“കള്ളൻ… കള്ളൻ…” അവർ ആർത്തു വിളിച്ചു. അവന്റെ കുറ്റം അവൻ തന്നെ ഏറ്റുപറഞ്ഞിരിക്കുന്നു… ഇനിയും മറ്റൊരു തെളിവെന്തിന് ?
“പകൽ മുഴുവൻ ഈ കാട്ടിലെ ഗുഹയിൽ നീ ഒളിച്ചിരിക്കുന്നതെന്തിനാണ്..?”
അവർ ചോദ്യത്തോടൊപ്പം ഭേദ്യവും കൂടി തുടങ്ങിയിരുന്നു.
അടുത്ത നിമിഷം അവന്റെ ചേഷ്ടകളിൽ പെട്ടെന്ന് വ്യത്യാസം വന്നു… കണ്ണുകൾ ആൾക്കൂട്ടത്തെ ഭയത്തോടെ നോക്കി… അപ്പോൾ അവനൊരു ചിത്തരോഗിയെ പോലെ കാണപ്പെട്ടു.
“എനിക്ക് പേടിയാണ്…”
അവനെ ഒറ്റിക്കൊടുത്ത, മുതൽ സൂക്ഷിപ്പുകാരെ അവനൊന്നു ദയനീയമായി നോക്കി…
“എനിക്ക് പേടിയാണ് നിങ്ങളെ… പരിഷ്‌ക്കാരികളായ നാട്ടുമനുഷ്യരെ… എനിക്ക് പേടിയാണ്… അവർ ഒരിക്കൽ എന്നെ…”
ആ ഓർമ്മയിൽ അവൻ വിറയലോടെ തന്നിലേക്ക് തന്നെ ചുരുണ്ടു കൂടി..
“ഹഹഹ…”
ആ മറുപടിയിൽ അവർ അവാച്യമായ ആനന്ദം കണ്ടെത്തി. അതവർക്കിഷ്ടമായി. ഇവൻ കാട്ടുവാസി… പരിഷ്‌ക്കാരമില്ലാത്തവൻ.. ഇരുണ്ട തൊലി നിറമുള്ളവൻ… മൃഗ തുല്യൻ… മൃഗങ്ങളെപ്പോലെ തന്നെ കരുതേണ്ടവൻ..
“അപ്പോൾ കാട്ടുമൃഗങ്ങളെ നിനക്ക് പേടിയില്ലേ?” മറ്റൊരുവൻ ചോദിച്ചു.
“ഇല്ല.”
അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.
“ഹഹഹ…”
അവർ അവനെ വീണ്ടും കളിയാക്കി. “നീയും അവരിലൊരാൾ, പിന്നെന്തിനു പേടിക്കണം അല്ലേ?…”
ചിലർ പിന്നിൽ നിന്നും അവനെ ചവിട്ടി. മറ്റു ചിലർ അവന്റെ മേൽ അസഭ്യം ചൊരിഞ്ഞു… മുഖത്തേറ്റ ഒരടിയിൽ അവന് ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി.
അവർ അവന്റെ ഉടുവസ്ത്രമുരിഞ്ഞു, കൈകൾ തമ്മിൽ പിണച്ചുകെട്ടി… ഉന്തിലും തള്ളിലും ബട്ടണുകൾ നഷ്ടപ്പെട്ട മേൽക്കുപ്പായം എല്ലുന്തിയ നെഞ്ചിൻ കൂടിനെ തുറന്നു കാണിച്ചു. ശക്തമായ ഒരു ചവിട്ടിൽ അവൻ മുന്നോട്ടു തെറിച്ചുവീണു… അവന്റെ വാരിയെല്ലുകൾ നുറുങ്ങി… അതീവ വേദനയോടെ അവൻ ഞരങ്ങി. അവർ അവനെ താങ്ങി എഴുന്നേൽപ്പിച്ചു… പിന്നെ ഭാരമേറിയ ഒരു ഭാണ്ഡം അവന്റെ മുതുകിൽ വച്ച് നടക്കുവാനാജ്ഞാപിച്ചു…
“നടക്ക് ന്യായാധിപന്റെ മുൻപിലേക്ക്.” അവൻ ദയനീയമായ മുഖത്തോടെ അവരെ നോക്കി കൈകൾ കൂപ്പി. ഒന്നും ചെയ്യരുതെന്ന് യാചിച്ചു.
തലയ്ക്കു പിന്നിൽ ശക്തമായ ഒരടിയായിരുന്നു അതിന് മറുപടി. അവന്റെ തലയിൽ പൊന്നീച്ച മൂളി… മുതുകിലേറ്റിയ ഭാരത്തോടെ അവൻ താഴേക്കു വീണു.
“എഴുന്നേൽക്ക്.” അവർ വീണ്ടും കല്പിച്ചു. ആരോ അവനെ താങ്ങി. വീണ്ടും ഭാരം മുതുകിലേറ്റി അവൻ ഏന്തി ഏന്തി നടന്നു..
കുഴഞ്ഞു വീണപ്പോഴൊക്കെയും അവർ അവനെ താങ്ങി എഴുന്നേൽപ്പിച്ച് വീണ്ടും വീണ്ടും ഭാരം മുതുകിൽ കയറ്റിവെച്ചു…
“വെള്ളം… വെള്ളം…” എന്ന് കരഞ്ഞപ്പോൾ നാവിന് എത്തിപ്പിടിക്കാൻ കഴിയാത്ത അകലത്തിൽ വെള്ളം നിലത്തേക്ക് വീഴ്‌ത്തി പൊട്ടിച്ചിരിച്ചു. പിന്നെയത് തലയിലേക്ക് കമഴ്‌ത്തി ആനന്ദ നൃത്തം ചെയ്തു.
വളരെ നല്ലൊരു കഥ.. കഥയല്ല, ചുറ്റിനുമുള്ള വസ്തുതകളുടെ നേർക്കാഴ്ചകൾ തന്നെയാണ് ..
വായിച്ചു തീരുന്നത് വരെ ആ കഥാപാത്രത്തിന് ഒരേയൊരു മുഖമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു…
എന്നെങ്കിലും ഈ കമന്റുകൾ കാണുന്നുണ്ടെങ്കിൽ ഇനിയൊരു കഥയുമായി വരണമെന്നേ പറയാനുള്ളൂ..