1
സമയം എല്ലാം മായിക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണ് . ചില ഓർമ്മകളും ആഗ്രഹങ്ങളുമൊന്നും അങ്ങനെ മാഞ്ഞു പോവത്തില്ല . കഴിഞ്ഞ മാസമാണ് രഘു സാറിൻ്റെ വീട്ടിൽ ടൈലിൻ്റെ പണിക്കു പോയത്. സാറിനെ കണ്ടപ്പോൾ വർഷങ്ങൾ ഒറ്റയടിക്ക് പുറകോട്ടു പോകുന്നത് പോലെ തോന്നി. പുസ്തകത്തിലെ താളുകൾ മറിയുന്നത് പോലെ ജീവിതം എൻ്റെ കൺമുന്നിലൂടെ ഓടി. അതിൽ ഞാൻ കണ്ട കുട്ടി സാം എന്നോട് ചോദിക്കേണ്ട ചോദ്യമാണ് രഘു സാർ ചോദിച്ചത്.
“നീയെന്താ സാമെ ഇവിടെ?”
അപ്രതീക്ഷിതമായി എന്നെ കണ്ട സാറിൻ്റെ ശബ്ദം ഇടറിയിരുന്നോ?
ഉത്തരമൊന്നും പറയാനാവാതെ ചിരിച്ചു കൊണ്ട് നിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു.
ഞാൻ പഠിച്ച് വലിയ ഏതെങ്കിലും നിലയിലൊക്കെ എത്തിക്കാണും എന്നായിരിക്കും സാറ് വിചാരിച്ചിരിക്കുക, അല്ലാതെ ഇങ്ങനെ മുകളിലത്തെ നിലയിൽ ടൈൽ വിരിക്കാൻ വരുമെന്ന് കരുതി കാണില്ല. കറ പിടിച്ച് ചെറുതായി കീറിയ ഷർട്ടും പാൻ്റുമിട്ട് പൊടി പിടിച്ച എന്നെ കണ്ടപ്പോൾ ഗ്രൗണ്ടിൽ കളിക്കാൻ പോയി പൊടിയിൽ കുളിച്ച് കയറി വരുന്ന എന്നെയാകുമോ സാറിന് ഓർമ്മ വന്നിട്ടുണ്ടാകുക? താടിയും മീശയുമൊക്കെ വെച്ച് ആറടി ഉയരത്തിൽ വളർന്നു നിക്കുന്ന എന്നെ , ആ പഴയ സ്കൂൾ കുട്ടിയായി സങ്കൽപിക്കാൻ സാറിന് ബുദ്ധിമുട്ട് തോന്നിക്കാണും. സാറിനെ കുറ്റം പറയാൻ പറ്റില്ല, ഈയിടെയായി കണ്ണാടിയിൽ നോക്കുമ്പോൾ പലപ്പോഴും എനിക്ക് തന്നെ എന്നെ മനസിലാകാറില്ല. ഞാൻ എൻ്റെ കയ്യിലേക്ക് നോക്കി, പണ്ട് എപ്പോഴും മഷിക്കുത്തുകൾ കാണപ്പെട്ടിരുന്ന കൈ . ഇപ്പോൾ അതിനു പകരം കട്ടറു പിടിക്കുന്നതിൻ്റെ തഴമ്പേ കയ്യിലുള്ളു.
എന്നെ ഇങ്ങനെ കാണുമെന്നു ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവാം സാറിൻ്റെ കണ്ണൊക്കെ നിറഞ്ഞു. കുറച്ചു നേരം പുള്ളി എൻ്റെ കയ്യിൽ പിടിച്ചങ്ങനെ നിന്നു. പിന്നെ എന്നെ പിടിച്ചിരുത്തി എൻ്റെ കഥകൾ ഒക്കെ ചോദിച്ചറിഞ്ഞു. എല്ലാം കേട്ടിട്ട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ഒന്നും അറിയിച്ചില്ലെന്നും പറഞ്ഞ് പുള്ളി പരിഭവപ്പെട്ടു. അതിന് എനിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പണ്ടേ അമ്മ പഠിപ്പിച്ചതാണ്, നമ്മുടെ കുറവുകളൊക്കെ നമ്മളറിഞ്ഞാൽ മതി , വെറുതെ അതിൻ്റെ ഭാരം വേറാരെയും അറിയിക്കേണ്ടതില്ലെന്ന്. അമ്മ പറഞ്ഞത് ശരിയാണെന്ന് അറിയാവുന്ന കൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ് പഠിക്കാൻ പറ്റില്ല എന്നായപ്പോൾ ആരോടും ഒന്നും ചോദിക്കാനും പറയാനും നിക്കാതെ ടൈലിൻ്റെ പണിക്കിറങ്ങിയത്. ആ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് പലപ്പോഴും ആലോചിച്ച് നോക്കിയിട്ടുണ്ടെങ്കിലും അന്ന് പഠിക്കാൻ പോയിരുന്നേൽ പട്ടിണിയാകുമായിരുന്നു എന്ന യാഥാർത്ഥ്യത്തിന് മാറ്റമൊന്നും വരാൻ പോകുന്നില്ലല്ലോ. രഘു സാറിനോടൊക്കെ അന്നേ പറഞ്ഞിരുന്നെങ്കിൽ ഈ ടൈലിൻ്റെ പൊടിയൊന്നും ശ്വസിക്കണ്ടാത്ത നല്ല വല്ല പണിക്കും പോകാമായിരുന്നു. എന്തായാലും അതിൻ്റെയൊക്കെ സമയം കഴിഞ്ഞു പോയി.
“സമയം പോയീന്ന് നീയാ തീരുമാനിക്കുന്നെ?”
സാർ അൽപം ദേഷ്യത്തോടെ ചോദിച്ചു.
”പിന്നെ?”
ഞാൻ സംശയത്തോടെ ചോദിച്ചു.
“നീയിപ്പോൾ പ്ലസ്ടു കഴിഞ്ഞിട്ടെത്ര വർഷമായിട്ടുണ്ടാവും , മൂന്നോ അതോ നാലോ ?”
” മൂന്നോ … അഞ്ച് വർഷായി സാറെ… ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. വയസനായി എന്ന തോന്നലു കൊണ്ടോ എന്തൊ സാറ് കുറച്ചു നേരം ആലോചിച്ച ശേഷം പറഞ്ഞു
“ എന്നാലും കുഴപ്പമൊന്നുമില്ല , പഠിക്കാൻ പോകാനൊക്കെ ഇനിയും സമയമുണ്ട് ”
സാറിനു വട്ടായോ എന്ന അർത്ഥത്തിൽ ഞാൻ പുള്ളിയെ തുറിച്ചു നോക്കി
” ങൂം… എന്തെ ?”
മറുപടിയൊന്നും കിട്ടാത്ത കൊണ്ട് സാറ് പുരികം ഉയർത്തി ചോദിച്ചു. പെട്ടെന്ന് പണ്ട് സാറെന്നെ ക്ലാസിൽ എഴുന്നേപ്പിൽപിച്ച് നിർത്തി ചോദ്യം ചോദിക്കുന്ന പോലെയാണെനിക്ക് തോന്നിയത്.
” പഠിക്കാൻ പോവാനോ ? ഞാനോ ? ഈ പ്രായത്തിലോ?”
ചിരി അടക്കാനാവാതെ ഞാൻ ചോദിച്ചു.
“എന്താ നീ പഠിക്കാൻ പോയാൽ പഠിപ്പ് നടക്കൂലെ?”
സാറ് തമാശ പറയുകയല്ലെന്ന് എനിക്ക് മനസിലായി
“എൻ്റെ സാറെ ഇനിയതൊന്നും നടക്കൂല. പ്രായം ഒക്കെ വിടാന്ന് വെച്ചാ പോലും അതിൻ്റെ ടച്ച് ഒക്കെ വിട്ട് പോയില്ലെ സാറെ, ഇടക്ക് യൂടൂബിൽ ചെല വീടിയോസ് ഒക്കെ കണ്ടു നോക്കും ഒന്നും മനസിലാവത്തില്ല. അതാ പറയുന്നേ ഇനിയും പഠിക്കാൻ പോവാന്നുളളതൊന്നും നടക്കണ കേസല്ല”
ഞാൻ സാറിനെ എങ്ങനേലും ഒഴുവാക്കി വിടാൻ ദയനീയമായ സ്വരത്തിൽ പറഞ്ഞു.
