ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ 2124

Views : 7355

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍

Unni Unnikkuttan A Malayalam Full Short Story BY Nishal Krishna

എന്നെ നിങ്ങള്‍ക്കു പരിചയം കാണില്ല. കാരണം ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും ഇതിനു മുന്‍പ് കാണാന്‍ വഴിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എന്നെ പരിചയപെടുത്താം. ഞാന്‍ ഉണ്ണി. വടക്കേടത്തെ സേതുവിന്റെയും സീതയുടെയും മകന്‍. പ്രായം പത്തു വയസ്സ്. വീട്ടിലെല്ലാവരും എന്നെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്നു. അനുജത്തി മീനുവിനു ഞാന്‍ ഉണ്ണ്യേട്ടന്‍. ദേഷ്യം വന്നാല്‍ അവള്‍ക്കു ഞാന്‍ മാക്രി, മരമാക്രി ഒക്കെയാകും. അവള്‍ ഒരു വാശിക്കാരി തന്നെ. കരഞ്ഞു കാര്യം കാണാന്‍ മിടുക്കി. ഞാന്‍ പാവം. ഞാന്‍ എന്നെ പുകഴ്ത്തുകയാണെന്നു വിചാരിക്കരുത്. സത്യമാണതു. അല്‍പ്പം ചില മോഹങ്ങളും ആശകളും ഒക്കെയുണ്ട്. അതിലൊന്നുപോലും സാധിക്കാറില്ല എന്നതാണ് വാസ്തവം. മീനുവിനെപ്പോലെ വാശി പിടിച്ചു കരയുന്നത് എനിക്കിഷ്ടമല്ല. മാത്രമല്ല, മുത്തശ്ശി പറയാറുണ്ടായിരുന്നു വാശി കുട്ടികള്‍ക്ക് നന്നല്ലെന്ന്. മുത്തശ്ശി പറയുന്നതല്ലേ ശരി. അല്ലെങ്കിലും മുത്തശ്ശി ശരി മാത്രമേ പറയാറുള്ളു.

ഞാന്‍ ഈ വര്‍ഷം അഞ്ചില്‍ പഠിക്കുന്നു. അമ്മ എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിടാന്‍ അച്ഛനോട് വാശി പിടിച്ചിരുന്നു. എനിക്കിഷ്ടമല്ല. എനിക്ക് മലയാളം സ്കൂളാണ് ഇഷ്ടം. എനിക്ക് പഠിക്കാന്‍ മിടുക്ക് കുറവായിട്ടല്ല. ഞാന്‍ എല്ലാ വിഷയങ്ങളും പഠിക്കുന്നുണ്ട്. ഇംഗ്ലീഷും എനിക്ക് നന്നായി അറിയാം. എനിക്ക് സ്വന്തം ഭാഷയോടാണ് കൂടുതല്‍ ഇഷ്ടം. അമ്മയുടെ ഒരു പത്രാസ്. അല്ലാതെ മറ്റെന്താണ് അമ്മയ്ക്ക് സ്വന്തം ഭാഷയോടുള്ള ഈ പുച്ഛം എനിക്ക് പിടിക്കുന്നില്ല. അമ്മയോട് നേരിട്ട് പറയുന്നത് ശരിയല്ലല്ലോ. ഞാന്‍ കൊച്ചു കുട്ടിയല്ലേ? പറഞ്ഞാല്‍ ഞാന്‍ ഒരധികപ്രസംഗി ആകില്ലേ? അതുകൊണ്ട് ഞാന്‍ അമ്മയോട് പറയില്ല. അമ്മ സീത, സീതാദേവിയെപ്പോലെ സഹനവും എളിമയും എന്റെ അമ്മയ്ക്കില്ലെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും ഞാന്‍ കുറച്ചു വളര്‍ന്നു കഴിഞ്ഞാല്‍ അമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ്ക്കും.

അച്ഛന്‍ സേതു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അദ്ദേഹം ഒരു മാന്യന്‍ തന്നെ. ഇപ്പോഴത്തെ രാഷ്ട്രിയത്തില്‍ അച്ഛന് വലിയ താല്പര്യമില്ല. എങ്കിലും ജനസമ്മതന്‍. അച്ഛന്‍ ധാരാളം വായിക്കും. നല്ല നല്ല പുസ്തകങ്ങള്‍ .ഞാന്‍ അച്ഛന്റെ സമ്മതത്തോടെ അതെല്ലാം വായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. മീനു വലിയ ഒരു വായനക്ക് പ്രായമായിട്ടില്ലെങ്കിലും കുറച്ചൊക്കെ വായിക്കാം. രണ്ടാം തരത്തില്‍ പഠിക്കുന്ന കുട്ടിയല്ലേ? അവള്‍ ഒരു മടിച്ചി തന്നെ. സംശയം വേണ്ടാ. പാഠപുസ്തകം തന്നെ വായിക്കാന്‍ പറഞ്ഞാല്‍ വായിക്കില്ല. വഴക്ക് പറഞ്ഞാല്‍ കരച്ചില്‍ . കരച്ചില്‍ അവള്‍ക്കു ഒരു ബലം തന്നെ. സൂത്രക്കാരി. ഈ സൂത്രം ആര്‍ക്കും പിടിക്കിട്ടാഞ്ഞിട്ടല്ല. കരച്ചില്‍ കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അവളെ നിര്‍ബന്ധിക്കാറില്ല. അതാണ് വാസ്തവം.

മുത്തശ്ശി ശാന്തമ്മ പേരുപോലെ ശാന്ത സ്വഭാവം. നാട്ടുകാരുടെ വടക്കേടത്തമ്മ. ആരെയും അറിഞ്ഞു സഹായിച്ചിരുന്ന മുത്തശ്ശി. മുത്തശ്ശി മരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. എങ്കിലും മുത്തശ്ശി എന്നെ വിട്ടു പോയിട്ടില്ലെന്നതാണ് വാസ്തവം. മുത്തശ്ശിയുടെ വാക്കുകളും രൂപവും ഇന്നും എന്നും എന്നിലുണ്ടാകും. എന്റെ പ്രിയപ്പെട്ട മുത്തശ്ശി. ഞാന്‍ മുത്തശ്ശനെ കണ്ടിട്ടില്ല. ഞാന്‍ ജനിച്ചപ്പോള്‍ മുത്തശ്ശന്‍ ജീവിച്ചിരുന്നില്ല. മുത്തശ്ശി പറഞ്ഞു മുത്തശ്ശനെ നല്ല പരിചയമാണ്. നല്ലൊരു മനുഷ്യനായിരുന്നെന്നു പലരും പറഞ്ഞു അറിഞ്ഞിട്ടുണ്ട്. കാണാത്ത മുത്തശ്ശനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. മുത്തശ്ശനെ കുറിച്ച് പറയുമ്പോള്‍ മുത്തശ്ശിക്ക് അനന്തന്റെ നാവായിരുന്നു.

“ഉണ്ണ്യേ, എന്റെ കുട്ട്യേ, നിനക്കറിയണോ നിന്റെ മുത്തച്ഛനെക്കുറിച്ച്? എത്ര നല്ല സ്വഭാവമായിരുന്നു നിന്റെ മുത്തശ്ശന്? നല്ല തങ്കപ്പെട്ട സ്വഭാവം. പാവം ഈശ്വരന്‍ അദ്ദേഹത്തെ നേരത്തെ വിളിച്ചു. നല്ലവരെ ഈശ്വരന്‍ നേരത്തെ വിളിക്കുമെന്ന് പറയുന്നതെത്ര ശരിയനെന്റെ കുട്ട്യേ?” മുത്തശ്ശി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കും. എനിക്ക് മുത്തശ്ശനെ കുറിച്ച് കേള്‍ക്കാന്‍ കൊതിയാണ്.

നല്ല സുമുഖന്‍, ആരും ഒന്ന് നോക്കാതിരിക്കില്ല. നിന്റെ അച്ഛനെക്കാള്‍ സുന്ദരന്‍. സത്യസന്ധനും ദേശ സ്നേഹിയും പരോപകാരിയും ആയിരുന്നു അദ്ദേഹം. പാവം ഒത്തിരി കഷ്ടപ്പെട്ടിരുന്നു. എന്നെ വലിയ കാര്യമായിരുന്നു. മുത്തശ്ശി പറഞ്ഞു കരയുമ്പോള്‍ എനിക്ക് ആ മുത്തശ്ശനെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നാ ദുഃഖം ഉണ്ടാകാറുണ്ടായിരുന്നു. ഞാന്‍ മുത്തശ്ശിയോടു പറയുമായിരുന്നു എനിക്ക് മുത്തശ്ശനെപ്പോലെ ആകണം മുത്തശ്ശീ എന്ന്. ആകുവോ മുത്തശ്ശീ ഞാന്‍? മുത്തശ്ശി പറയും, “ആകും കുട്ട്യേ നീ. മുത്തശ്ശന്റെ തനി സ്വരൂപമല്ലേ”. മുത്തശ്ശിയുടെ വാക്കുകള്‍ ശരിയാകും. എന്റെ മനസ്സ് പറയുന്നു.

Recent Stories

The Author

Nishal Krishna

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com