അപ്പവും വീഞ്ഞും 10

വരുന്ന വഴിയിൽ ഹൊറാദ് രാജാവിന്റെ ഭടൻമാരും മൂത്ത തച്ചനുമായുള്ള സംഭാഷണത്തിൽ നിന്നാണ് തന്റെ ജീവിത ലക്ഷ്യം മനസ്സിലായിത്തുടങ്ങിയത്. കൊട്ടാരത്തിലെ അന്തപ്പുരത്തിലെ കട്ടിലോ, ദേവാലയത്തിലെ ചിത്രപ്പണിയുള്ള എടുപ്പുകളോ, സിംഹാസനങ്ങളോ ആകാനല്ല എന്നെ കൊണ്ടുപോകുന്നത് . കുരിശുണ്ടാക്കുവാനാണത്രെ! ദൈവത്തെ നിഷേധിച്ചു പുരോഹിതരെ എതിർത്ത് രാജാവിനെ ചോദ്യം ചെയ്ത ഏതോ തച്ചനെ കുരിശിൽ കയറ്റാനാണ് എന്റെ നിയോഗം. നസ്രത്തിന്റെ ജനിച്ച് ജറുസലേമിന്റെ പാതയോരങ്ങളിൽ തെണ്ടികളുടെ കൂടെനടന്ന ഏതോ ഒരു തച്ചനെ. അന്ന് ആദ്യമായിഈ ജന്മത്തോട് പോലും  എനിക്ക് പുച്ഛം തോന്നി.

മൂത്ത തച്ചൻ കഴുക്കോലുമായി വന്ന് അളവു തുടങ്ങി. പല സ്ഥാലത്തും ഉളികൊണ്ട് വരകൾ വരച്ച് അടയാളപ്പെടുത്തി. കൂടെയുള്ള ഒരു ചെറുക്കനെ എന്തെല്ലാമോ പറഞ്ഞേൽപ്പിച്ചു. ചെറുക്കൻ പണി തുടങ്ങി. ആദ്യം പകുതിയ്ക്ക് മുകളിലായി രണ്ടായി മുറിച്ചു. മുറിച്ച ഭാഗം മിനുക്കാൻ തുടങ്ങി. എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്. ചുറ്റും മുഴങ്ങുന്ന ചുറ്റിയടിയുടെയും ചിന്തേരിന്റെയും ബഹളത്തിനിടയിൽ ഒന്നും വ്യക്തമല്ല, എങ്കിലും ചില ഗദ്യപ്പാട്ടുകളാണ് അവൻ പാടുന്നത് എന്ന് മനസ്സിലായി. തനിയെ ഓർമ്മയിൽ നിന്നും പെറുക്കിയെടുത്തതുപോലുണ്ട്.

“ഞാൻ കുരിശിൽ കയറ്റാൻ പോകുന്ന തച്ചനാണ് നായകൻ. അവൻ ദൈവപുത്രനാണത്രെ. മുക്കുവരുടെയും തച്ചന്മാരുടെയും നേതാവണത്രെ. എന്തൊക്കെ വിഡ്ഢിത്തരങ്ങൾ”.

കുഞ്ഞുതച്ചൻ പിന്നെയും എന്തെല്ലാമോ പാടുന്നു.

“ദൈവനിഷേധികൾ”.

മൂത്ത തച്ചന്റെ നിഴൽ കാണുമ്പോൾ ചെറുക്കൻ പിറുപിറുക്കൽ നിർത്തും. ചെറിയ കഷ്ണം വലിയ കഷ്ണത്തിന്റെ മീതെ വയ്ച്ചു കുരിശിന്റെ രൂപമാക്കി. ഇടയ്ക്ക് തടി ആണികളും ആപ്പുകളും വച്ച് കുരിശുറപ്പിച്ചു. മൂത്ത തച്ചൻ വന്ന് ബലം നോക്കി. ചില സ്ഥലങ്ങളിലെ ചിന്തേരിന്റെ പണിപ്പിഴ കാണിച്ചു മിനിസമാക്കാൻ പറഞ്ഞു. ചെറുക്കൻ പിന്നെയും പണിതുടങ്ങി. അധികം ചിന്തേരിട്ട് വൃത്തിയാക്കാനെന്നെക്കിട്ടില്ല. ആ ദൈവനിഷേധി തച്ചനെ തറയ്ക്കാനുള്ളതല്ലേ. ഇതൊക്കെ മതി. അവൻ മനസ്സിലോർത്തു.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ എന്നെ എടുത്ത് തുടച്ചു പുറത്തു കൊണ്ട് വയ്ച്ചു . കുരിശിൽ കയറ്റേണ്ടവൻ തന്നെ ചുമന്നു കൊണ്ട് പോകണമത്രേ. ഹ.. ഹ…കൊള്ളാം. നല്ല ശിക്ഷ. കുറച്ചു കഴിഞ്ഞപ്പോൾ ഭടന്മാർ ആട്ടി തെളിച്ചു കൊണ്ട് ഒരു വൃകൃത രൂപത്തെ കൊണ്ടുവന്നു. ശോഷിച്ച ഒരു ചെറുപ്പക്കാരൻ. നീണ്ട മുടിയും ചെമ്പിച്ച താടിയും. ശരീരം മുഴുവൻ ചാട്ടവാറിന്റെ ചോരപ്പാടുകൾ. തൊടിയിലെ കല്ലുപാകിയ ചെറുഭിത്തിയിൽ താങ്ങിപ്പിടിച്ച് അയാളൊന്നെണീക്കാൻ ശ്രമിച്ചു. ഈ മനുഷ്യനാണ് എന്നെ പൊക്കി കാൽവരികുന്നിന്റെ മുകളിൽ എത്തിക്കാൻ പോകുന്നത്.നടന്നത് തന്നെ. ഞാൻ ഉള്ളികൊണ്ട് ചിരിച്ചു.

1 Comment

  1. Nalla Bhaavana….
    Keep it up brother..

Comments are closed.