വിഷ കന്യക 31

Views : 7008

വിഷ കന്യക

Visha Kanyaka Author: Dhanya

ദേവൂ … ഇക്കുട്ടി ഇതെവിടെയാ…… എത്ര പറഞ്ഞാലും മനസ്സിലാവില്യാച്ചാ എന്താ ചെയ്യാ……

ന്താ മുത്തശ്ശി…. ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യോ ണ്ടോ ഇന്നേരത്ത് നാഗത്താർക്ക് വിളക്കിന് പോവുംന്ന് അറിഞ്ഞൂടേ…… വിളി കേട്ടു വന്ന ദേവു നീരസപ്പെട്ടു…..

അറിയാഞ്ഞിട്ടല്ല, ന്റെ കുട്ട്യേ…. ത്രിസന്ധ്യ നേരാ… വിളക്ക് വെച്ച് വെക്കം വന്നൂടെ, അന്തിമയങ്ങിയാനാഗത്താർ കാവലിനിറങ്ങണ നേരാ…

ദാ തുടങ്ങീലോ.. കഥ പറയാൻ….ന്റെ മുത്ത്യേ.. കേട്ടുകേട്ട് മടുത്തിരിക്കണൂ..ദേവു ചിരിച്ചു..

ചിരിച്ചോ കുട്ടീ… എന്റെ ചെറുപ്പത്തി, ആവശ്യല്ലാതെ അവിടേക്ക് നോക്കാൻ കൂടി പേടിയാ… നാഗത്താർക്ക് ദേഷ്യായാ ഭക്തൻന്നില്യാ.. പിന്നെ നാശേണ്ടാവൂ.. ഒരിയ്ക്കെ മനയ്ക്കലെ ധാത്രി വിളക്കിന് പോയതാ പിന്നെ വന്നത് നീലച്ചിട്ടാ.. അങ്ങനെ എത്ര പേരാ…. ശങ്കരിയമ്മ എന്തോ ഓർത്തപോലെ കാവിലേക്ക് നോക്കി….

ദേവൂം കേട്ടിട്ടുണ്ട് അക്കഥ, മനയ്ക്കലെ ധാത്രി നാഗദംശനമേറ്റ് മരിച്ച ജനശ്രുതി, നാഗത്താർക്ക് വിളക്കിന് പോയ അവളെ കാണാഞ്ഞ് തിരഞ്ഞു ചെന്നവർ കണ്ടത് നീലച്ച ശരീരമായി കിടന്നിരുന്ന ധാത്രിയെയാണ് .. അവളുടെ ദേഹത്ത് ചുറ്റി പിണഞ്ഞിരുന്നു ഒരു കരിനാഗം .. അന്നൊരു പാട് പൂജകളും, പരിഹാരക്രിയകളും ചെയ്തിട്ടാണത്രേ ആ നാഗം ശരീരത്ത് നിന്നിറങ്ങിയത്.. പിന്നീട് ആരും അതിനെ കണ്ടിട്ടുമില്ല… അങ്ങനെ വീണ്ടും രണ്ട് മരണം കൂടി ആയപ്പോൾ വിളക്ക് മുടങ്ങി…. മനയിൽ ദോഷങ്ങൾ കാണാൻ തുടങ്ങിയതോടെ വർഷങ്ങൾക്ക് ശേഷം പ്രശ്നം വച്ചു… മുടങ്ങിയ വിളക്ക് വീണ്ടും തെളിയാതെ പരിഹാരമാവില്ല എന്ന് തെളിഞ്ഞു … അങ്ങനെയാണ് വീണ്ടും നാഗത്തറയിൽ വിളക്കിനുള്ള നിയോഗം ദേവുവിലേക്ക് എത്തിയത്..

നിയ്ക്ക് ഒന്നും വരില്ല മുത്തശ്ശി, ന്റെ നാഗത്താർക്ക് അത്ര നിഷ്ഠയോടെയാ ഞാൻ വിളക്ക് കാട്ടണത്… ന്നെ, ന്റ നാഗത്താര് കാക്കും..ദേവു മുത്തശ്ശിയുടെ കവിളിൽ നുള്ളി ..

