അസുരജന്‍മം 33

Asurajanmam by Jayaraj Parappanangadi

അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു…

പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് …

നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്…

അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്….

സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്….

അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം…..

അവിടുന്നങ്ങോട്ട് ഞങ്ങളുടെ ഓരോ മിടിപ്പിലും നിന്റെ വളര്‍ച്ചയും ഇഷ്ടങ്ങളും മാത്രമായിരുന്നു…

നിന്റെയോരോ പിറന്നാളും ഞങ്ങളൊരുല്‍സവമാക്കി..

ആണ്‍കുട്ടിയില്ലെന്നൊരു ഖേദം മനസിലില്ലാത്തതിനാല്‍ ശേഷമൊരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചതേയില്ല…

നിനക്കൊരു പനി വന്നാല്‍ അടുത്ത് നിന്ന് മാറാതെ, ഒരു പോളകണ്ണടയ്ക്കാതെ ഈയച്ഛന്‍ എത്രയോ രാവ് പകലാക്കിയിരുന്നു…

പത്തിലെല്ലൊ വിഷയത്തിലും ഏപ്ളസ് നേടിയപ്പോള്‍ മോള് പറഞ്ഞ ഫോണ്‍ അച്ഛന്‍ അത്യധികം സന്തോഷത്തോടെയാണ് വാങ്ങിത്തന്നത്….

പ്ളസ് ടൂവിലെത്തിയ സമയത്താണല്ലോ അച്ഛന്‍ മോളില്‍ ചില അപ്രിയസ്വഭാവം അര്‍ദ്ധരാത്രിയില്‍ കണ്ടു പിടിയ്ക്കുന്നത്….

ആരോടോ ഉള്ള അടക്കിപ്പിടിച്ച സംസാരം കേട്ട്, അടുത്ത പകലില്‍ അനുനയത്തില്‍ മോളോട് ഞാന്‍ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി…

ഇതുവരെ കാണാത്ത നിന്റെ മൊബെെല്‍കൂട്ടുകാരനെ അച്ഛന്‍ സ്വകാര്യത്തില്‍ തേടിപ്പിടിച്ചപ്പോള്‍ കഞ്ചാവും കള്ളും പെണ്ണുപിടിയും ശീലമാക്കിയ സുന്ദരനായൊരു മോഷണപ്രതി….

അതിനുശേഷമാണ് അച്ഛന്‍ ആദ്യമായ് മോളെ ആ പ്രണയത്തില്‍ നിന്ന് വിലക്കിയതും ദേഷ്യപ്പെട്ടതും….