ഉദയനായിരുന്നു താരം [Dinesh Vasudevan] Like

ശനി എന്നെ മുറുകെപ്പിടിച്ചിരുന്നതിനാൽ ഏതൊരു കാര്യത്തിൽ ഇടപെട്ടാലും ആദ്യം തിരിച്ചടികൾ ആയിരുന്നു ഉണ്ടായികൊണ്ടിരുന്നത്.

ഒരു ദിവസം ഞാൻ പിശാച് ആയി കണ്ടിരുന്ന ഗണിതശാസ്ത്ര വിദഗ്ധൻ രവി സാർ മൂന്നാമത്തെ പിരീഡിൽ ക്ലാസ്സിൽ എത്തി.

ഗണിതശാസ്ത്രത്തിലെ സദാസത്യവാക്യം എന്ന പാഠം പഠിപ്പിക്കുകയായിരുന്നു രവി സാർ. ഞാൻ അടുത്തിരുന്ന ഓമനക്കുട്ടൻ എന്ന സഹപാഠിയോട് എന്തോ ഒന്ന് സംസാരിച്ചു.

മാവേൽ കയറാൻ ഇരുന്ന കുരങ്ങിന്റെ മുമ്പിൽ ഏണി ചാരിയത് പോലെ രവി സാർ വടിയുമായി എന്റെ അടുത്തേക്ക് വന്നു. അയാൾ എന്നോട് എഴുന്നേറ്റ് നിൽക്കാൻ കൽപ്പിച്ചു.

എന്നോടൊപ്പം പേടിച്ചരണ്ട ഓമനക്കുട്ടനും എണീറ്റ് നിന്നു.

അടികൊണ്ടു കൊണ്ട് കയ്യും കാലും ഒക്കെ തഴമ്പിച്ചിരുന്ന എനിക്ക് രവി സാറിനോട് വലിയ ഭയം ഒന്നും തോന്നിയിരുന്നില്ല. ഒരു അടിയുടെ വേദന ഇത്രയേ ഉള്ളൂ എന്ന് ഞാൻ പതുക്കെ പഠിച്ച് പഠിച്ച് വന്നിരുന്നു.

എന്നാൽ ഓമനക്കുട്ടന്റെ സ്ഥിതി അതായിരുന്നില്ല.

അവൻ നിക്കറിനുള്ളിൽ മുള്ളിയോ എന്ന് ഞാൻ പതുക്കെ കുനിഞ്ഞുനോക്കി.

അപ്പോഴേക്കും രവി സാർ അലറി കൊണ്ടു പറഞ്ഞു.

നീ അവിടെ ഇരിക്കൂ ഇവൻ മാത്രം നിന്നാൽ മതി. ഓമനക്കുട്ടനോടായിരുന്നു അയാൾ അത് പറഞ്ഞത്.

പുലിമടയിൽ നിന്നും രക്ഷപ്പെട്ട മാൻപേട പോലെ ഓമനക്കുട്ടൻ ബെഞ്ചിലേക്ക് പോത്തോ എന്നിരുന്നു.

നിന്നെ അടിച്ചത് കൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അയാൾ എന്റെ ചെവിക്ക് പിടിച്ച് ടേബിളിന് അടുത്തേക്ക് കൊണ്ടുവന്നു.

എന്നെ അയാൾ കുട്ടികൾക്ക് അഭിമുഖമായി നിർത്തിയിട്ട് കുനിഞ്ഞു നിന്ന് ഇരുകൈകൾ കൊണ്ടും പേരുവിവരലുകളിൽ പിടിക്കുവാൻ പറഞ്ഞു.

എന്നെ അങ്ങനെ നിർത്തിക്കൊണ്ട് അയാൾ മറ്റുള്ളവരെ കണക്കു പഠിപ്പിക്കാൻ തുടങ്ങി.

10 മിനിറ്റോളം ഞാൻ ഒരു വിധം ഒക്കെ പിടിച്ചുനിന്നു. അത് കഴിഞ്ഞപ്പോഴേക്കും എനിക്ക് വളരെ അസ്വസ്ഥത തോന്നി.

ഞാൻ മൂക്കുകുത്തി നിലത്ത് വീണുപോകും എന്ന് എനിക്ക് തോന്നി.

എങ്കിലും ഞാൻ നിയന്ത്രിച്ച് കുറെ നേരം കൂടി അങ്ങനെതന്നെ നിന്നു.

അതിനുമുമ്പ് തന്നെ ഞാൻ നിലത്ത് വീഴുമെന്ന് ഉറപ്പിച്ചിരുന്ന രവി സാറിന് അന്ന് തെറ്റുപറ്റി.

ദേഷ്യം വന്ന അയാൾ എന്നെ പിടിച്ചു നിവർത്തി നിർത്തിയിട്ട് എന്റെ കൈവെള്ളയിൽ ആറു പ്രാവശ്യമാണ് ചൂരൽ കൊണ്ട് അടിച്ചത്. ആറായിരുന്നോ അതോ ഏഴായിരുന്നോ എന്ന് ഇന്നും നിശ്ചയം ഇല്ല.

ആ അടികളൊക്കെ കൊണ്ടിട്ട് ഞാൻ കൈ പിന്നോട്ട് വലിച്ചില്ല.

ഇനിയുമുണ്ടെങ്കിൽ അടിക്കടോ എന്ന ഭാവത്തിൽ  ഞാൻ കൈനീട്ടി തന്നെ നിന്നു.

അത് അയാൾക്ക് ഒന്നുകൂടി ദേഷ്യം ഉണ്ടാക്കി കാണുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *