Achante Jaarasanthathi by മിനി സജി അഗസ്റ്റിൻ
വിഷ്ണു ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോളാണ് പ്യൂൺ ഒരു കത്തുമായി അങ്ങോട്ട് വന്നത്. കൈ അക്ഷരം കണ്ടിട്ട് ആരാണ് എഴുതിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അയാൾ കത്ത് പൊട്ടിച്ചു മോനേ, ഞാൻ മോന്റെ അച്ഛനാ. എന്റെ മോന് സുഖമല്ലേ? എനിക്ക് തീര വയ്യ. മോൻ ഒന്നു വരുമോ? എനിക്ക് എല്ലാവരേയും കാണാൻ ഒത്തിരി കൊതിയുണ്ട്. നടക്കില്ലാന്ന് അറിയാം. എന്നാലും വെറുതേ ചോദിച്ചതാ.മോനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിൽ മുത്തശ്ശിക്കും അമ്മക്കും മോന്റെ അനിയന്മാർക്കും സുഖമല്ലേ? മോന്റെ കല്യാണം കഴിഞ്ഞു എന്ന് അറിയാൻ പറ്റി. നല്ല കുട്ടിയാണോ അവൾ? പറ്റുമെങ്കിൽ അവളേം കൊണ്ടു വരിക.
എന്ന് സ്വന്തം അച്ഛൻ.
ഒപ്പ് മാത്രം അച്ഛന്റേത്. അതിനു താഴെ അച്ഛന്റെ ഇപ്പോളത്തേ അഡ്രസ്സും. ബാക്കി എല്ലാം ആരേകൊണ്ടോ പറഞ്ഞെഴിതിച്ചത് പോലെയുണ്ട്.
അന്ന് രാത്രി വിഷ്ണു അളകയോട് പറഞ്ഞു അമ്മൂ നാളെ ഞാൻ അച്ഛന്റെ അടുത്ത് വരേ പോകുവാ. ആരോടും പറയണ്ട ഞാൻ പോകുന്ന കാര്യം.നിന്നെ ഒന്ന് കാണണമെന്നുണ്ട് അച്ഛന്.
ഏട്ടൻ പോയി വാ. അടുത്ത തവണ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് നമുക്ക് ഒന്നിച്ച് അച്ഛനേ കാണാൻ പോകാം. അയാൾ അവളോ ഒന്ന് നോക്കി. തന്റെ ആഗ്രഹത്തിൽ കവിഞ്ഞ് ഒന്നും ആശിക്കാത്തവൾ. തന്റെ പുണ്യം.
പിറ്റേന്ന് രാവിലെ അയാൾ പുറപെട്ടു. കേരളം വിട്ട് തമിഴ്‌നാടിന്റെ ഏതോ ഒരു ഗ്രാമപ്രദേശത്തിന്റെ പേരാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ബസ് മുന്നോട്ട് പറയുമ്പോൾ അതിനേക്കാൾ വേഗത്തിൽ അയാളുടെ ഒർമ്മകൾ പിന്നോട്ട് പാഞ്ഞു.
മുത്തശ്ശിയും അച്ഛനും അമ്മയും ഇളയ രണ്ട് സഹോദരങ്ങളും അടങ്ങിയ തന്റെ കുടുംബം. അച്ഛന് തമിഴ്നാട്ടിലേ ഏതോ ഒരു തെയില എസ്റ്റേറ്റിലാണ് ജോലി. അവിടുത്തേ മാനേജരാണ് അച്ഛൻ. സന്തോഷകരമായ ജീവിതം. മാസത്തിൽ ഒരിക്കൽ അച്ഛൻ വീട്ടിൽ വരും അന്ന് വീട്ടിൽ ഉൽസവമാണ്. എല്ലാം പെട്ടാന്നാണ് കലങ്ങി മറിഞ്ഞത്.
താൻ പത്തിലും ഇളയതുങ്ങൾ ആറിലും പഠിക്കുമ്പോളാണ് അച്ഛൻ ഒരിക്കൽ ഒരു ചെറിയ പെൺകുട്ടിയുമായി വീട്ടിൽ വന്ന് കയറിയത്. പാറി പറക്കുന്ന ചെമ്പൻ മുടി.മെലിഞ്ഞ ശരീര പ്രകൃതി. പരിചയമില്ലാത്തിടത്ത് വന്നതിന്റെ അമ്പരപ്പ് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.