” ഒന്നും മനസിലാവുന്നില്ലാന്നൊക്കെ നീയങ്ങ് പറയല്ലെ, നീ വിചാരിച്ചിലൊക്കെ നടക്കുന്നതെയുള്ളു ”
സാറ് അങ്ങനെ പറഞ്ഞത് ഒരു തമാശയായെ ഞാൻ എടുത്തൊള്ളൂ. പലപ്രാവശം വെറുതെ ഇനിയും പഠിക്കാൻ പോവുന്നതിനെ പറ്റി പകൽ കിനാവു കാണാറുണ്ടെങ്കിലും അതൊന്നും ഇനി പറ്റൂലാന്ന് ഉള്ളിൻ്റുള്ളിൽ എനിക്കറിയാമായിരുന്നു. കുറേ നിർബന്ധിച്ചിട്ടും ഞാൻ ഓരോ ഒഴിവു കഴിവു പറഞ്ഞൊഴിയാൻ നോക്കിയതോടെ സാറ് പിന്നൊന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചു കൊണ്ട് മൂപ്പര് മാറി പോയി. പാവം താൻ പഠിപ്പിച്ച കുട്ടിയാണ് പണിക്ക് വന്നേന്ന് ആലോചിക്കുമ്പോൾ നാണക്കേട് തോന്നുണ്ടാവും.
അതിനു ശേഷം സാറ് എൻ്റെയെടുത്ത് അക്കാര്യത്തെ പറ്റി പറഞ്ഞ് വരാതിരുന്നപ്പോൾ പുള്ളി അത് വിട്ടെന്നാണ് ഞാൻ കരുതിയത്. സാറിൻ്റെ വീട്ടിൽ രണ്ടു ദിവസം കൂടി പണിയുണ്ടായിരുന്നു. പണിയെല്ലാം തീർത്ത് പോകാൻ നിക്കുമ്പോഴാണ് സാറ് അക്കാര്യം വീണ്ടും എടുത്തിട്ടത്. ഇത്തവണ സുരേഷേട്ടനെയാണ് സാറ് ചാക്കിട്ടത്.
സുരേഷേട്ടൻ്റെ കീഴിലാണ് ഞങ്ങൾ പണിയെടുക്കുന്നത്. പത്തു മുപ്പത്തഞ്ച് വയസ്സുണ്ടെങ്കിലും ആളെ കണ്ടാൽ ഇപ്പോഴും മുപ്പത് കഴുഞ്ഞൂന്ന് പറയില്ല. ആ വെട്ടിയൊതുക്കിയ താടിയും നീളൻ നെറ്റിയും എല്ലാം കൂടി പുള്ളിയെ കാണുന്നതേ ഒരു ഐശ്വര്യമാണ്. ഞാൻ കാടുപോലെ വളർന്നിരിക്കുന്ന എൻ്റെ താടിയിൽ ഒന്ന് തടവി നോക്കി, വല്ല കടുവയേയോ പുലിയേയോ ഒക്കെ ഇതിൽ നിന്ന് കിട്ടിയാലും അൽഭുതപ്പെടാനില്ല.
” ഇവനെ ഇങ്ങനെ വിട്ടാൽ മതിയോ ?”
എന്നെ ചൂണ്ടിക്കാട്ടി സാറത് പറഞ്ഞപ്പോൾ എൻ്റെ കല്യാണ വിഷയമാകും എന്നു കരുതിയാകും സുരേഷേട്ടൻ സാറിനെ ഇളിച്ച് കാണിച്ചത്. പക്ഷെ എന്നെക്കൂടി ആ കഴിയിൽ ചാടിക്കാന്നുള്ള പുള്ളിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് രഘു സാറ് തുടർന്നു
” പഠിക്കാൻ നല്ല കഴിവുള്ള ചെറുക്കനാ ഇവിടെ നിർത്തി വെറുതെ ഇവൻ്റെ ഭാവി കളയണോ?”
സാറ് എൻ്റെ കഞ്ഞിയിൽ പാറ്റയിടാനാണ് നോക്കുന്നതെന്ന് മനസിലായ ഞാൻ രക്ഷപ്പെടാനായി ചിരിച്ച് കൊണ്ട് പറഞ്ഞു
“സാറിത് വരെയത് വിട്ടില്ലേ….”
” നീ മിണ്ടണ്ടാ ”
സാർ എന്നെ നോക്കി കലിപ്പിൽ പറഞ്ഞു. അത് ശരി എൻ്റെ കാര്യത്തിൽ എനിക്ക് മിണ്ടാൻ പാടില്ലേ…
” സാറ് പറയുന്നതൊക്കെ കാര്യാണ്, പിന്നെ പണ്ടിവൻ വന്ന് ഒരു ജോലി ചോയിച്ച് വന്നപ്പോൾ ഇവൻ്റെ അവസ്ഥ അറിയാവുന്ന ഞാനെങ്ങനെയാ സാറെ മറുത്ത് പറയാ….?”
