അപ്പോഴാണ് കാര്യം മനസ്സിലായത്. മുറ്റത്തു ഒരു മൂർഖൻ പാമ്പ് ചത്ത് കിടക്കുന്നു. എല്ലാരും കൂടെ തല്ലി കൊന്നതാണ്. മുല്ല ചെടികളുടെ ഇടയിൽ പതുങ്ങി ഇരുന്നതാണത്രേ. മഴയത്തു ഇറങ്ങി വന്നതാവും. ഭാഗ്യത്തിന് അച്ഛൻ കണ്ടു. എല്ലാരും പറയുന്നു മുല്ലച്ചെടികൾ ഉള്ളത് കൊണ്ടാണ് പാമ്പു വരുന്നത് എന്ന്. അത് വെട്ടിക്കളയാൻ. ആകെപ്പാടെ സങ്കടം വന്നു. ഓരോ ചെടിയും വെള്ളം ഒഴിച്ച് വളർത്തിക്കൊണ്ടു വന്നതാണ്. എത്ര നിസാരമായാണ് അത് വെട്ടിക്കളയാൻ പറയുന്നത്. അച്ഛൻ ഒരു വല്ലായ്മയോടെ നോക്കി. അച്ഛനറിയാം തനിക്കു അത് വിഷമം ആണെന്ന്. മറ്റുള്ളവർ പറയുന്നത് തള്ളി കളയാനും പറ്റില്ല. വീണ്ടും ഇങ്ങനെ സംഭവിച്ചാൽ അതുമതി പിന്നെ എല്ലാര്ക്കും പറയാൻ. ഒന്നും മിണ്ടാതെ അകത്തേക്ക് കയറി കട്ടിലിലേക്ക് കിടന്നു.
പുറത്തു ചെടികൾ വെട്ടുന്ന ശബ്ദം. അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. അതുകാണാൻ വയ്യ. സങ്കടം ഉള്ളിൽ ഒതുക്കി കുറച്ചു നേരം കിടന്നു.
***** ******* ******
നഗരത്തിലെ പുതിയ ഫ്ലാറ്റിലേക്ക് ഇന്ന് താമസം മാറുകയാണ്. വർഷങ്ങൾ കടന്നുപോയത് എത്രപെട്ടെന്നാണ്. പഠനം കഴിഞ്ഞു നഗരത്തിലെ ഒരു വലിയ കമ്പനിയിൽ ഉയർന്ന ജോലി കിട്ടി. കമ്പനി തന്നെ അനുവദിച്ചു തന്നതാണ് ഈ ഫ്‌ളാറ്റ്. എല്ലാ സൗകര്യങ്ങളും ഉണ്ട്. ഫുൾ ഫർണിഷഡ്. മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനൽ തുറന്നിട്ടാൽ നഗരത്തിലെ കാഴ്ചകൾ കാണാം. അനിയത്തിക്കും സൗകര്യമായി കോളേജിലേക്ക് പോകാൻ. അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും നിര്ബന്ധിക്കേണ്ടി വന്നു ഇവിടെ വന്നു താമസിക്കാൻ. നാട്ടിലെ വീട് പൂട്ടി ഇറങ്ങുമ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകൾ നിറഞ്ഞു.
ഫ്‌ളാറ്റിൽ പുറത്തേക്കു ജനാലയുള്ള ഒരു മുറി ഞങ്ങൾ രണ്ടുപേരും എടുത്തു. അവിടെ പുറത്തേക്ക് ഇറങ്ങി നില്ക്കാൻ ഒരു ചെറിയ ബാൽക്കണി ഉണ്ട്. അച്ഛനും അമ്മയ്കും മുത്തശ്ശിയ്കും മറ്റുള്ള രണ്ടു മുറികളിലായി സൗകര്യപ്പെടുത്തി.
അച്ഛൻ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങി. ഈ നഗരത്തിൽ അച്ഛന് പരിചയമുള്ള ആരും ഉണ്ടാവില്ല. പിന്നെ എവിടേക്കാവും പോയത്. എല്ലാരും ചേർന്ന് വീട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ അടുക്കിവെച്ചു. അമ്മ അടുക്കളയിൽ പ്രാതലിനുള്ള ഒരുക്കങ്ങൾ നടത്തി. ഉച്ച ആയപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. എവിടെ പോയതാണെന്ന് ‘അമ്മ തിരക്കിയപ്പോൾ ഒരു സുഹൃത്തിനെ കാണാൻ പോയി എന്ന് മാത്രം ഉത്തരം പറഞ്ഞു. കുറെ നേരം എല്ലാരും വർത്തമാനം പറഞ്ഞു ഇരുന്നു. നേരം ഇരുട്ടി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നേരത്തെ എല്ലാരും ഉറങ്ങാൻ കിടന്നു.