം കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
രവി സാർ എന്നെ ഒന്ന് നോക്കി.
രവിസർ: കണ്ടോടാ കുട്ടികൾ എല്ലാം നിന്നെ കളിയാക്കുന്നത്. നീ ഉത്തരം പറഞ്ഞാൽ മാത്രം മതി. അപ്പോഴേ കളിയാക്കാൻ തുടങ്ങും അവർ. സാർ എന്നെ വിട്ടിട്ട് ടേബിളിന് അടുത്തേക്ക് പോയി ചൂരൽ എടുത്തു.
എനിക്ക് വലിയ ഭയമൊന്നും തോന്നിയില്ല കാരണം ഒരു അടികൊണ്ട് കഴിഞ്ഞാൽ പിന്നെ എന്ത് ഭയക്കാൻ ആണ്. എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞു. ആ ഉത്തരം ശരിയാണ് എന്നാണ് എന്റെ തോന്നൽ. അടിക്കുന്നെങ്കിൽ അടിക്കട്ടെ.
അയാൾ ചൂരൽ കൈകൊണ്ട് എടുത്തപ്പോഴേക്കും ഞാൻ കൈ നീട്ടി നിന്നു. കുറേനേരം കൈ നീട്ടി നിന്നിട്ടും അയാൾ എന്റെ അടുത്തേക്ക് വന്നില്ല.
ഞാൻ എന്റെ സീറ്റിൽ നിന്നും ഇറങ്ങി വെളിയിലേക്ക് നിന്നു. ഒരുപക്ഷേ എന്റെ ചന്തിയിൽ തന്നെ പൊട്ടിക്കാൻ ആയിരിക്കും അയാളുടെ ഭാവം.
അതിനും എനിക്ക് വിഷമം ഒന്നും തോന്നിയില്ല.
ഞാനെന്റെ ഇരുപ്പിടത്തിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്നപ്പോഴേക്കും അയാൾ എന്റെ അടുത്തോട്ട് നടന്നടുത്തു.
രവിസാർ: ഇത് നിന്നെ നോക്കി കുട്ടികൾ ചിരിച്ചതിനുള്ള അടി.
അയാൾ എന്റെ കൈവെള്ളയിൽ തന്നെ രണ്ടടി അടിച്ചു. എന്നാൽ ഞാൻ പതിവിൽ നിന്നും വ്യത്യസ്തമായി കരഞ്ഞുപോയി.
വളരെ വേദനയോടെയുള്ള കരച്ചിൽ ആയിരുന്നു അത്. എന്റെ കണ്ണുനീർ ധാരയായി ഒഴുകി.
അപ്പോഴേക്കും മൂന്നാം പിരീഡ് തീരുന്നതിന്റെ ബെല്ലടിച്ചു. രവി സാർ ഇറങ്ങിപ്പോവുകയും ചെയ്തു.
ഞാൻ ടേബിളിൽ തല വെച്ച് കിടന്ന് കരഞ്ഞു.
കൂട്ടുകാരാരും എന്നെ സമാധാനിപ്പിച്ചില്ല. എന്റെ ഉറ്റ ചങ്ങാതിയായി ഞാൻ കണ്ട ഓമനക്കുട്ടൻ പോലും എന്നോട് ഒരു വാക്കു പറഞ്ഞില്ല.
