അവർ ?[ആദിശേഷൻ] 39

 

 

 

അവൻ ഒരു കടംകഥയുടെ

ആർക്കും അറിയാത്ത ഉത്തരവും

അവൾ ഈണം ഇല്ലാത്ത

കവിതയുടെ അവസാന വരിയും

ആയപ്പോൾ വായിക്കാൻ

അർത്ഥമില്ലാത്ത പുസ്തകങ്ങൾ

തിരഞ്ഞെടുത്ത നിറമില്ലാത്ത

അന്ധനുമായി ഞാൻ..

അവൻ അവളെ പ്രണയിച്ചു

എന്നിലൂടെ അനന്തമായി..

മാരി പെയ്ത് തെളിഞ്ഞ

വിടർന്ന പൂക്കൾ അവൻ

അവൾക്കായി സമ്മാനിച്ചത്

ഇന്നലെ രാത്രിയുടെ മൗനത്തിലൂടെ

സഞ്ചരിച്ചപ്പോളായിരുന്നു..

മിന്നുന്ന നിലാവും നിശബ്ദതയുടെ

ധൈര്യവും അവനെ അവന്റെ

പ്രണയം പറയാൻ പിന്തുണ നൽകി.

 

അവളുടെ കണ്ണുകളിൽ വിരസത

കൂടി വന്നപ്പോൾ , അവന്റെ പ്രണയം

അവളെ കൂടുതൽ മടുപ്പിച്ചു..

അവൻ നൽകിയ പൂക്കൾ

വാങ്ങി അതിന്റെ ഇതളുകൾ

അടർത്തി തിരികെ നൽകി.

ആരോ ആർക്കോ വേണ്ടി

എഴുതിയ കവിതകൾ പോലെ

വായിച്ച ശേഷം ചവറ്റു കുട്ടയിൽ

പോകാൻ ആയിരുന്നു അവന്റെ

പ്രണയത്തിന്റെ അവസാന വിധി.

അവന്റെ കൈകളിൽ കുപ്പിവളയുടെ

ചീളുകൾ കൊണ്ട് മൂന്ന് വരകൾ

പോറി ഇട്ടു കൊണ്ട് അവള്

പോയപ്പോൾ ദയനീയമായി അവൻ

എന്നെ നോക്കി..

അന്ധനായ ഞാൻ അവന്റെ

കണ്ണ് നീർ കണ്ടില്ല..

അവന്റെ മനസ്സ് വായിക്കാൻ

എനിക്കൊരു ഉപാധികളും

ആവശ്യമായി വന്നില്ല..

 

അന്ന് മുതൽ ഇരുള് മൂടിയ

എന്റ കണ്ണുകൾക്ക് സമമായി

അവന്റെ മനസ്സും…

അവന്റെ ആത്മാവിന് കാവലായി

ഓരോ രാത്രിയും ഞാൻ കൂടെ

ഇരുന്നപ്പോൾ അവൻ അവളെ

കുറിച്ച് ചുവരുകളിൽ കോറി

ഇടാൻ തുടങ്ങി..

ഇന്ന് ചുവരിലെ ഓരോ വരികളും

അവന്റെ മനസ്സായി മാറി..

മായിക്കും തോറും പടരുന്ന

കരി കൊണ്ട് എഴുതിയ വരികൾ

എനിക്ക് ഊഹിക്കാം…

കാരണം ഞാൻ എഴുതിയത്

അവന്റെ പ്രണയമോ അവളുടെ

മടുപ്പിന്റെ കാരണമോ അല്ല..

മറിച്ച് അവനെന്ന എന്നെ തന്നെ

ആയിരുന്നു……….

 

?©️?

 

 

Updated: October 3, 2023 — 12:15 pm

1 Comment

  1. ❤️‍?

Comments are closed.