രഹസ്യം 2124

Views : 7181

രഹസ്യം

Rahasyam A Malayalam Short Story BY Vilasini Pushkaran Manamboor

ജീവിതകാലമത്രയും കടലിനെ പോഷിപ്പിയ്ക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ ജീര്‍ണ്ണിച്ചു വീര്‍ത്ത ശവം പോലെ, പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം കെട്ടിക്കിടന്നു. അതിനു മീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കു തുണി പോലെ പാലത്തിന്‍റെ നിഴല്‍ പരന്നു കിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു.

പാലത്തില്‍ നിന്ന്‍ ബാലകൃഷ്ണന്‍ താഴേയ്ക്കു നോക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ നദിയില്‍ ഒഴുക്കില്‍ പെട്ടു പോയത്‌ ഓര്‍മ്മ വന്നു. അന്ന് ആരൊക്കെയോ ചേര്‍ന്നു തന്നെ രക്ഷിച്ചു. ഇന്ന് ജീവിതത്തിന്‍റെ ഒഴുക്കില്‍പെട്ടു കൈകാലിട്ടടിയ്ക്കുമ്പോള്‍ ആരുണ്ട്‌ ഒന്നു രക്ഷിയ്ക്കാന്‍ ?

വീട്ടിലേയ്ക്കു നടക്കുമ്പോള്‍ സ്വന്തം ജീവിതപ്രശ്നങ്ങളായിരുന്നു അവന്‍റെ മനസ്സു നിറയെ. വസ്തുവകകള്‍ വിറ്റു തന്നെ ഒരു ബിരുദധാരിയാക്കിയപ്പോള്‍ എന്തെന്തു സ്വപ്നങ്ങളായിരിയ്ക്കും തന്‍റെ മാതാപിതാക്കളുടെ മനസ്സില്‍ വിരിഞ്ഞത്? ഇന്നവയെല്ലാം മണ്ണടിഞ്ഞു. പാസ്സായിട്ട് വര്‍ഷം നാലായി. ഇതുവരേയും ഒരു ജോലി ലഭിച്ചില്ല. തന്‍റെ ഡിഗ്രിയെപ്പറ്റി ഒരുവക പ്രതികാരത്തോടെയാണ് അവനിപ്പോള്‍ ചിന്തിയ്ക്കുന്നത്. ആ കടലാസ്സാണ് തന്നെ ഒന്നിനും കൊള്ളരുതാത്തവനാക്കിയത്. ഇല്ലെങ്കില്‍ കൂലിവേലയ്ക്കെങ്കിലും ആരെങ്കിലും വിളിയ്ക്കുമായിരുന്നു. പക്ഷെ ഒരു ഡിഗ്രിക്കാരന് കൂലിവേലക്കാരനാകാന്‍ ഒക്കുമോ?

അപേക്ഷകളയയ്ക്കാന്‍ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് അവന്‍ വേദനയോടെ ഓര്‍ത്തു. അപേക്ഷകളയയ്ക്കാന്‍ ചെലവാക്കിയ രൂപയുണ്ടായിരുന്നെങ്കില്‍ ഒരു ചെറിയ കട തുടങ്ങാനുള്ള മൂലധനമുണ്ടാകുമായിരുന്നു!

ബസ്സുകളും കാറുകളും ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്ന ആ നിറത്തില്‍ കൂടി ഒറ്റപ്പെട്ട ഒരു യാത്രികനെപ്പോലെ അവന്‍ നടന്നു. ഇപ്പോള്‍ത്തന്നെ വീട്ടിലേയ്ക്കു പോയിട്ട് എന്തു ചെയ്യാനാണ്? ദുര്‍മ്മുഖം കാണിയ്ക്കാതിരിയ്ക്കാന്‍ എല്ലാവരും ശ്രദ്ധിയ്ക്കുന്നെങ്കിലും അവരുടെ മനസ്സിലെ നീറ്റല്‍ തനിയ്ക്കു നന്നായറിയാം. തനിയ്ക്കു വിഷമമുണ്ടാകാതിരിയ്ക്കാന്‍ ഇപ്പോഴും കരുതുന്ന സാധുക്കള്‍ . പക്ഷെ ഇതെത്ര നാള്‍ തുടരും? എന്നെങ്കിലും എപ്പോഴെങ്കിലും ഇതിനൊരു പരിഹാരമുണ്ടായല്ലേ മതിയാകൂ.

എതിരേ വരുന്ന ബസ്സുകളിലേയ്ക്ക് അവന്‍ തുറിച്ചു നോക്കി. അതിലെ യാത്രക്കാര്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. പക്ഷെ തനിയ്ക്കോ? ആ ബസ്സിലെങ്ങാനും കയറി ആരും തിരിച്ചറിയാത്ത ഏതെങ്കിലും നാട്ടില്‍ച്ചെന്ന് എന്തെങ്കിലും പണിയെടുത്തു ജീവിയ്ക്കുന്നതിനെപ്പറ്റി അവന്‍ ആലോചിച്ചു. എന്തെങ്കിലുമൊക്കെ ചെയ്തു ജീവിതമാര്‍ഗ്ഗമുണ്ടാക്കുക. അങ്ങനെ അജ്ഞാതനായി ജീവിയ്ക്കുന്നതിലുള്ള രസം ഭാവനയില്‍ അവന്‍ ആസ്വദിച്ചു. അങ്ങനെ ജീവിച്ചു ജീവിച്ച് ഒരു ദിവസം പെരുവഴിയില്‍ കിടന്നു മരിയ്ക്കുക. സ്വന്തം ജീവചരിത്രം എഴുതി കൈയ്യില്‍ വച്ചുകൊണ്ടു മരിയ്ക്കണം. മരിയ്ക്കാനായി ഈ തെരുവുകളിലേയ്ക്കു തിരിച്ചെത്തണം. ആ അജ്ഞാതമൃതദേഹവും, നാട്ടുകാരുടെ താത്പര്യവും, ഒടുവില്‍ ആ ജീവചരിത്രം നാട്ടുകാര്‍ വായിയ്ക്കുന്നതും, എന്തിന്, സ്വന്തം ശവമടക്കുപോലും അയാള്‍ മനസ്സില്‍ കണ്ടു. പരിപാടികള്‍ പ്രാവര്‍ത്തികമാക്കാനും താത്പര്യം തോന്നി. പക്ഷെ തല്‍ക്കാലം ആ ബസ്സുകളിലൊന്നില്‍ കയറിപ്പറ്റാനുള്ള പണം പോലും കൈവശമില്ലല്ലോ!

Recent Stories

The Author

Vilasini Pushkaran Manamboor

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com