തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 80

_തിരിച്ചുപോക്ക്_

================

 ✒️അഹമ്മദ് ശഫീഖ്‌ ചെറുകുന്ന്

 

അവസാനം എങ്ങനെയോ അള്ളിപ്പിടിച്ചു കൊണ്ട് , മെട്രോ സ്റ്റേഷനിൽ എത്തി… ഇരുപത് വർഷം കൊണ്ട് ദുബായ് ഇത്രമാത്രം മാറുമെന്ന് ചിന്തിച്ചു പോലുമില്ലായിരുന്നു….

ഈ എഴുപതാം വയസ്സിൽ , ദുബായിലേക്ക് പോകേണ്ടെന്ന് ഐഷുമോൾ ഒരുപാട് പറഞ്ഞതാ…എന്നാൽ എന്റെ ഫൈസി വിളിച്ചപ്പോൾ വരാതിരിക്കാൻ പറ്റിയില്ല…

ദുബായ് കാണാനുള്ള കൊതി കൊണ്ടല്ല…

അതൊക്കെ കണ്ടും അനുഭവിച്ചും മടുത്തിട്ടല്ലേ നാട്ടിലേക്ക് പോയത്…

ഫൈസിയെ കാണാൻ വന്നതാണ്..

അവൻ നാട്ടിലേക്ക് വന്നിട്ട് അഞ്ച് വർഷമായി…

എന്റെ സൽമ ഒരുപാട് പ്രയാസങ്ങൾ തരണം ചെയ്തും കൊണ്ട്, നൊന്തു പ്രസവിച്ചതല്ലേ…

ആദ്യ കണ്മണിയായ അവനെ , പൊന്നു പോലെ കൊഞ്ചിച്ചു വളർത്തിയതല്ലേ ഞങ്ങൾ രണ്ടുപേരും…

കാണാതിരിക്കാൻ പറ്റോ…

ഈ വയസ്സാം കാലത്ത് ഗൾഫിലേക്കൊന്നും വരാനാവില്ലെന്ന് പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചതാണ് സൽമ…

ഞാനാണ് അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതിരുന്നത്…

എന്റെ ശാഠ്യത്തിന് മുന്നിൽ അവൾക്ക് വഴങ്ങാതെ തരമില്ലായിരുന്നു..

അവൾ ഇല്ലാതെ എനിക്ക് പറ്റില്ല…അതാണ്‌ സത്യം…

താങ്ങായും തണലായും , എന്റെ കൂടെ നിൽക്കാൻ തുടങ്ങിയിട്ട് ,ആണ്ടുകൾ 50 കഴിഞ്ഞല്ലോ…

പ്രവാസത്തിൽ നിന്ന് പെൻഷൻ പറ്റിയതിന് ശേഷം,അവളെ പിരിഞ്ഞു നിന്നിട്ടില്ല..

യൗവനം മുതൽ വാർദ്ധക്യം വരെ ഞാൻ ജീവിച്ചു തീർത്ത മണ്ണ്, അവളെയും കാണിക്കണമെന്നുള്ള പൂതിയും മനസ്സിലുണ്ടായിയുന്നു…

 

എങ്കിലും, വരേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു…

ഞങ്ങൾ വന്നത് ,അവനും ഹസീനയ്ക്കും ഒരു ബുദ്ധിമുട്ടായിയെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്…

എനിക്കും അവൾക്കും ഡ്രസ്സ്‌ എടുക്കുന്ന സമയത്ത് , ഹസീന അവന്റെ കൈകൾ പിടിച്ചമർത്തുന്നത് കണ്ടത്, എന്റെ തോന്നലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

എങ്കിലും, സൽമയും ഒരു സൂചന തന്നു…

 

ഹാ.. അതൊക്കെ പോട്ടെ…

ജോലി ചെയ്ത സ്ഥലങ്ങളിലൂടെ ഒന്നുകൂടെ നടക്കണമെന്നൊരു ആഗ്രഹം കൊണ്ടാണ്, അവളെയും കൂട്ടി ഇന്നത്തെ യാത്ര ആരംഭിച്ചത്…

അവിടെയുള്ള ഓരോ കാഴ്ചകളും കാണിക്കാനാണ്,രാവിലെ തന്നെ ഇറങ്ങിയത്..

