പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് പച്ച ഓല മുറിച്ചു രണ്ടു ഓടുകൾക്കിടയിൽ വരുന്ന വിടവിൽ വെള്ളം താഴേക്ക് വരാത്ത രീതിയിൽ ഒരു പാത്തി പോലെ വെച്ചിട്ടുമുണ്ട്.
മഴയും നല്ല ഇരുട്ടുമായതിനാൽ മുറിയിലെ ചിമ്മിനി വിളക്ക് തിരി താഴ്ത്തി കെടുത്താതെ വെച്ചിട്ടുണ്ട്. അനിയത്തി കിടന്നു നല്ല ഉറക്കമാണ്. മേശപുറത്തു ഇരിക്കുന്ന ചില്ല് പാത്രത്തിൽ വെള്ളം ഒഴിച്ച് നിറയെ മുല്ലപ്പൂക്കൾ ഇട്ടു വെച്ചിട്ടുണ്ട്. അതിന്റെ സുഗന്ധം ഒരു രസമാണ്. മഴയില്ലാത്തപ്പോൾ ജനാല തുറന്നിട്ട് അരികത്തു നിൽക്കുന്ന മുല്ല ചെടികൾ കാണാൻ എന്ത് ഭംഗിയാണ്. കാറ്റ് വീശുമ്പോൾ കാറ്റത്തു മുല്ല ചെടിത്തുമ്പുകൾ തലയാട്ടുന്നതും നോക്കി ഇരിക്കും. ഈ മഴയിൽ മുല്ല ചെടികളെല്ലാം നന്നായി നനഞ്ഞു കാണും. വീടിന്റെ കൊച്ചു മുറ്റത്തു കുറെ മുല്ല ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി. രാവിലെ അമ്മ വന്നു വിളിക്കുമ്പോഴാണ് ഉണരുന്നത്. നല്ല ഉറക്കമായിരുന്നു. കോളേജിൽ പോവാൻ പെട്ടെന്ന് തന്നെ കുളിച്ചു കണ്ണ് എഴുതി പൊട്ടും തൊട്ടു ചുരിദാറും അണിഞ്ഞു തയ്യാറായി. ‘അമ്മ തന്ന പൊതിച്ചോറും എടുത്തു രാവിലെ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഇറങ്ങാൻ തുടങ്ങി. അനിയത്തിയേയും കൂട്ടി ഇറങ്ങുമ്പോൾ കുറച്ചു മുല്ല പൂക്കൾ ഇറുത്തു തലയിൽ വെക്കാൻ മറന്നില്ല. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പതിവുപോലെ നാട്ടിലെ ചെക്കന്മാർ വായിൽ നോക്കി നില്പുണ്ടായിരുന്നു.
വൈകിട്ട് കോളേജ് കഴിഞ്ഞു വീട്ടിലേക്കു നടന്നു. അനിയത്തി വാതോരാതെ ഓരോന്ന് പറഞ്ഞു കൊണ്ട് കൂടെ നടക്കുന്നു. അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും.
വീട് അടുക്കാറായി. വീടിനു മുൻപിൽ ഒരു ചെറിയ ആൾകൂട്ടം. അത് കണ്ടു മനസ്സ് വല്ലാതെ ഒന്ന് കാളി. അനിയത്തിയേയും കൂടി വീട്ടിലേക്കു ഓടി. അവിടെ ചെന്നപ്പോൾ അച്ഛൻ ഒരു വടിയും പിടിച്ചു നില്പുണ്ട്. ആൾക്കാർ ഓരോന്ന് പിറുപിറുക്കുന്നു.
മുത്തശ്ശിയുടെ ശബ്ദം “എടാ നീയത് വെട്ടികളഞ്ഞേക്ക്. കുട്ട്യോള് നട്ടു വളർത്തിയെന്നും പറഞ്ഞു നോക്കിയിട്ടെന്തിനാ. അവർക്കു വേണ്ടിയിട്ടല്ലേ….. അല്ലേൽ ഇതേപോലെ വല്ല ഇഴ ജന്തുക്കളും വന്നു കടിച്ചാൽ എന്താ ചെയ്ക'”.