അപ്പവും വീഞ്ഞും 10

കുന്നുകയറ്റം ശ്രമകരം ആയിരുന്നു . എന്റെ ഭാരം ചുമക്കാൻ തച്ചൻ പയ്യൻ നന്നായി പാടുപെടുന്നുണ്ട്. ശിതികരണിയിലെ മൃതദേഹങ്ങൾ പോലെ തണുത്തു വിളറിയ ദേഹം. കിഴക്കൻ ദേശങ്ങളിൽ ചുറ്റി കറങ്ങിയ പോലുണ്ട്. നെറ്റിയിലെയും കവിളിലെയും വടുക്കൾ.  ഉളി പിടിച്ച ശീലം തീരെ ഇല്ലെന്ന് തോന്നുന്നു. മൃദുലമായ തഴമ്പ് ഇല്ലാത്ത കൈപ്പത്തി. കൂർത്ത ഇളക്കുകല്ലുകൾ ചവിട്ടി പലതവണ അയാൾ വീണു. വീഴുമ്പോൾ ചാട്ടവാറുകൾ ഇരുവശങ്ങളിൽ നിന്നും പാഞ്ഞുവന്ന് പുറം പൊള്ളിച്ചു. ഓരോ അടിക്കും രക്തം തെറിച്ചു. പലയിടത്തും തച്ചന്റെ തൊലി പൊളിഞ്ഞു തൂങ്ങി. ദിശ തെറ്റിയ അടി എന്റെ മേലെയും പതിച്ചു. എന്തോ മനസ്സ് പതറുന്ന പോലെ . ചുറ്റും കൂടി കല്ലെടുത്തെറിയുന്ന തെരുവ് പിള്ളേർ. കാർക്കിച്ചു തുപ്പുന്ന ഗ്രാമപ്രമുഖരും പുരോഹിതരും. ഇടയ്ക്ക് ചുരുക്കം സാധാരണക്കാരായ ചിലർ വാവിട്ടു കരയുന്നു. വിയർപ്പ് ചാലുകീറിയ മുഖത്ത് ശാന്തഭാവം. തലയിലെ മുള്ളുകളിലെ ചോര താടി രോമങ്ങളിലൂടെ ഒഴുകുന്നു. എന്തെ ഇവൻ മന്ത്രവാദിയോ? മനസ്സ് കീഴടക്കുന്ന കണ്ണുകൾ! ദിശതെറ്റി കൂടുതൽ ചാട്ടകൾഎന്റെ മേൽ പതിക്കട്ടെ എന്നു ഞാൻ ആഗ്രഹിച്ചു. അതിൽ കുറവ് അവൻ സഹിച്ചാൽ മതിയല്ലോ!

കുരിശിൽ ഇവൻ തൂങ്ങി നില്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. ആദ്യം മുകളിലെ ആകാശത്തേയ്ക്ക് നോക്കി പിതാവിനെ വിളിക്കുന്നുണ്ടായിരുന്നു. യാതൊരു മറുപടികളുമുണ്ടായില്ല. പതിയെ കഴുത്തിലെയും കൈയിലെയും എല്ലുകൾ നുറുങ്ങുന്ന ശബ്ദം കേട്ടു. കഴുത്തു തൂങ്ങി. ശബ്ദം നിലച്ചു. വെട്ടി വിറച്ചിരുന്ന ശരീരം നിലച്ചു. നെഞ്ചിലെ താളം മാത്രം മുഴങ്ങുന്നുണ്ട്… അത് എന്റെ താളമായിത്തിർന്നിട്ട് അധികം നേരമായിട്ടില്ല. കുരിശ് നിലത്തിട്ട് അതിന് മേലെ കിടത്തി കൈകളിലും കാലിലും ആണി അടിച്ചു കയറ്റാൻ തുടങ്ങിയ നിമിഷം മുതൽ അതെന്റേയും കൂടെ വിങ്ങലാണ്. മാംസം തുളച്ചു രക്തത്തോടെ ആണി എന്റെ ശരീരത്തിൽ പ്രവേശിച്ച നിമിഷം! ഹൊ, വേരുപോയി വറ്റിവരണ്ട തടി ഞെരമ്പുകളിൽ അവന്റെ രക്തവും മാംസവും!കൂടെയുണ്ടായിരുന്നവർ പകുത്തെടുത്തതിനിപ്പുറം ബാക്കി വച്ച ആത്മാവും ശരീരവും പൂർണമായി എന്നിലേയ്ക്ക്. കൂടെ ആ മന്ദതാളവും.

ഒടുവിൽ കുരിശു പറിച്ച് ആണി വലിച്ചൂരി തച്ചന്റെ ശരീരം എന്നിൽ നിന്ന് വേർപെടുത്തി. ഞെരമ്പുകൾ മുറിഞ്ഞു പിന്നെയും ഞാൻ അനാഥനായി. രക്തക്കറ പുരണ്ട നിലം വിട്ട് തച്ചൻ മടങ്ങിയപ്പോഴാണ് യഥാർത്ഥത്തിൽ കുരിശേറ്റിയത് എന്നെയാണെന്ന് മനസ്സിലായത്. ഉയർന്ന് പോകുന്ന ആ ആത്മാവിനും ഓറഞ്ചുകലർന്ന തീനിറമായിരുന്നു. ചാരച്ചിറകുകളും…