മായ[ആദിശേഷൻ] 69

Views : 1221

മായ

 

 

എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു..

വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന ചൂരൽ വടി ഇളകി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.. അതോടൊപ്പം മുൻ വശത്ത് തൂക്കി ഇട്ടിരുന്ന ഊണുപാത്രം വേഗതക്ക് അനുസരിച്ച് താളം പിടിച്ചു.. ഇതും സൈക്കിളിന്റെ ഒച്ചയും ഒഴിച്ചാൽ റോഡ് നിശബ്ദമായിരുന്നു.

 

മാസത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രേ ഇങ്ങനെ പോകാറുള്ളൂ.. ചെറിയ പേടി ഉള്ളിൽ ഉണ്ടെങ്കിലും പോലീസ് ആണെന്നുള്ള വിചാരം അതിനെ കാറ്റിൽ പറത്തി.. വീട്ടിലെത്താൻ രണ്ട് കിലോമീറ്റർ ബാക്കി നിൽക്കെ മൂത്ര ശങ്ക എന്റ യാത്രക്ക് തടസ്സം വരുത്തി.. അങ്ങനെ സൈക്കിൾ സ്റ്റാൻഡിൽ വെച്ച് ശങ്ക തീർക്കാൻ കുറച്ച് മുന്നിലോട്ട്‌ നീങ്ങി.. ചുണ്ടിൽ ഒരു ചെറിയ മൂളിപ്പാട്ട് എങ്ങു നിന്നോ വന്നു കേറി.. കാര്യം സാധിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അടുത്ത് നിന്ന് ഒരു ചെറിയ മൂളൽ കേട്ടു.. എന്റ പാട്ടിന്റെ പ്രതികരണം ആകും എന്ന ആദ്യം വിചാരിച്ചത് , പക്ഷേ മൂളലിന്റെ കൂടെ അമ്മെ എന്നുള്ള ഒരു ശബ്ദം കൂടി ആയപ്പോൾ ഞാൻ ഉറപ്പിച്ചു അത് ഒരു സ്ത്രീ ആണ്.. ശബ്ദം തുടർന്ന് കൊണ്ടിരുന്നു.. പക്ഷേ എവിടെ നിന്നും ആണ് എന്നറിയില്ല.. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ടോർച്ച് ഓൺ ആക്കി മുന്നോട്ട് നടന്നു.. അവിടെ ചെറിയ ചെടികളാൽ തീർത്ത ഒരു മറ കണ്ടു.. അങ്ങോട്ടേക്ക് നടന്നപ്പോൾ ടോർച്ച് വെളിച്ചത്തിൽ നേർത്ത പാസസ്വരം അണിഞ്ഞ ഒരു കാൽ മാത്രം കണ്ടു.. ഉള്ളിലെ പേടി നിയന്ത്രിക്കാൻ കഴിയുന്ന വിധം ആയിരുന്നു. കൈയിലെ വലിയ ചൂരൽ മുറുക്കി പിടിച്ചു വീണ്ടും മുന്നോട്ട്.. കണ്ട കാഴ്ചയില് പേടി എന്ന വികാരം മാറി വിഷമവും സഹതാപവും ആയി.. ആരൊക്കെയോ ചേർന്ന് പിച്ചി ചീന്തിയ ഒരു പെൺകുട്ടി.. പൂർണ നഗ്നനായി കിടന്ന അവൾക്ക് ജീവന്റെ തുടിപ്പ് ചെറുതായി അവശേഷിച്ചു..

ജോലിയുടെ സ്വഭാവം ആകാം എന്നെ അവളുടെ അടുത്തേക്ക് ചെല്ലാൻ പ്രേരിപ്പിച്ചത്.. മുഖത്തേക്ക് വെളിച്ചം ചെന്നപ്പോൾ കണ്ട് മറന്ന മുഖം പോലെ തോന്നിച്ചു.. പക്ഷേ അറിയില്ല.

നേർത്ത മുടിയിഴകളിൽ ചെറിയ ഇലകളും കമ്പുകളും പറ്റി പിടിച്ചിരിക്കുന്നു.. ചുവന്ന പൊട്ട് കുറച്ച് ബാക്കി നിൽക്കെ മാഞ്ഞിരുന്നു.. തുടുത്ത ചുണ്ടുകളിലെ മുറിവിൽ നിന്നും ചോര പൊടിഞ്ഞു കൊണ്ടിരുന്നു.. നെഞ്ചിലും വയറിലും തുടയുടെ ഭാഗങ്ങളിലും എല്ലാം മാന്തിയ പാടുകളും എന്തോ കൊണ്ട് മുറിഞ്ഞ അടയാളങ്ങളും. അടഞ്ഞ കണ്ണിലെ കൃഷ്ണമണികളും തളർന്ന കൈവിരലുകളും ചലിക്കുന്നുണ്ടായിരുന്നൂ.

 

അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന ചിന്ത മനസ്സിൽ വന്നു.. പെട്ടന്ന് തന്നെ വെളിച്ചം നാല് പാടും അടിച്ചു.. കുറച്ച് മാറി അവളുടെ ഒരു പാവടയും ബ്ലൗസും കിടക്കുന്ന കണ്ടു.. വേഗം തന്നെ അത് അതെടുത്ത് അവളെ അണിയിച്ചു.

അവളെ പൊക്കി തോളിലേക്ക് ഇട്ടു സൈക്കിൾ ലക്ഷ്യമാക്കി നടന്നു..

ആശുപത്രിയിലേക്ക് നല്ല ദൂരം ഉണ്ട് സൈക്കിളിൽ കൊണ്ട് പോകാനും കഴിയില്ല.. എന്ത് ചെയ്യണം എന്ന ആലോചന ചെന്ന് എത്തിയത് സുഹൃത്ത് ദേവന്റെ അടുത്താണ് അങ്ങനെ അവളെയും കൊണ്ട് അവന്റെ വീടിന് അടുത്ത് ചെന്നു.. കാര്യം അവനോട് പറഞ്ഞില്ല.. ഒരു ആവശ്യം പറഞ്ഞു അവന്റെ കാർ വാങ്ങി..

പറ്റുന്ന വേഗത്തിൽ ആശുപത്രി എത്തിപ്പെട്ടു…

 

യൂണിഫോമിൽ കണ്ട കൊണ്ട് ആയിരിക്കാം അവിടെ നിന്ന ആളുകൾ സഹായത്തിനു എത്തി.. പരിചരണത്തിനായി അകത്തേക്ക് കൊണ്ട് പോയി. സമയം കളയാതെ ഡോക്ടർ വന്നു വേണ്ടതൊക്കെ ചെയ്തു.

മനസ്സ് എങ്ങും എങ്ങും എന്നില്ലതെ ഓടി നടന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് പുറത്ത് വന്ന ഡോക്ടർ ഞാൻ ഇരിക്കുന്ന ഇടം ലക്ഷ്യമാക്കി വന്നു..

അദ്ദേഹത്തിന്റെ മുഖം കുറച്ച് ദുഖപൂർണം ആണ് എന്ന് തോന്നി.. എങ്ങനെ ഉണ്ട് ഡോക്ടർ ഞാൻ ചോദിച്ചു..

ആളുടെ കണ്ടിഷൻ ഇപ്പൊൾ കുറച്ച് സീരിയസ് ആണ്.. രക്ഷപ്പെടാൻ ഉള്ള ചാൻസും വളരെ കുറവാണ്..

തലക്ക് പിന്നിൽ ഏറ്റ മർദനത്താൽ ആണ് ആദ്യം ബോധം പോയത്.. പിന്നെ സ്വകാര്യ ഭാഗങ്ങളിലെ ക്രൂരമായ ഉപദ്രവങ്ങളും.

നാൽപ്പത്തി എട്ട് മണിക്കൂർ കഴിഞ്ഞാൽ മാത്രേ എന്തെങ്കിലും പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു..

താങ്കൾക്ക് വേണമെങ്കിൽ പോകാം , ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ.നാളെ കഴിഞ്ഞ് വന്നാലും മതി.. അദ്ദേഹത്തിന്റെ വാക്കുകളിൽ കണ്ട വിശ്വാസം എന്നെ അവിടെ നിന്നും പോകുവാൻ അനുവദിച്ചു..

 

മനസ്സിൽ എന്തൊക്കെയോ ഇരുണ്ടു കൂടി.

പോകുന്ന വഴി ചിന്തകള് മാറി മാറി വന്നു. അവളെ ആരായിരിക്കും ഈ അവസ്ഥയിൽ എത്തിച്ചത് , എങ്ങനെ ഇവിടെ വന്നു , കണ്ട് മറന്ന മുഖം എല്ലാം ഒരു പോലീസ് ബുദ്ദിയാൽ ചിന്തിക്കുവാൻ തുടങ്ങി.. പക്ഷേ എവിടെ തുടങ്ങണം എങ്ങോട്ട് പോകണം ഒരു പിടിയും ഇല്ല.

