ഇവരോട് ക്ഷമിക്കേണമേ 18

Author : Sunil Tharakan

അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു…

ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു… തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു… നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു… ഒടുവിൽ അവൻ ജീവൻ വെടിയുന്നതിനു മുൻപും ഇത്രമാത്രം ഉരുവിട്ടു. “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ.”

*********

വിചാരണക്കാരുടെ മുൻപിൽ അവൻ നിഷ്കളങ്കമായ ചിരിയോടെ നിന്നു.

“നീ മോഷ്ടിച്ചുവോ?”

മുൻപിൽ നിന്നയാൾ അവനോടു  ചോദിച്ചു.

“എന്ന് നിങ്ങൾ തന്നെ പറയുന്നു. ”

“തൊണ്ടി മുതലുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ?”

ഞാനെപ്പോഴും നിങ്ങളുടെ നടുവിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഒരു കൊടും കുറ്റവാളിയെ തേടി വരുന്നതുപോലെ വടിയും കോലുമായി, എനിക്കവകാശപ്പെട്ട ഈ മണ്ണിലേക്കുതന്നെ നിങ്ങളെന്നെ തേടിവരികയും തൊണ്ടിമുതൽ അന്വേഷിക്കുകയും ചെയ്യുന്നു. എന്റെ  കൂടെയുണ്ടായിരുന്നവർ, എന്റെ തോട്ടം സംരക്ഷിക്കേണ്ടവർ തന്നെ എന്നെ നിങ്ങൾക്ക് ഒറ്റു തന്നിരിക്കുന്നു… പ്രവേശിക്കുവാൻ അനുമതിയില്ലാത്തിടത്തേക്ക്‌ അതിക്രമികളെ പോലെ നിങ്ങൾ കടന്നു കയറിയിരിക്കുന്നു.

എന്താണ് നിങ്ങൾക്ക് കാണേണ്ടത് ? ഞാൻ മോഷ്ടിച്ച വസ്തുക്കളോ? അപഹരിച്ചു സൂക്ഷിച്ചിരിക്കുന്ന നിധിശേഖരങ്ങളോ? വരിൻ. ഈ പാറയിടുക്കിലാണ് ഞാൻ അവയെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. നിങ്ങളുടെ ന്യായത്തിന്റെ  ടോർച്ചു ലൈറ്റുകൾ ഇരുട്ടിന്റെ മറനീക്കി അവയെല്ലാം പരിശോധിച്ചു കണ്ടുപിടിക്കട്ടെ…

അവർ അവിടെ ആകമാനം പരിശോധിച്ചു. വിലപിടിപ്പുള്ളതൊന്നും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല, ഒരു പഴയ പ്ലാസ്റ്റിക് സഞ്ചിയല്ലാതെ. അവരുടെ കഴുകൻ കണ്ണുകൾ, കുടഞ്ഞിട്ട ഓരോ വസ്തുക്കളിലും സൂക്ഷ്‌മ പരിശോധന നടത്തി. ഒരു നാഴി അരി. അല്പം മല്ലി…

അവർ തൊണ്ടി മുതൽ കണ്ടെത്തിയ സന്തോഷത്തിൽ ചോദിച്ചു :

“ഇവയെല്ലാം നിനക്ക് എവിടുന്ന് കിട്ടി? ”

“ഈ അരിയും മല്ലിയുമൊ?”

“ചിലപ്പോൾ ഞാൻ ഇരന്നു വാങ്ങി… കിട്ടാതെ വന്നപ്പോൾ… വിശപ്പു സഹിക്കാതെ വന്നപ്പോൾ ചിലപ്പോഴൊക്കെ ചോദിക്കാതെയും…”

Updated: June 13, 2018 — 9:24 pm

1 Comment

  1. വളരെ നല്ലൊരു കഥ.. കഥയല്ല, ചുറ്റിനുമുള്ള വസ്തുതകളുടെ നേർക്കാഴ്ചകൾ തന്നെയാണ് ..
    വായിച്ചു തീരുന്നത് വരെ ആ കഥാപാത്രത്തിന് ഒരേയൊരു മുഖമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു…
    എന്നെങ്കിലും ഈ കമന്റുകൾ കാണുന്നുണ്ടെങ്കിൽ ഇനിയൊരു കഥയുമായി വരണമെന്നേ പറയാനുള്ളൂ..

Comments are closed.