പക്ഷേ, ദുബായ് ശരവേഗത്തിൽ മാറുമെന്ന് ഒരിക്കലും കരുതിയില്ല… തന്റെ പാദമുദ്രകൾ ഒരുപാട് പുരണ്ട ഈ മരുഭൂമി , തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇന്നൊരു സ്വർഗ്ഗ ഭൂമിയായിരിക്കുന്നു..

 

മെട്രോയിൽ കയറിയാൽ എളുപ്പമെത്താം എന്നൊരു വാമൊഴി കടമെടുത്താണ്, യാത്ര തുടങ്ങിയത്…

എന്നാൽ മെട്രോ സ്റ്റേഷന്റെ മുന്നിൽ നിന്നപ്പോൾ, പണ്ട് മരുഭൂമിയിൽ ആരുമില്ലാതെ ഒറ്റപെട്ടു നിന്നത് പോലെ തോന്നി..

എങ്കിലും,മരുഭൂമിയിൽ മരുപ്പച്ച കാണാതിരിക്കില്ലല്ലോ..

സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്ന,ഞങ്ങളുടെ വേവലാതി കണ്ടറിഞ്ഞു കൊണ്ട് , ട്രെയിനിൽ കയറുന്നത് വരെ എല്ലാ സഹായവും ചെയ്തു തന്ന ഒരു മോൻ…

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ, തന്റെ കാറിനേക്കാൾ നല്ലത് മെട്രോയാണെന്ന് പറഞ്ഞ, എന്റെ ഫൈസിയേക്കാൾ ഒരുപടി മുകളിലായോ അവന്റെ സ്ഥാനം…

ഹേയ്… അതാവില്ല…

എങ്കിലും,അത് തന്റെ ചോരയിൽ പിറന്ന, സ്വന്തം മകനായിരുന്നുവെങ്കിലെന്ന് ചുമ്മാ ആഗ്രഹിച്ചു പോയി…

സീറ്റ്‌ ഇല്ലാതിരുന്നപ്പോൾ, സ്വന്തം ഇരിപ്പിടം ഒഴിഞ്ഞു തന്ന ചൈനീസ് പെൺകുട്ടിയും…

എന്റെ സൽമ ഇരിക്കുന്ന നേരത്ത്, വീഴാൻ പോയപ്പോൾ താങ്ങായ ആഫ്രിക്കൻ കുട്ടിയും, തങ്ങൾക്ക് പിറക്കാതെ പോയ മാലാഖമാരായി അനുഭവപ്പെട്ടു…

 

താൻ നടന്ന, വിയർപ്പൊഴുക്കിയ, ഒറ്റപ്പെടലിന്റെ കണ്ണുനീർപുഴ തീർത്ത , ആ അങ്ങാടിയിലൂടെ സൽമയെയും ചേർത്തു പിടിച്ചു കൊണ്ട് നടന്നു…

യൗവനകാലത്ത്, പ്രാരാബ്ധത്തിന്റെ കൂട്ടിക്കിഴിക്കലുകൾ കാരണം, അവളെ ഇതൊന്നും കാണിക്കാൻ സാധിച്ചിരുന്നില്ല…

വഴികളൊന്നും തീരെ പിടികിട്ടുന്നില്ലെങ്കിലും, പറ്റുന്ന രീതിയിൽ അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു…

 

അവൾക്ക് തീരെ വയ്യായിരുന്നു…

Updated: October 18, 2023 — 10:06 pm

2 Comments

  1. പച്ചയായ ജീവിതം വായിച്ചു തീർന്നപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤

  2. ഈ എഴുത്തിന് ഒന്നും പറയാനില്ല… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.