എന്തായാലും ഒന്നു വിളിച്ചു നോക്കിയേക്കാം എന്നു കരുതി ഫോൺ എടുത്തപ്പോഴേക്കും പ്യൂൺ വന്ന് ടീനയെ ഓഫീസർ മാഡം വിളിക്കുന്നു എന്ന് പറഞ്ഞു. അവൾ ഫോൺ കോൾ കട്ട് ചെയ്തു മാഡത്തിൻ്റെ മുറിയിലേയ്ക്ക് പോയി.
ടീന ഇരിക്കൂ… കുഞ്ഞ് സുഖമായിരിക്കുന്നല്ലോ അല്ലേ… ആരാണ് കുഞ്ഞിനെ നോക്കാൻ ഉള്ളത്? മാഡം കുശലം ചോദിച്ചു.
തത്ക്കാലം ആരുമില്ല മാം .. മോനെ ഡെ കെയറിലാക്കിയിരിക്കയാണ്.ഒരു മാസം കഴിഞ്ഞാൽ നാട്ടിൽ നിന്നും അമ്മച്ചി വരും.
അവൾ പറഞ്ഞു.
ഓഹ്… ഇത്ര ചെറിയ കുഞ്ഞുങ്ങളെയൊക്കെ ഡെ കെയറിലാക്കുക എന്നത് വളരെ കഷ്ടം തന്നെ. പക്ഷെ നമമൾക്ക് വേറെ ഓപ്ഷനില്ലല്ലോ. ഞാനും മക്കൾ ചെറുതായിരുന്നപ്പോൾ വളരെയേറെ ബുദ്ധിമുട്ടി. പെണ്ണുങ്ങൾക്ക് ജോലി ഇല്ലാതിരിക്കുന്നത് തന്നെ നല്ലത് എന്നു തോന്നിപ്പോകും.
ടീന അതു ശരി വയ്ക്കുന്ന പോലെ ഒന്നു മൂളുക മാത്രം ചെയ്തു.
ടീനയെ ഞാൻ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്.
അടുത്തയാഴ്ച നമ്മുടെ പുതിയ ജി.എം ചാർജ്ജ് എടുക്കുകയാണ്. അതിനു മുൻപ് എല്ലാ ഫയലുകളും കംപ്ലീറ്റ് ആക്കണം. ഒന്ന് പോലും പെൻഡിംഗ് ഉണ്ടാകാൻ പാടില്ല. ഞാൻ ഇക്കാര്യം പറയാനായി സ്റ്റാഫ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്.
ഓഫീസിലെ സ്റ്റാഫുകൾ ഓരോരുത്തരായി മാഡത്തിൻ്റെ കാബിനിലേയ്ക്ക് എത്തിത്തുടങ്ങി.അവൾക്കാണെങ്കിൽ എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്നിറങ്ങി പോകണമെന്ന് മാത്രമേ ഉണ്ടായിരിന്നുള്ളൂ.
മീറ്റിംഗ് തുടങ്ങിയാൽ അവസാനിക്കുവാൻ വലിയ താമസമാ ണ്. ആരുടെയും വാക്കുകൾ അവളുടെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല. മനസ്സു മുഴുവൻ ഡെ കെയറിലായിരുന്നു. തൻ്റെ കുഞ്ഞ് കരയുന്നുണ്ടായിരിക്കുമോ? കുപ്പിപ്പാൽ കുടിച്ചു കാണുമോ അതോ അമമ തന്നെ കൊടുക്കണമെന്ന വാശിയിലായിരിക്കുമോ.. അവൻ അങ്ങിനെ വാശി തുടർന്നാൽ ആയ എന്തുചെയ്യും? അവനെ പെട്ടന്നു ഉറക്കാൻ വേണ്ടി അവർ എന്തെങ്കിലും ചെയ്തു കാണുമോ ? എ സി റൂമിലിരുന്നിട്ടും ടീനയുടെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങി.
ഇരുന്നിരുന്ന് മടുത്തു. കൂട്ടത്തിൽ വേണുവിൻ്റെ വളിപ്പൻ കോമഡികളും .സ്റ്റാഫ് എല്ലാവരും ഉറക്കെ പ്പൊട്ടിച്ചിരിക്കുമ്പോഴും അവൾക്ക് ചിരിക്കുവാൻ കഴിഞ്ഞില്ല.