ശവക്കല്ലറയിലെ കൊലയാളി 17 20

ശവക്കല്ലറയിലെ കൊലയാളി 17

Story : Shavakkallarayile Kolayaali  17 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

 

 

കതകിലെ മുട്ട് ഒരുനിമിഷം നിശബ്ദമായി. വീണ്ടുംതുടരെ തുടരെയുള്ള മുട്ട് കേട്ടപ്പോള്‍ ഉറക്കം തഴുകിയ മിഴികൾ വലിച്ചു തുറന്ന് ഡോക്ടര്‍ അഞ്ജലി വാതിലിനടുത്തേക്ക് നീങ്ങി.

വാതിലിന്റെ സാക്ഷ വലിച്ചു നീക്കി ഒരു പാളി അകത്തേക്ക് വലിച്ചു തുറന്നു . മുന്നില്‍ മരുന്ന് കുറിപ്പടിയുംട്രേയുമായി ഒരു നേഴ്സ് നിൽക്കുന്നു.

“സോറി മാഡം ഉറങ്ങിയിരുന്നോ ? രണ്ട് മണിക്ക് കഴിക്കേണ്ട ഒരു ഗുളികയുണ്ടായിരുന്നു. “

ക്ഷമാപണത്തോടെ നേഴ്സ് അകത്തേക്ക് പ്രവേശിച്ചു . വാതില്‍ അടയ്ക്കാതെത്തന്നെ ഡോക്ടര്‍ അഞ്ജലി നേഴ്സിനു പിറകേവന്ന് തന്റെ കിടയ്ക്കയില്‍ ഇരുന്നു .

മുറിയിലേക്ക് കയറി വന്ന നേഴ്സ് കയ്യിലെ പരിശോധന ചീട്ടിൽ നോക്കി അഞ്ജലിക്കുള്ള ഗുളിക എടുത്ത് മേശക്ക് മുകളിലെ കൂജയിൽ നിന്ന് ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് ഡോക്ടര്‍ അഞ്ജലിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു .
ഈ സമയം തുറന്ന് വച്ചിരുന്ന വാതില്‍ പാളി കാറ്റില്‍ അടഞ്ഞു ആരോ നീക്കിയ പോലെ അതിന്റെ സാക്ഷ വീണു .

നേഴ്സ് കൊടുത്ത ഗുളിക വായിലേക്കിട്ട് ഗ്ലാസ്സിലെ വെള്ളം വായിലേക്കൊഴിച്ചു . പച്ച രക്തത്തിന്റെ രുചി തിരിച്ചറിഞ്ഞ അഞ്ജലി വെള്ളം പുറത്തേക്ക് ഛർദ്ദിച്ചു.

ഈ സമയം പുറം തിരിഞ്ഞു നിന്ന് മെഡിസിൻ കാർഡിൽ എന്തോ എഴുതിക്കൊണ്ടിരുന്ന നേഴ്സ് അഞ്ജലിക്ക് നേരെ മുഖം തിരിച്ചു . ആ മുഖം കണ്ടതും അഞ്ജലിയിൽ നിന്നും ഒരു നിലവിളി ഉയർന്നെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .

പുറത്ത് അപ്പോള്‍ കാറ്റിന്റെ ശക്തി ക്രമാതീതമായി ഉയർന്നു. ഇടിയും മിന്നലും ശക്തി പ്രാപിച്ചു . കാലൻകോഴി ഭയാനകമായ ശബ്ദത്തില്‍ പേടിപ്പെടുത്തിക്കൊണ്ട് കരഞ്ഞു.
തെരുവ് നായകൾ ആകാശത്തേക്ക് നോക്കി ഓരിയിടാൻ തുടങ്ങി .തുള്ളിക്കൊരുകുടം കണക്കേ പേമാരി വർഷിക്കപ്പെട്ടു.

അഞ്ജലിക്ക് നേരെ തിരിഞ്ഞ നേഴ്സിന്റെ രൂപം കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടേതായിരുന്നു.
ഇടതു വശം ചതഞ്ഞരഞ്ഞ അവളുടെ ശരീരത്തില്‍ നിന്നും അപ്പോഴും രക്തം ഒഴുകിക്കൊണ്ടിരുന്നു.
പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ അഞ്ജലിക്ക്നേരെ തിരിഞ്ഞു.പേടിച്ചു പോയ അഞ്ജലി ഫാദര്‍ ഗ്രിഗോറിയോസ് അവൾക്ക് നൽകിയ മരക്കുരിശ് പോലും മറന്നു പോയിരുന്നു . അഞ്ജലിയുടെ കഴുത്തിന് നേരെ ആ സത്വം രണ്ട് കൈകളും നീട്ടി വന്നപ്പോള്‍ കൈകള്‍ കുത്തി അവൾ പിറകിലേക്ക് നീങ്ങി .

പൊട്ടിച്ചിരിച്ചു കൊണ്ട് ആ സ്ത്രീ രൂപം അടുത്തേക്ക് വന്നപ്പോഴേക്കും അഞ്ജലിയുടെ കൈ കിടക്കയില്‍ കിടന്നിരുന്ന മരക്കുരിശിൽ തടഞ്ഞു . ഉടനെത്തന്നെ അഞ്ജലി ആ മരക്കുരിശ് കയ്യിലാക്കി.

