ഈസ്റ്റർ ലില്ലി 19

“ഓ… അതല്ലാന്നേ… നമുക്കൊരുമിച്ച്… ഒരു വീട്ടീന്ന് വന്ന് പ്രാർഥന കൂടണമെന്ന്.”

“അത്രേയുള്ളോ… അടുത്ത ഈസ്റ്ററിന് തലേദിവസം നീ വീട്ടിലേക്ക് പോരെ. പിറ്റേന്ന് നമുക്കൊരുമിച്ച് പള്ളിയിൽ വരാം.”

“ഈ മനുഷ്യൻ… ഞാനതൊന്നുവല്ല പറഞ്ഞത്…”

അവൾക്ക് ശുണ്ഠി വന്നുതുടങ്ങി.

“പിന്നെന്തുവാ..? നീ തെളിച്ച് പറ.”

“എനിക്കറിയാം എന്നെ കളിപ്പിക്കുവാന്ന്. ഞാൻ പറയുന്നതെല്ലാം മനസിലാകുന്നൊണ്ട്. എന്നാലും അറിയാത്ത പോലഭിനയിക്കുവാ ഇങ്ങേര്…”

ചൂണ്ടുവിരൽ കൊണ്ടവളെന്റെ നെഞ്ചിലൊരു കുത്ത് തന്നു.

“നീ പറയാതെ ഞാനെങ്ങനാ അറിയുന്നേ… ഒന്ന് പറ എന്തുവാന്ന്. നേരം പോകുന്നു.”

“ഞാൻ നമ്മുടെ കല്യാണത്തിന്റെ കാര്യവാ പറഞ്ഞതെന്റെ ഇച്ചായാ… അടുത്ത ഈസ്റ്ററിന് മുമ്പ് നടത്തണം.”

അവളെന്റെ കവിളത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്താ ഇത്രയ്ക്ക് ധൃതി..? നമുക്ക് കുറച്ചുനാൾ കൂടിയിങ്ങനെ പ്രേമിച്ച് നടന്നിട്ട് പോരേടീ…”

ഞാൻ വെറുതെ ചോദിച്ചു.

“അങ്ങനെന്റെ മോനിപ്പം സുഖിക്കണ്ടാ… ഈയിടെയായിട്ട് ഇച്ചിരി ഒഴപ്പാന്ന് ഞാനറിഞ്ഞു. ചുമ്മാ കറങ്ങിയടിച്ചു നടക്കുവാന്നും സമയത്തിനും കാലത്തിനും വീട്ടിൽക്കേറത്തില്ലെന്നും ഒക്കെ. ഞാൻ വന്നുകഴിഞ്ഞാ കുറച്ച് അടക്കോം ഒതുക്കോമൊക്കെ ഉണ്ടാവും. ഇനിയിങ്ങനെ കാളകളിച്ച് നടക്കാൻ ഞാൻ വിടത്തില്ല.”

“അതേ… ഒരു സംശയം…”

ഞാനവളെ തോണ്ടി വിളിച്ചു.

“ങും എന്താ…?”

“ഇവിടിപ്പം ഞാൻ നിന്നെയാണോ കെട്ടുന്നേ അതോ നീയെന്നെയാണോ…”