വേനൽമഴ 27

Views : 4471

രംഗം 8.

(സെലിന്റെ വീട്.)

“നീ ജോസുകുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അപ്പച്ചനെയും അമ്മച്ചിയെയും ജീവനോടെ കാണില്ല… വിഷം കഴിച്ച് ഞങ്ങൾ ആത്മഹത്യ ചെയ്യും…” അപ്പച്ചൻ സെലിനോട് താക്കീതായി പറഞ്ഞു.

“നിങ്ങൾക്കൊക്കെ ശല്യമാകാതെ..ഞാനും മോളും എവിടെ എങ്കിലും പോയി ജീവിച്ചോളാം..” സെലിൻ പറഞ്ഞു.

“ഒരാന്തുണ ഇല്ലാതെ ഒരു പെണ്ണ് ഒറ്റക്ക് താമസിച്ചാൽ നന്നായിരിക്കും… അതോടെ പഞ്ഞിമുറ്റം തറവാടിന് നല്ലൊരു ചീത്തപ്പേരും കിട്ടും…”
മോളിക്കുട്ടി പറഞ്ഞു.

“മോളിക്കുട്ടി നീ മിണ്ടാതിരി…” സെലിന്റെ അമ്മച്ചി മോളിക്കുട്ടിയെ ശകാരിച്ചു.

“അവൾ പറഞ്ഞതിലെന്താ തെറ്റ്..”

എല്ലാം കേട്ടു നിന്ന സണ്ണി അമ്മച്ചിയോട് ചോദിച്ചു.

“അങ്ങനെ ചോദിക്ക് സണ്ണിച്ചായാ…” മോളിക്കുട്ടി ഭർത്താവിനോട് ആജ്ഞാപിച്ചു.

“സെലിനും ജോസുകുട്ടിയും തമ്മിലുള്ള വിവാഹം നടന്നെ പറ്റു… അത് പഞ്ഞിമുറ്റം തറവാടിന്റെ അന്തസിന്റെ പ്രശ്നമാണ്.. അതോടൊപ്പം ആ ജെയിംസ് ചെറ്റയോടുള്ള പ്രതികാരവും…” സണ്ണി വാശിയോടെ പറഞ്ഞു.

“ഞാൻ നിങ്ങൾക്കൊക്കെ ഒരു ബാധ്യത യായല്ലേ…” സെലിൻ ചോദിച്ചു.

അവൾ ദയനീയതയോടെ അമ്മച്ചിയെയും അപ്പച്ചനെയും മാറി മാറി നോക്കി.

“അതേ… നീ ഞങ്ങൾക്കിപ്പോ ബാധ്യത തന്നെയാ… ” സണ്ണി തീർത്തും പറഞ്ഞു.

സെലിൻ കരഞ്ഞു കൊണ്ട് സ്റ്റെയർ കയറി മുകളിലത്തെ അവളുടെ മുറിയിലേക്കോടി.

രംഗം 9.

(പള്ളിയുടെ ഉൾവശം)

ജോസുകുട്ടിയുമായുള്ള സെലിന്റെ മനസമ്മതം.

“പഞ്ഞി മുറ്റത്തു സേവ്യറിന്റെയും അന്നമ്മ സൂസന്റെയും മകളായ സെലിനെ വിവാഹം കഴിക്കാൻ … കതിരുങ്കൽ തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനായ ജോസു കുട്ടിക്ക്‌……….” ഫാദർ ചോദ്യം മുഴുവനാക്കുന്നതിനു മുൻപേ…,

“സമ്മതമാണ്…” ജോസുകുട്ടി ധൃതിയോടെ പറഞ്ഞു.

ഫാദർ അയാളെ തറപ്പിച്ചൊന്നു നോക്കി..
ചിലർ ചിരിച്ചു…

എല്ലാവരും ആഗ്രഹിച്ചത് പോലെ സെലിനും സമ്മതം മൂളി…

അതോടെ എല്ലാവരുടെയും ചങ്കിലെ തീയടങ്ങി.

രംഗം 10.

(ലിറ്റൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ).

ഗേറ്റിനടുത്ത് അല്ലിമോൾ വരുന്നതും കാത്ത് കാറിന്റെ ബോണെറ്റിൽ ചാരി ജെയിംസ് നിന്നു…

കുട്ടികളെ കൂട്ടികൊണ്ടുപോകാൻ രക്ഷകർത്താക്കൾ എത്തിക്കൊണ്ടിരുന്നു..

അയാൾ കയ്യിലെ വച്ചിലേക്ക് ഇടക്കിടക്ക് അക്ഷമനായി നോക്കികൊണ്ടിരുന്നു..

കുട്ടികൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അയാൾക്കാശ്വാസമായി..

“പാപ്പാ…”

കുട്ടികൾക്കിടയിൽ നിന്നും അല്ലിമോളുടെ ശബ്ദം അയാൾ കേട്ടു..

അയാൾക്ക് സന്തോഷമായി.

അല്ലിമോൾ ഓടി വന്ന് അയാളുടെ നെഞ്ചിലേക്ക് വീണു.

അയാൾ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.

“എന്താ പപ്പ മോളേയും മമ്മിയെയും കൂട്ടിക്കൊണ്ടു പോകാൻ വരാത്തെ…”അവൾ ചോദിച്ചു.

അയാൾക്ക് ഉത്തരമുണ്ടായില്ല.

അപ്പോഴേക്കും കാറുമായി ഓമനക്കുട്ടൻ എത്തി.

“സാർ വൈകിയാൽ പ്രശ്നമാകും…”

അല്ലിമോളേയും കൊണ്ട് ഐസ് സ്ക്രീം കഴിക്കാൻ പോകാൻ ഒരുങ്ങിയ ജയിംസിനോട് ഓമനക്കുട്ടൻ പറഞ്ഞു.

“ഒരു രണ്ടു മിനിറ്റ് ..ന്റെ മോളെ ഞാൻ ഒന്നു സ്നേഹിച്ചോട്ടെ ഓമനക്കുട്ടാ…” ജയിംസ് വേദനയോടെ അയാളോട് അപക്ഷിച്ചു.

രംഗം 11.

(സെലിന്റെ വീട്.)

പപ്പ സ്കൂളിൽ വന്ന വിവരം വലിയ സന്തോഷത്തോടെ അല്ലിമോൾ സെലിനോട് പറഞ്ഞു…

ഐസ് സ്ക്രീം കഴിച്ച കര്യമൊക്കെ അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു .സെലിന്റെ അപ്പച്ചനെ കണ്ടപ്പോൾ അവൾ ഭയത്തോടെ സംസാരം നിർത്തി.

“പറഞ്ഞോ… പറഞ്ഞോ.. നിന്റെ പപ്പ വല്ല്യ പുണ്യാളനല്ലേ…” അപ്പച്ചൻ പറഞ്ഞത് കേട്ട്‌ സെലിൻ വേദനയോടെ അയാളെ നോക്കി.

രംഗം 12.

(സെലിന്റെ വീട് – കുറെ ആഴ്ചകൾക്ക് ശേഷം)

സെലിന്റെയും ജോസുകുട്ടിയുടെയും വിവാഹത്തിന്റെ തലേ ദിവസം രാത്രി.

സെലിനെ വീട്ടിലെങ്ങും കാണുന്നില്ല എന്ന വിവരം മോളിക്കുട്ടിയാണ് എല്ലാവരെയും അറിയിച്ചത്.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com