സുരേഷേട്ടൻ എൻ്റെ മുഖത്തേക്ക് നോക്കിയാണത് പറഞ്ഞത്. ശരിയാണ് ജീവിതം കൊണ്ട് എന്ത് ചെയ്യണം എന്നൊരു ഐഡിയയുമില്ലാതെ ചെന്ന് നിന്നത് സുരേഷേട്ടൻ്റെ വീട്ടുമുറ്റത്താണ്. അന്ന് വിശന്നു ചെന്ന എനിക്ക് ചോറ് വിളമ്പി തന്ന ഉഷേച്ചിയാണ് ഭർത്താവായ സുരേഷേട്ടനോട് പറഞ്ഞ് എന്നെ പുള്ളിയുടെ കൂട്ടത്തിൽ ചേർത്തത്. എല്ലാവരും ബുക്കും പിടിച്ച് ബസ്സ്റ്റോപ്പിലൊക്കെ നിക്കുന്നത് അന്ന് കാണുമ്പോൾ നെഞ്ചിൽ എന്തൊ കുത്തുന്ന പോലെ തോന്നുമായിരുന്നു. പക്ഷെ ഹൃദയത്തിൽ ആ ആഗ്രഹങ്ങളേക്കാളൊക്കെ വലിയ ഒരു ശൂന്യതയായിരുന്നതിനാൽ ആ കാഴ്ചകളൊക്കെ ഞാൻ കണ്ണടച്ച് മായിച്ച് കളയുകയാണ് ചെയ്തത്.
” അതൊക്കെ പഴയ കാര്യല്ലെ, അപ്പോഴത്തെ അവസ്ഥ അല്ലല്ലോ ഇപ്പോ , ഇനിയും വൈകിയിട്ടൊന്നുമില്ല . ഇവന് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലാന്ന ഇവൻ പറയുന്നേ, അത് ശെരിയാണോന്ന് ഒന്നു നോക്കണോലോ…..”
അത് കൊള്ളേണ്ടിടത്ത് കൊണ്ടു. അതിനു ശേഷം ഞാൻ എത്ര എതിർത്തിട്ടും ഒരു കാര്യവുമുണ്ടായില്ല. ഹാ , എനിക്ക് ചേദിക്കാനും പറയാനും ആൾക്കാരുണ്ടെന്നെങ്കിലും മനസിലായല്ലോ.
രഘു സാറുമായുള്ള ആ കണ്ടുമുട്ടലോടെ എൻ്റെ ജീവിതം മറ്റൊരു വഴിക്ക് ഒഴുകുവാന്‍ തുടങ്ങുകയായിരുന്നു. അതിൻ്റെ തീരങ്ങളിൽ എന്നെ കാത്തിരിക്കുന്നതെന്താണെന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. എപ്പോഴത്തേയും പോലെ കാറ്റിൽ പെട്ട വഞ്ചി കണക്കെ ഞാൻ നിന്നു കൊടുത്തു. ഏതെങ്കിലും തീരത്തത് എത്തുമോ അതോ കാറ്റിൽ അത് തകർന്ന് പോകുമോ എന്ന് കണ്ടറിയുക തന്നെ.
പഠിക്കാൻ നിർബന്ധിക്കാൻ ഉൽസാഹം കാണിച്ച സുരേഷേട്ടനും കൂട്ടർക്കും എന്താണ് പഠിക്കേണ്ടത് എന്നതിനെ പറ്റി വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. പഠന വിഷയങ്ങളുടെ ബാഹുല്യത്തിന് മുന്നിൽ ഞാൻ കുഴങ്ങി. പിന്നെ പണ്ട് മടക്കി കെട്ടി വെച്ച ആഗ്രഹമായ BSc കെമിസ്ട്രിയിലേക്ക് തന്നെ ഞാൻ തിരിഞ്ഞു. കെമിസ്ട്രിയും കുന്തവും എന്തെങ്കിലും മനസിലാകുമോ എന്ന സംശയം അപ്പോഴും ഉണ്ടായിരുന്നു.
രഘു സാറിനെ കണ്ടത് എന്തായാലും കൃത്യസമയത്താണ് , ഡിഗ്രിക്ക് അപ്ളൈ ചെയ്യാൻ സമയം ഒരാഴ്ച കൂടി ഉണ്ടായിരുന്നു. സമയം ഇതാന്ന് പറഞ്ഞപ്പോഴേക്കും ഓടി പോയി. ‘നമ്മൾ’ സിനിമയിലെ ചെക്കൻമാരെ പോലെ കോളേജിൽ പോകുമ്പോൾ വേണ്ടി വരുന്ന ചെലവുകൾക്ക് വേണ്ട പണത്തിനായി ഞാൻ കൂടുതൽ അധ്വാനിച്ചു. വീടിനടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആശ്വാസമാണോ അതോ മൂന്നു വർഷത്തേക്ക് ഞാൻ പെട്ടല്ലോ എന്ന ചിന്തയാണോ ആദ്യം വന്നത് എന്ന കൺഫൂഷ്യനിലായിരുന്നു ഞാൻ. കോളേജിൽ എന്നെ ചേർക്കാനായി സുരേഷേട്ടൻ വരാന്ന് പറഞ്ഞെങ്കിലും പണി കളഞ്ഞ് വരണ്ടാന്ന് ഞാൻ പുള്ളിയെ തടഞ്ഞു. ഒന്നാമതെ ചടച്ച പരിപാടിയാണ് ഇതിനിടയിലേക്ക് ഇയാളെ കൂടി കൊണ്ടുപോയിട്ടു വേണം കോളേജു മുഴുവനും എൻ്റെ ഭൂതകാലമെല്ലാം അറിയിച്ച് സിംപതി വാങ്ങിച്ച് നാണം കെടുത്താൻ.
” ഓ വലിയ കോളേജ്കാരനായപ്പോൾ അവന് നമ്മളുടെയൊക്കെ കൂടെ നടക്കാൻ ചമ്മലാവും മാമ ”
ദീപു കളിയാക്കി കൊണ്ട് പറഞ്ഞു.കൂടെ പണിയെടുക്കുന്നവരിൽ ഏതാണ്ട് എൻ്റെ അതേ പ്രായത്തിലുള്ള ഇവനാണ് എൻ്റെ മെയിൻ കമ്പനി. ഞാൻ കോളേജിൽ പോകുന്നതിൽ പുള്ളിക്ക് ചെറിയ ഒരു വിഷമമുണ്ട്. അത് എൻ്റെ കമ്പനി നഷ്ടപ്പെടുന്നതിലോ, ഞാൻ പഠിച്ച് വല്യ ആളാകുമോ എന്നുള്ള പേടി കൊണ്ടോ ഒന്നുമല്ല, മറിച്ച് ഒന്നെടുത്താ ഒന്ന് ഫ്രീ എന്ന കണക്കിന് പെണ്ണുങ്ങളെ കിട്ടുന്ന മാർജിൻ ഫ്രീ മാർക്കറ്റ് ആണ് കോളേജ് എന്നാണ് അവൻ്റെ വിചാരം. പാവം മണ്ടൻ .
” അതിപ്പോ കോളേജി പോവാത്തപ്പോഴും നാണക്കേടാ നിൻ്റെ കൂടെ നടക്കാൻ ”
ഞാൻ തിരിച്ചടിച്ചു.
അഡ്മിഷനെടുക്കാൻ ചെന്നപ്പോൾ ഞാൻ ആരെയെങ്കിലും ചേർക്കാൻ ചെന്നതാണോ എന്നാണവർ ന്യായമായും സംശയിച്ചു. അവരെയാരെയും കൂട്ടാതിരുന്നത് നന്നായി. ഒറ്റക്ക് ചെന്നതുകൊണ്ടോ , പ്രായം അറിഞ്ഞപ്പോൾ തോന്നിയ കൗതുകം കൊണ്ടോ എന്തോ ഞങ്ങളുടെ ടൂറ്ററായ ഡേവിഡ് സാർ എന്നോട് വിശേഷങ്ങളൊക്കെ വിശദമായി ചോദിച്ചു. കഥാ നായകനായ രഘു സാറിനെ കാണുമ്പോൾ നന്ദി പറയണം എന്നു കൂടി ഉപദേശിച്ചാണ് പുള്ളി എന്നെ വിട്ടത്.
കഴിഞ്ഞ മാസത്തിൽ നടന്ന കാര്യങ്ങൾ ഓർത്ത് ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു. മനസിനാകെ ഒരശ്വസ്ഥത. നാളെ കോളേജ് തുറക്കുകയാണ്. ഞാൻ കണ്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളെക്കാളും വലിയ എന്തൊക്കെയോ നടക്കാൻ പോകുന്നു എൻ്റെ മനസ് പറഞ്ഞു. ആ ചിന്ത എന്നെ ഞെട്ടിച്ചതിനേക്കാൾ പേടിപ്പിച്ചു എന്നതാണ് സത്യം. ഞാൻ ഇതുവരെ നേരിട്ടതിനേക്കാൾ വലിയ എന്താണ് ഉള്ളത് ? വെറുതെ ഓരോ തോന്നലുകളാവും. ജീവിതത്തിലെ ഈ പുതിയ അദ്ധ്യായത്തിൽ എന്താണ് എഴുതപ്പെടുക എന്നോർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.