Author : പോളി പായമ്മൽ
അമ്മ അങ്ങനെയാണ്.
കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയാലും പറമ്പില് അണ്ണാൻ കുഞ്ഞിനേയും കിളികളെയും മറ്റും തിരഞ്ഞു നടന്നാലും
വിളിച്ചാൽ വിളിപ്പുറത്തെത്തണം.ചിലപ്പോ ചോറുണ്ണാനാവും അല്ലെങ്കില് പീടികയിൽ പോകാനാവും.അതുമല്ലേൽ ട്യൂഷന് പോകാൻ.
ഒരു വിളി കഴിഞ്ഞു ഇത്തിരി നേരം കഴിഞ്ഞു മറ്റൊരു വിളി.അടുത്ത വിളിയും അമ്മയും ചൂരലും ഒപ്പമായിരിക്കും വന്നെത്തുക.
ചൂരൽ കഷായമൊന്നും തരില്ല.
ചെവിക്കു പിടിച്ചു ഒന്നോ രണ്ടോ തിരുമ്മൽ.
മോന്തായം കോടി കണ്ണ് പുറംതള്ളി എരിപിരി കൊണ്ട് ഞാൻ അമ്മയുടെ കൂടെ വീട്ടിലോട്ടു നടക്കും.
അമ്മയുടെ ഓരോ വിളിക്കും ഓരോരോ അർത്ഥങ്ങളുണ്ട്.’
അമ്മമ്മ വന്നിട്ടുണ്ട്.
മോനെ കാണാതെ എങ്ങനെ തിരിച്ചു തറവാട്ടീലോട്ടു പോകാ..?
കൂടാതെ പഴം ചക്ക കൊണ്ടു വന്നിട്ടുണ്ട്.
അത് തിന്നാനും കൂടിയ വിളിച്ചത്.
ചെവിക്കു രണ്ടു കിണുക്കു കിട്ടിയാലെന്ത് ചക്ക വലിച്ചു വാരി കേറ്റാലോ…
ഞങ്ങടെ വീട്ടിലെ പ്ലാവിലൊന്നും ചക്ക പെറൂല്ലാ..
ഒരു മൂവാണ്ടൻ മാവുണ്ടായിരുന്നു.അത് കരണ്ടു കമ്പിയിൽ തട്ടുമെന്നു പറഞ്ഞു ksebക്കാര് വെട്ടിക്കളഞ്ഞു.
അമ്മമ്മ ഇടക്കിടെ വരുമ്പോൾ അമ്മയോട് പറയുന്നത് ഞാൻ കേൾക്കാറുണ്ട്.
“ഇപ്പൊ പഴയ കാലമൊന്നുമല്ലെടി…ചന്തയിൽ ചെല്ലണം…
എല്ലാം വിഷം വച്ച സാധനങ്ങളാണ് വിക്കണേന്ന്.
ചക്കയും മാങ്ങയും ചേമ്പും ചേനയും കൊള്ളിയും ആർക്കും വേണ്ടത്രേ.. “.