മാറിപ്പോവുകയാണോ എന്ന ഭയം. എങ്ങനെയെങ്കിലും ഓഫീസിൽ നിന്നൊന്നു രക്ഷപെട്ടാൽ മതിയെന്നു തോന്നി അവൾക്ക്.
ഹാഫ് ഡേ ലീവ് ചോദിച്ചിട്ടുണ്ട്. ഡെകെയറിലേക്ക് വിളിച്ചപ്പോൾ മോൻ ഉറങ്ങുവാണെന്നാ പറഞ്ഞത്. അതു കേട്ടപ്പോൾ ആശ്വാസത്തോടൊപ്പം ആശങ്കയുമുണ്ടായി. എങ്ങനെയായിരിക്കും ഉറങ്ങിയിട്ടുണ്ടാവുക… കരഞ്ഞ് തളർന്നുറങ്ങിയതാണോ അതോ വാശി പിടിച്ച് വിശന്നുറങ്ങിയോ… ?
ക്ലോക്കിൽ ഒരുമണി കാണിച്ചപ്പോൾ ടീന ബാഗെടുത്ത് പോകാനിറങ്ങി.
ടീന… കഴിച്ചിട്ടു പോകാം; വിശന്നിരിക്കണ്ട കുഞ്ഞിന് പാലൊക്കെ കൊടുക്കാനുള്ളതല്ലേ.. ഇന്ദു ടീനയോടു സ്നേഹത്തിൽ ചോദിച്ചു.
എനിക്കിപ്പോ ഒന്നും ഇറങ്ങില്ല ചേച്ചീ… ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം. പോട്ടെ.. ബൈ..
ടീന സ്കൂട്ടറിനടുത്തേക് ഓടുന്നതിനിടയിൽ പറഞ്ഞു.
ഡെ കെയറിലേക്കുള്ള വഴി രാവിലെ വന്നപ്പോഴത്തേതിനേക്കാൾ കൂടുതൽ ഉള്ളതു പോലെ തോന്നി ടീനയ്ക്ക്. അങ്ങോട്ട് എത്തുന്നില്ല എന്ന തോന്നൽ.കുഞ്ഞിൻ്റെ അടുത്തേക്ക് എത്തുകയാണല്ലോ എന്ന ചിന്ത അവളിൽ സന്തോഷം നിറച്ചു. അവൻ്റെ മോണകാട്ടിയുള്ള ചിരി മനസ്സിൽ കണ്ടപ്പോൾ അവളുടെയുള്ളിലും ചിരി വിടർന്നു.സ്കൂട്ടർ ഓഫ് ആക്കി സ്റ്റാൻഡിൽ വച്ച് ഡെ കെയറിലേക്ക് നടന്നു കയറി. കുട്ടികളുടെ കലപില ശബ്ദം മാത്രം. അതിനിടയിൽ നിന്നു കൊണ്ട് ടീന സ്വന്തം കുഞ്ഞിനെ തിരഞ്ഞു.തൻ്റെ കുഞ്ഞെവിടെ? രാവിലെ കണ്ട ആയയെ കാണാനില്ലല്ലോ. അവരെവിടെപ്പോയി? അവിടെ നിന്നിരുന്ന മറ്റൊരു സ്ത്രീയോട് സൗദ എന്ന പേരായ ആയ എവിടെ എന്നു തിരക്കി.അവർ ടീനയെ ഡെ കെയറിൻ്റെ പിറകു വശത്തെ മുററത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ ഒരു വലിയ കിളിക്കൂട് ഉണ്ടാക്കി വച്ചിട്ടുണ്ടാരുന്നു. അതിൻ്റെ മുന്നിൽ മറ്റു കുട്ടിക്കുറുമ്പൻമാരോടൊപ്പം ടീനയുടെ മോനും ലൗ ബേർഡ്സിൻ്റെ കൂട്ടിനടുത്ത് അവയുടെ കളികൾ കണ്ടു കൊണ്ട് ഉറക്കെ ചിരിച്ച് സൗദയുടെ കൈകളിൽ ഭദ്രമായി ഇരുപ്പുണ്ടായിരുന്നു. അമമയെ കണ്ടതും അവൻ കുഞ്ഞികൈകൾ വിടർത്തി പുഞ്ചിരിച്ചു.ടീനയുടെ മുഖത്ത് ആശ്വാസത്തിൻ്റെ പുഞ്ചിരി വിടർന്നു. അവൾ തൻ്റെ കുഞ്ഞിനെ വാരിയെടുത്ത് അമർത്തി ചുംബിച്ചു….