അവൾക്ക് ബോധം വരണം കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ..

കൂടുതൽ എന്തെങ്കിലും വിവരങ്ങൾ കിട്ടുമോ എന്നറിയാൻ അവള് കിടന്ന സ്ഥലത്ത് ഞാൻ ഒന്ന് കൂടി പോയി. അവിടം മുഴുവൻ നോക്കിയിട്ട് പോലും ഒരു തെളിവും കിട്ടിയില്ല.. മനസ്സ് വീണ്ടും താഴുന്നു പോകുന്ന പോലെ തോന്നി.. വിട്ടു കളയാൻ പറ്റില്ല.. കൂടുതൽ ആത്മ വിശ്വാസം നൽകി ഞാൻ വീട്ടിലേക്ക് പോയി..

 

ഡോക്ടർ പറഞ്ഞ സമയം വരെ കാത്തു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. വീട്ടിൽ ചെന്ന് ഫ്രഷ് ആയതിനു ശേഷം ആശുപത്രി ലക്ഷ്യമാക്കി ഞാൻ കുതിച്ചു.. കാർ പാർക്ക് ചെയ്ത് അകത്തു ചെന്ന എന്നെ കാത്തിരുന്നത് അവിടെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ആയിരുന്നു.. എന്നെ ഇന്നലെ പറഞ്ഞു വിട്ട ഡോക്ടർ നേഴ്സ് അങ്ങനെ തുടങ്ങിയ കുറച്ച് പെർ അവിടെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പരിഭ്രമിക്കാൻ തുടങ്ങി.. സംസാരിച്ചു കൊണ്ട് നിന്ന അവരുടെ ചലനങ്ങൾ മാറി. കുറച്ച് പെർ എന്നിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.. ഒന്നും മനസ്സിലാകാതെ നിന്ന എന്നെ ഡോക്ടർ അവള് കിടന്ന റൂമിലേക്ക് കൊണ്ടുപോയി.. അവിടെയും കുറച്ച് ആളുകൾ നിന്നിരുന്നു.. ആ റൂമിന്റെ വാതിൽ തുറന്നു ഞങൾ അകത്തു കയറി. അവിടെ അവള് കിടന്നിരുന്ന ബെഡ് കാലിയായി കിടക്കുന്നു.

പെട്ടന്ന് എന്റ നോട്ടം ഡോക്ടറിന്റെ മുഖത്തേക്ക് ആയി.. അദ്ദേഹം പറഞ്ഞ വാക്കുകൾ വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..

ഇന്നലെ നിങ്ങള് പോയതിനു ശേഷം ഞങൾ

ആശുപത്രി വിട്ടു എങ്ങും പോയില്ല. ഇവിടെ ഉള്ള സെക്യൂരിറ്റി സ്റ്റാഫുകളും അറ്റൻഡർ മാരും എല്ലാം ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.. ഇന്നലെ വന്നതിൽ ഏറ്റവും സീരിയസ് കേസ് ആയിരുന്നു താങ്കൾ കൊണ്ട് വന്ന പെൺകുട്ടിയുടെത്.. അതിനാൽ അവളിൽ ആയിരുന്നു ഞങ്ങളുടെ പൂർണ നിരീക്ഷണം..

പക്ഷേ അവൾക്കുള്ള അവസാന ഇഞ്ചക്ഷൻ കൊടുക്കാൻ ചെന്ന സിസ്റ്റർ കണ്ടത് അവള് റൂമിന്റെ അകത്തെ ജനലിന്റെ അടുത്ത് നില്കുന്ന കാഴ്ച്ച ആണ്.. അത് കണ്ടപ്പോൾ വിശ്വാസം വരാതെ സിസ്റ്റർ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു.. പെട്ടന്ന് തിരിഞ്ഞു നിന്ന അവളിൽ കണ്ട മാറ്റം അവിശ്വസനീയം ആയിരുന്നു.. ഇന്നലെ കൊണ്ട് വന്നപ്പോൾ ഉണ്ടായിരുന്ന ഒരു കുഴപ്പവും അവളിൽ സിസ്റ്റർ കണ്ടില്ല.. പൂർണ ആരോഗ്യവതി ആയിരിക്കുന്നു.. ചിരിച്ചു കൊണ്ട് സംസാരിച്ച അവൾക്ക് പെട്ടന്ന് തന്നെ മാറ്റങ്ങൾ വന്നു.. കണ്ണുകൾ ചുവന്നു വിടർന്നു.. ചുണ്ടുകളിൽ കറുത്ത നിറം വന്നിരിക്കുന്നു.. ജനലിൽ കൂടി വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി നടന്നു.. പെട്ടന്ന് തന്നെ രോഷം നിറഞ്ഞ് സിസ്റ്റ്ററിന്റെ കഴുത്തിൽ കുത്തി പിടിച്ചു..