ഈ സമയം ഗാഢ നിദ്രയിലായിരുന്ന ഫാദര്‍ ഗ്രിഗോറിയോസ് ഞെട്ടിയുണർന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ തീക്കനൽ പോലെ ജ്വലിച്ചു. ചെന്നിയിലെ ഞരമ്പുകൾ തുടിച്ചു . ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ഫാദര്‍ ഗ്രിഗോറിയോസ് തറയില്‍ മുട്ടുകുത്തിനിന്ന് വലതു കയ്യില്‍ ക്രൂശിത രൂപം കൊത്തിയ ഊന്ന് വടി ഉയർത്തി പ്രാർത്ഥനാനിരതനായി .

തന്റെ നേരേക്ക് കൈകള്‍ നീട്ടിവന്ന സ്ത്രീ രൂപത്തിനു നേരെ അഞ്ജലി ആ മരക്കുരിശുയർത്തിയതും തീയിൽ തൊട്ടതുപോലെ ആ രൂപം തന്റെ കൈകള്‍ പുറകോട്ട് വലിച്ചു . ഭയപ്പെടുത്തുന്ന രീതിയില്‍ മൂളിക്കൊണ്ട് തല ഇടത്തോട്ടു വലത്തോട്ടും വെട്ടിച്ചു കൊണ്ടിരുന്നു .

അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചു കൊണ്ടിരിന്നപ്പോൾ ഇടതു വശത്തെ പുറത്തേക്ക് അറ്റു തൂങ്ങിയ കണ്ണ് ആടിക്കൊണ്ടിരുന്നു. രക്തത്തുള്ളികൾ ഇറ്റി വീണു. പിളർന്നു നിൽക്കുന്ന തലയോട്ടിയിൽ നിന്നും തലച്ചോർ പുറത്തേക്ക് ചാടി . പേടികൊണ്ട് ആലിലപോലെ വിറയ്ക്കാൻ തുടങ്ങിയ അഞ്ജലിയുടെ കയ്യിലിരുന്ന് മരക്കുരിശും വിറയ്ക്കാൻ തുടങ്ങി .

ഫാദര്‍ ഗ്രിഗോറിയോസ് വചനങ്ങൾ ഉരുവിട്ട് തന്റെ ഊന്നുവടി ‍ വായുവിലേക്ക് മൂന്നുവട്ടം ഉയര്‍ത്തി . ഓരോ തവണ ഉയർത്തുമ്പോഴും അഞ്ജലിയുടെ കയ്യിലെ മരക്കുരിശിൽ നിന്നും ദിവ്യമായ ഒരു പ്രകാശം പുറത്തേക്ക് വമിച്ചു .
ദിവ്യശക്തിക്ക് മുന്നില്‍ പിടിച്ച് നിൽക്കാൻ കഴിയാതെ ആ സ്ത്രീ രൂപം പുകയായ്മാറി ജനൽ വഴി പുറത്തേക്ക് പോയി .

ഫാദര്‍ ഗ്രിഗോറിയോസ് കുരിശ് വരച്ച് എഴുന്നേറ്റു .
ഭയചിത്തയായ അഞ്ജലിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ മരക്കുരിശും കയ്യില്‍ പിടിച്ച് കിടക്കയിലിരുന്നു.

യാമങ്ങൾ കടന്നുപോയി. കിഴക്കൻ ചക്രവാളത്തിൽ സ്വർണ്ണനിറം ചാർത്തി ആദിത്യൻ ഉയര്‍ന്നുവന്നു .

അതിരാവിലെത്തന്നെ എസ് ഐ ജോണ്‍ ഫാദര്‍ ഗ്രിഗോറിയോസിനടുത്തെത്തി .

“ഫാദർ അദ്ദേഹം എവിടെ ഉണ്ടെന്ന് വല്ല വിവരവും കിട്ടിയോ?”

“അറിയില്ല ജോണ്‍… പക്ഷേ അദ്ദേഹത്തിന്റെ നമ്പര്‍ കിട്ടിയിട്ടുണ്ട്.”

“ഇനി എങ്ങനെ അദ്ദേഹത്തെ കണ്ടെത്തും ഫാദർ
എന്തെങ്കിലും വഴി…..?

എസ് ഐ ജോണ്‍ സക്കറിയ ചോദിച്ചു

“കർത്താവ് തമ്പുരാന്‍ എന്തെങ്കിലും ഒരു വഴികാണിച്ചു തരും ജോണ്‍ “

ഇതേസമയം മുരുഡേശ്വര ക്ഷേത്രത്തിൽനിന്നും ഒരു കാർ രാജകുമാരിയിലെ സെന്റ് ആന്റണീസ് ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു…..

(തുടരും….)

Updated: February 24, 2018 — 4:11 am

4 Comments

Add a Comment
  1. kadha nannavunnundu . adutha part udane varum eannu predeekshikkunnu

  2. ithinte bakki eppol varum..???

  3. valare Nannayittund
    feeling curiosity
    adutha bhaagam petten undaakumenn predeekshikunu

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: