Author : അനുജ വിജയ ശശിധരൻ
തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്.
ശ്ശൊ…
അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് മാസക്കാലമായി ഈ മറവി കലശലായിട്ട്.പ്രസവത്തിനു ശേഷം മരുന്ന്, റെസ്റ്റ് എന്നൊക്കെപ്പറഞ്ഞ് നാട്ടിൽ നിന്നിരുന്ന കാലത്തു ഈ ലോകത്തിൽ എന്തൊക്കെ സുനാമിയുണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ ടീനയ്ക്കറിയില്ല. അതിനു ആ സമയത്ത് പത്രം വായന പോയിട്ട് മൊബൈൽ നോക്കാൻ പോലും സമമതിക്കില്ലായിരിന്നു വല്ല്യമ്മച്ചി . കുഞ്ഞിൻ്റെ കാര്യം മാത്രം നോക്കിയാൽ മതി എന്നാണ് ഉത്തരവ്. അതിനു മാത്രമേ സമയമുണ്ടായിരുന്നുള്ളൂ താനും.പക്ഷെ ഇപ്പോ ഈ മഹാനഗരത്തിൻ്റെ തിരക്കുകളിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത് കഷ്ടപ്പെടു നേടിയ ജോലിയിലേയ്ക്ക് പ്രസവാവധി കഴിഞ്ഞ് തിരിച്ചു കയറാൻ വേണ്ടിയാണ് .പണിയെല്ലാം വേഗത്തിൽ തന്നെ തീർക്കണം. ഇന്ന് മോനെ ഡെ കെയറിൽ ആക്കിയിട്ടു വേണം ജോലിക്ക് തിരികെ ജോയിൻ ചെയ്യാൻ. മോനെ നോക്കാൻ അമ്മച്ചി വരാനിരുന്നതാണ്.പെട്ടെന്നാണ് വല്ല്യമ്മച്ചി ബാത്ത് റൂമിൽ തെന്നി വീണത്. കാലിനു പൊട്ടലുണ്ട്.അതുകൊണ്ട് അമമച്ചിക്ക് കൂടെ വരാൻ പറ്റിയില്ല. മോനെ ഡെ കെയറിൽ വിട്ടു പരിശീലിപ്പിക്കാൻ ഉള്ള ദിവസങ്ങളും കിട്ടിയില്ല. ഇന്ന് ആദ്യമായി അവിടെ കൊണ്ടു ചെന്നാക്കണം. അവൻ അവിടെ എങ്ങനെ പൊരുത്തപ്പെടുമെന്ന് അറിയില്ല. അതൊക്കെയോർത്തിട്ട് ആകെപ്പാടെ ടെൻഷൻ ആണ്. ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല. അതിനിടയിലാണ് ഈ മറവിയും.
ടീനാ …. വാ… മോനുണർന്നു….
എബിയുടെ വിളിയാണ്. ടീനയുടെ അടുക്കളപ്പണി കഴിയുന്നവരെ മോനെ നോക്കൽ എബിയുടെ ജോലിയാണ്. നോക്കൽ എന്നു പറഞ്ഞാൽ ഉറങ്ങുന്ന കുഞ്ഞിൻ്റെ കൂടെക്കിടന്നുറങ്ങൽ അത്ര മാത്രമേ ചെയ്യു.ടീന കൈയ്യിലിരുന്ന പാത്രത്തിൽ നിന്നും കഴുകിയ അരി മുഴുവൻ കലത്തിലേക്ക് നീക്കിയിട്ടു. എന്നിട്ട് കൈ കഴുകി തുടച്ച് ബെഡ്‌റൂമിലേക്ക് ഓടി. കുഞ്ഞു എബി മൂത്രത്തിൽ കുളിച്ച് കിടക്കുകയാണ് .
എന്താ എബീ ഇത് ? നനഞ്ഞ തുണി മാറ്റി ചരിച്ചു കിടത്തി തട്ടിക്കൊടുത്തിരുന്നെങ്കിൽ വീണ്ടും അവൻ ഉറങ്ങിയേനെ.. എൻ്റെ പണിയൊന്നും ആയിട്ടില്ല. ഇതൊക്കെ ഒന്നു ചെയ്യതു കൂടെ..?