തിരമാലകളുടെ കഥ 34

Views : 4801

തിരമാലകളുടെ കഥ
Thiramalakalude kadha Author :  Arjun

 

 

പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ ഇലപ്പടർപ്പുകളിൽ നിന്ന് തുള്ളികളായി ഭൂമിയിലേക്ക് അടര്‍ന്ന്‍ വീണുകൊണ്ടിരുന്നു. മറ്റൊരു മഴയുടെ വരവ് തിരിച്ചറിഞ്ഞ അന്തരീക്ഷം തണുപ്പിന്‍റെ ആവരണം ചേർത്തുടുത്ത്,ഇരുട്ടിനെ പതിയെ പുണരുവാന്‍ തുടങ്ങി.

കമ്പിളിപുതപ്പിന്‍റെ ഒരുതുമ്പ് തോളിലേക്ക് മടക്കിയിട്ട് കൊണ്ട് ബാല്‍ക്കണിയില്‍ നിന്ന്‍ കാഴ്ചകള്‍ കാണുകയായിരുന്നു ശകുന്തള ടീച്ചർ.

സ്കൂൾ കഴിഞ്ഞെത്തി കുളിയും പ്രാത്ഥനയും കഴിഞ്ഞാല്‍ നേരെ ബാൽക്കണിയിലേക്ക് പോകുന്നതാണ് ടീച്ചറിന്‍റെ പതിവ്.

ഇവിടെ ബാൽക്കണിയിൽ ഇരിക്കുപ്പോൾ വിശാലമായ ലോകത്ത് നിന്ന് എന്‍റെതു മാത്രമായ ലോകത്തെയെനിക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് ടീച്ചർ പലപ്പോഴും പറയുമായിരുന്നു.

നഗരത്തിലെ തിരക്കുകളില്‍ നിന്ന്‍ ഗ്രാമത്തിലെ നിശബ്ദതയിലേക്കുള്ള വഴിമദ്ധ്യയെയായിരുന്നു ടീച്ചറിന്‍റെ ഫ്ലാറ്റ്.

ബാൽക്കണിയുടെ ഒരറ്റത്ത് നിന്ന് നോക്കിയാൽ ഗ്രാമത്തിലെ അവശേഷിക്കുന്ന പാടങ്ങളും,തോടും വിശാലമായ മൈതാനവും അതിന്‍റെ അതിരിനോട് ചേര്‍ന്ന്‍ വൃക്ഷതലപ്പുകളെ തലോടുന്ന അനന്തമായ ആകാശവും കാണാമായിരുന്നു.

ബാൽക്കണിയുടെ മറുവശത്ത് നഗരത്തിന്‍റെ തിരക്കുകളുടെ കാഴ്ച്ചയായിരുന്നെക്കിലും, അവിടെ ടീച്ചറിന് പ്രീയപ്പെട്ട മറ്റൊരു കാഴ്ചയുണ്ടായിരുന്നു.നഗരത്തിനു തൊട്ടു പിന്നിലായി കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നീലിമ.അതിൽ ചെറു മീനുകളെ പോലെ നീന്തിയലയുന്ന ചെറു വള്ളങ്ങൾ,അവയ്ക്ക് മുകളിലായി വട്ടമിട്ടുപറക്കുന്ന കടൽകാക്കകൾ എല്ലാറ്റിനും ഉപരിയായി കടലിന്‍റെ അഗാധതയിൽ നിന്ന് കരയെ പുണരാനായി നിരന്തരം തീരത്തേയ്ക്ക് അണയുന്ന തിരമാലകൾ…….

“എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ടീച്ചറെ…………അതൊരു കൊച്ചു കുഞ്ഞല്ലേ…….”

ചായകപ്പ് ശകുന്തള ടീച്ചർക്ക് നേരെ നീട്ടികൊണ്ട് ലളിത പറഞ്ഞു.

പുറം കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ബാല്‍ക്കണിയിലിരുന്ന് ചായ കുടിക്കാനുള്ള ടീച്ചറിന്‍റെ ഇഷ്ടത്തെ ഒരു ശീലമാക്കി മാറ്റിയതിന് പിന്നില്‍ ലളിതയുടെ പങ്ക് വലുതാണ്.
പണ്ടൊരിക്കല്‍ ഇതുപോലെ മഴയുള്ളൊരു സായാഹ്നത്തിൽ ടീച്ചര്‍ ഒരു ചായ ആവശ്യപ്പെട്ടതാണ്,പിന്നീടെന്നും ആവശ്യപ്പെടാതെതന്നെ ലളിത ചായ കപ്പുമായി കൃത്യസമയത്ത് ബാൽക്കണിയിലേക്ക് വന്നു.

ലളിതയുടെ അത്തരം കരുതലും,സ്നേഹവുമാണ് അവളെ ഒരു വേലക്കാരിക്കപ്പുറം ശകുന്തള ടീച്ചറുടെ പ്രീയപ്പെട്ടവളാക്കിയതും.

പക്ഷെ….,എന്തുകൊണ്ടോ ലളിതയുടെ ഇപ്പോഴത്തെ സംസാരം ശകുന്തള ടീച്ചർക്ക് ഇഷ്ടമായില്ല.

താൻ ചിന്തകളിൽ നിന്ന് മായ്ച്ചു കളയാൻ ശ്രമിക്കുന്നതിനെ ഓർമ്മകളുടെ ബ്ലാക്ക്ബോർഡിലേക്ക് അവൾ പിന്നെയും അമർത്തിയെഴുതാൻ ശ്രെമിക്കുകയാണെന്ന് ടീച്ചർക്ക് തോന്നി.

ടീച്ചർ ചായകപ്പ് വാങ്ങി തന്‍റെ അനിഷ്ട്ടം പ്രകടമാക്കാതെ ചാരുകസേരയിലേക്ക് വന്നിരുന്നു.

“ഡിന്നറിന് എന്താ ലളിത…? എനിക്കിന് കഞ്ഞി മതി……. ?”

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com