Echan in Kalip Mode by Bindhya Vinu
“നീ പൊയ്ക്കോടീ..എന്നെയിട്ടേച്ച് ” ഒരു വഴക്കിന് തിരികൊളുത്തി നിന്ന് വെളിച്ചപ്പാട് തുള്ളുന്ന ഇച്ചായനെ കണ്ടപ്പൊ ദേഷ്യമല്ല ഒന്നു കൊഞ്ചിക്കാനാണ് തോന്നിയത്.
“യ്യോ അങ്ങനെ ഞാൻ പോയാല്‍ എനിക്ക് ആരൂല്ലാണ്ടാവൂല്ലോ കുഞ്ഞോനേ”
ഒന്ന് അനുനയിപ്പിക്കാൻ നോക്കിയിട്ടും ഒറ്റപ്പൂരാടം പോലെ നിന്ന് കലിതുള്ളത് കണ്ടു ചിരിപൊട്ടി.പക്ഷേ അതിന്റെ ആഫ്റ്റർ എഫക്റ്റ് കഠൂരമാണെന്നറിയാവുന്ന കൊണ്ട് തികട്ടി വന്ന ചിരി ഞാനങ്ങ് വിഴുങ്ങി.
“അല്ലേലും എനിക്കെന്റെ കുഞ്ഞിപ്പെണ്ണേയൊള്ള്”
ഈശ്വരാ ഇങ്ങേര് എന്നെ മടുത്ത് വേറേ പൊറുതി വെല്ലതും തൊടങ്ങ്യോ.ഇതേതാണീ പുതിയ ഐറ്റമെന്നോർത്ത് കണ്ണും മിഴിച്ച് നിന്ന് ഞാൻ ചോദിച്ചു
“അതേതാണവള് ഇച്ചുപ്പൊന്നേ”
“ഞാനാര്ടേം പൊന്നല്ല..ന്റെ പൂച്ചേനെ ഞാൻ തോന്ന്യത് വിളിക്കും..നീയാരാ ചോദിക്കാൻ ഹും”. മുത്തപ്പാ ആശ്വാസമായി.കുഞ്ഞിപ്പെണ്ണ് വീട്ടിലെ പൂച്ചയാണ്.ഇന്നലെ വരെ അതിനെ എടി അലവലാതീന്ന് വിളിച്ചോണ്ടിരുന്ന ചെക്കനാ.ഇതിപ്പം എന്നോടുള്ള ദേഷ്യം കാരണം ആ പാവം മിണ്ടാപ്രാണിക്ക് ഒരു പേര് കിട്ടി.
“ഞാൻ വന്നിട്ടീ നേരായി..ഇത് വരെയായിട്ട് നിനക്കൊന്ന് എന്റടുത്തിര്ന്ന് മിണ്ടാൻപറ്റ്യോ.ഇവ്ടെ അതിന് മാത്രം എന്ത് മലമറിക്കണ പണിയാ നിനക്ക്.എനിക്കറിയാ അല്ലേലും ഞാൻ ഒറ്റയാ.”ഒറ്റയല്ല..ഒറ്റയാനാണ് എന്ന് തിരുത്താൻ നാവ് വളച്ചെങ്കിലും ഓടിക്കൊണ്ടിരിക്കണ തീവണ്ടിക്ക് ആരും തല വെക്കില്ലല്ലോ എന്ന് കരുതി മൗനം പാലിച്ചു .
“എനിക്കറിയാടീ നീയെന്നതാ ഇപ്പൊ മനസില്‍ വിചാരിച്ചേന്ന് അതേടി ഞാനൊറ്റയാനാ.കാട് മുഴ്വൻ സ്വന്തായ്ട്ട് ഒണ്ട്.പക്ഷേ..” അത്ഭുതമാണ് തോന്നിയത്.എന്റെ മനസ് വായിച്ചത് കണ്ട്.
പൊന്നുവിന്റെ ഇച്ഛൻ ആള് കൊള്ളാം