ഭയങ്കര ശക്തി ഉണ്ടായിരുന്നു എന്നും അതിൽ നിന്നും രക്ഷപ്പെടാൻ കുറെ ബുദ്ധിമുട്ടി എന്നും സിസ്റ്റ്ററിൽ നിന്നും അറിയാൻ കഴിഞ്ഞു..

 

എല്ലാം കേട്ട് നിന്ന എന്നിലേക്ക് വീണ്ടും വന്നത് ഉത്തരങ്ങൾ ഇല്ലാത്ത കുറെ ചോദ്യങ്ങൾ ആയിരുന്നു.. അവിടെ അവള് കിടന്ന റൂമിൽ നന്നായി നോക്കി. പക്ഷേ അവിടെ നിന്നും ഒന്നും തന്നെ കണ്ടെത്താൻ ആയില്ല. എന്തുചെയ്യണം എന്നറിയാതെ അവള് കിടന്ന കട്ടിലിൽ ഞാൻ ഇരുന്നു. തലയിണയുടെ അടിയിൽ എന്തോ ഉള്ളപോലെ തോന്നി.. മാറ്റി നോക്കിയപ്പോൾ ഒരു ചുവന്ന സിന്ധുരച്ചെപ്പ്‌ കിട്ടി. അതിൽ പകുതി ഓളം സിന്ദുരം ഉണ്ടായിരുന്നു.. വേറെ ഒന്നും തന്നെ അവിടെ നിന്നും കിട്ടിയില്ല..

 

പൂർണമായും വേറെ ഏതോ ലോകത്തിൽ എത്തിയ അവസ്ഥ.. എല്ലാവരോടും പറഞ്ഞു കാർ എടുത്ത് ഞാൻ തിരിച്ചു പോയി.. വഴിയിൽ ഉടനീളം അവളെ കുറിച്ചുള്ള ചിന്ത.. കഥകളിൽ കേട്ട് പഴകിയ യക്ഷിയോ അതോ ആഗ്രഹങ്ങൾ പൂർണമാക്കൻ സാധിക്കാതെ ആത്മാവ് ആണോ , മനസ്സ് കേട്ട് പൊട്ടിയ പട്ടം പോലെ പാറി നടന്നു.. അവിടെ നിന്നും കിട്ടിയ സിന്ധുര ചെപ്പ്‌ ഒന്ന് കൂടി നോക്കണം എന്ന് തോന്നി.. കാർ ഒരു സൈഡിൽ നിർത്തി ചെപ്പ് കയ്യിൽ എടുത്തു. അതിലെ സിന്ദുരം എന്റ കയ്യിലേക്ക് മുഴുവനായി കമഴ്ത്തി.

ഒട്ടും പ്രതീക്ഷിക്കാതെ അതിൽ നിന്നും ഒരു ചെറിയ മോതിരം കൂടി കയ്യിലേക്ക് വീണു.മോതിരത്തിന്റെ സിന്ദുരം മാറ്റിയപ്പോൾ അതിന്റെ നടുവിൽ മായ എന്നൊരു പേര് തെളിഞ്ഞു വന്നൂ..

 

ഇന്നലെ ഞാൻ കൊണ്ട് പോയ പെണ്ണ് ആണോ ഇനി മായ.. ഒരു കുഴപ്പവും ഇല്ലാതെ അവള് പോയപ്പോൾ ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ. എന്നിരുന്നാലും അവൾക്ക് കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നൊരു ആശ്വാസം മനസ്സിൽ വന്നു തുടങ്ങി.. നീണ്ട ഒരു ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ആ മോതിരം ചെപ്പിനുള്ളിൽ ആക്കി കാറിന്റെ ഒരു സൈഡിൽ വെച്ചു.

സമയം കളയാതെ വീട് ലക്ഷ്യമാക്കി കാറിന്റെ ടയറുകൾ ഉരുണ്ടു തുടങ്ങി…

 

ശുഭം…..

Recent Stories

The Author

ആദിശേഷൻ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com