കുറുമ്പ് ലേശം കൂടണുണ്ട് കുട്ട്യേ നിനക്ക്…മംഗലം കഴിഞ്ഞാ പിന്നെ ഈ കുറുമ്പ് എടുത്താ കിട്ടും നെനക്ക് വേളിക്കാരന്റെ കൈയീന്ന്…. ശങ്കരിയമ്മ വാത്സല്യത്തോടെ അവളെ നോക്കി.

ദേവു വിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് തൊട്ടടുത്ത് തന്നെയുള്ള വലിയ ജന്മി കുടുംബത്തിലെ പയ്യൻ…” കിഷോർ “…

ദേവു അത്താഴത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് ഫോൺ ശബ്ദിച്ചത്…… കിച്ചേട്ടൻ….

ന്താ.. കിച്ചേട്ടാ… ഈ നേരത്ത്…. അവളുടെ സ്വരത്തിൽ പ്രണയം മൊട്ടിട്ടു.

എന്താദേവൂട്ടി, വിളിച്ചൂടെ… എനിക്കാ ശബ്ദം കേൾക്കണംന്ന് തോന്നിയാ ആ നേരം വിളിക്കും ഞാൻ… അതിന് സമയോം കാലോം നോക്കില്ല….

അതല്ല കിച്ചേട്ടാ….. അവൾ മുഴുമിപ്പിച്ചില്ല..

നിനക്ക് അല്ലെങ്കിലും ഇങ്ങനെയൊരുത്തൻ ഉണ്ട്, വല്ലപ്പോഴെങ്കിലും ഒന്ന് വിളിക്കാം എന്നുള്ള വിചാരം ഇല്ലല്ലോ… അവന്റെ സ്വരത്തിൽ പരിഭവം നിറഞ്ഞു…

വിളിച്ചില്ലേലും ന്റ ഉള്ളിൽ എപ്പഴും ഈ ആൾ മാത്രല്ലേയുള്ളൂ….

ദേവൂട്ടീ……. അവൻ വിളിച്ചു….
ന്തോ….. ദേവുവിന്റെ സ്വരം നേർത്തു.

ദിവസങ്ങൾക്ക് ശേഷം ഒരു സന്ധ്യയ്ക്ക് നാഗത്തറയിൽ വിളക്ക് വയ്ക്കുകയായിരുന്നു അവൾ. കരിയിലകൾ ഇളകുന്ന ശബ്ദം കേട്ടവൾ തലയുയർത്തി…. ഒന്നുമില്ല….. കാറ്റടിക്കുന്നുണ്ട് അതാവും….. അവൾ വിളക്കുകൾ തിരിയിട്ട് കൊളുത്തി…. വീണ്ടും തന്റെ കാൽക്കൽ ഒരു ചെറുചലനം…. പെട്ടന്നൊരു ഭയം ഉള്ളിലേക്ക് അരിച്ചിറങ്ങുന്നതു പോലെ ദേവുവിന് തോന്നി.
നോക്കാൻ ധൈര്യം കിട്ടുന്നില്ല എങ്കിലും അവൾ പതിയെ തിരിഞ്ഞു നോക്കി…..

തന്റെ കാൽചുവട്ടിൽ ഒരു കാൽപാദ മകലെ, കറുകറുത്ത ഒരു കരിനാഗം ഫണമുയർത്തി നിൽക്കുന്നു.. ദേവു, ശ്വാസമെടുക്കാൻ പോലും മറന്ന് സ്തംഭിച്ച് നിന്നു പോയി.

ആ നാഗം, അത് അവൾക്കു മുൻപിൽ തന്നെ നിൽക്കുകയാണ് തീഷ്ണമായ ഭാവത്തോടെ…..

ന്റ… നാഗത്താരേ….. കാത്തോളണേ….. ദേവു മനമുരുകി വിളിച്ചു.. പെട്ടന്ന് നാഗം അവളുടെ കാൽചുവട്ടിലേക്ക് ഇഴത്തെത്തി, അവളിൽ ഒരു വിറയൽ പടർന്നു .. അത് അവളുടെ കാൽക്കൽ ഒന്നു നിന്നു.. ദേവു കണ്ണുകൾ ഇറുക്കിയടച്ചു….. മനസ്സു മുഴുവൻ പ്രാർത്ഥനയായിരുന്നു….. അൽപ്പനേരം അങ്ങനെ നിന്ന് നാഗം ഇഴഞ്ഞ് ഇലപ്പടർപ്പുകളിൽ മറഞ്ഞു.

Recent Stories

The Author

DarylZorge

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com