പോലീസ് ഡയറി 6

പോലീസ് ഡയറി

പണമുണ്ടാക്കാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഇല്ലാഞ്ഞതിനാല്‍ ആണ് ഇത്തരമൊരു വക്രബുദ്ധി ഞാന്‍ പ്രയോഗിച്ചത്..മകന്റെ പിറന്നാള്‍ പാര്‍ട്ടി നടന്ന ദിവസം ആയതിനാല്‍ വന്നവരില്‍ ആരെയെങ്കിലും ചേട്ടന്‍ സംശയിച്ചോളും എന്ന് ഞാന്‍ കണക്കുകൂട്ടി. തന്നെയുമല്ല, എനിക്ക് എന്റെ അച്ഛന്‍ തന്ന സ്വര്‍ണ്ണമാണ്‌ ഞാന്‍ എടുത്തത്. അതിന്റെ ഒപ്പമുണ്ടായിരുന്ന പണം ചേട്ടന്റെ ആയിരുന്നു എങ്കിലും സംശയം തോന്നതിരിക്കാനാണ് അതും എടുത്തത്. പക്ഷെ രാവിലെ സാറിവിടെ വന്നപ്പോള്‍ത്തന്നെ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു..അതുകൊണ്ട് എത്രയും വേഗം സ്വര്‍ണ്ണം വിറ്റ്‌ കാശാക്കി ആധാരം തിരികെ വാങ്ങിക്കാന്‍ ഞാനവനോട് ഉടന്‍തന്നെ ഫോണ്‍ ചെയ്ത് പറഞ്ഞു. പക്ഷെ…” രമ ഭിത്തിയില്‍ ചാരി നിന്ന് വിതുമ്പി.

തൊമ്മി അനിലിനെ നോക്കി. അയാള്‍ സ്വയം വിവേചിക്കാന്‍ സാധിക്കാത്ത ഏതോ വികാരത്തിന് അടിപ്പെട്ടതുപോലെ നില്‍ക്കുകയായിരുന്നു.

“ഇവരുടെ അനുജന്‍ രാജീവ് സണ്ണി എന്ന കച്ചവടക്കാരന് സ്വര്‍ണ്ണം നല്‍കി. പക്ഷെ അവന്റെ പക്കല്‍ ഇന്നുതന്നെ നല്‍കാന്‍ രൊക്കം കാശ് ഉണ്ടായിരുന്നില്ല. അവനെ പൊക്കി അവനില്‍ നിന്നു കിട്ടിയ വിവരത്തിന്റെയും പിന്നെ അര്‍ജുനന്‍ ഈ ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് രമയുടെ അനുജന്റെ മേല്‍ ഞങ്ങളുടെ നോട്ടം വീണത്. അതോടെ അവനെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോഷണം നടന്ന ദിവസം രാത്രി അവന്‍ സൈക്കിളില്‍ ഈ ഭാഗത്തേക്ക് വരുന്നത് കണ്ട ഒരു സാക്ഷിയേയും അര്‍ജുനു കിട്ടി; ഒരു ഓട്ടോക്കാരന്‍ വിനോദ്. അവന്‍ ആരെയോ റെയില്‍വേ സ്റ്റേഷനില്‍ വിട്ടിട്ടു വരുന്ന വഴിക്കാണ് രാജീവിനെ കണ്ടത്.. എല്ലാ കാര്യങ്ങളും വേണ്ട രീതിയില്‍ ചോദിച്ചപ്പോള്‍ രാജീവ് മണിമണി പോലെ പറഞ്ഞു. നിങ്ങളുടെ സ്വന്തം ഭാര്യ തന്നെ പ്രതിയായ സ്ഥിതിക്കും, ഇതൊരു വീട്ടുപ്രശ്നം ആയതിനാലും അനിലിന്റെ ഇഷ്ടമനുസരിച്ച് നിയമനടപടികള്‍ എടുക്കാം എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു; അല്ലെങ്കില്‍ വനിതാ പോലീസുമായെ ഞങ്ങള്‍ ഇങ്ങോട്ട് വരുമായിരുന്നുള്ളൂ..” തൊമ്മി തൊപ്പി വീണ്ടും ധരിച്ചുകൊണ്ട് പറഞ്ഞു.

“അമ്മെ കൊണ്ടുപോല്ലേ സാറെ..ഞങ്ങളുടെ അമ്മ പാവമാ..” കുട്ടികള്‍ രണ്ടും രമയുടെ രണ്ടുഭാഗത്തായി നിന്ന് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു. തൊമ്മി രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു:

“അത് മക്കള്‍ അച്ഛനോട് പറ. അച്ഛന്‍ പറഞ്ഞാലേ അമ്മയെ ഞങ്ങള്‍ കൊണ്ടുപോകൂ..എന്നാല്‍ അനിലേ..ഞങ്ങള്‍ പോകുന്നു. തീരുമാനം നാളെ രാവിലെ എന്നെ അറിയിക്കണം. അതുവരെ രാജീവ് ലോക്കപ്പില്‍ ആയിരിക്കും”

അനില്‍ നിസ്സഹായനായി തലയാട്ടി. അര്‍ജുനും തൊമ്മിയും പുറത്തിറങ്ങി ജീപ്പിനരുകിലേക്ക് നടന്നു.

“വൈകിട്ട് എന്താ സാറെ പരിപാടി?’ അര്‍ജുന്‍ ചോദിച്ചു.

“ഒരു മേലാപ്പീസറോട് പരിപാടി ചോദിക്കുന്നോടോ..ങാ..മിനിങ്ങാന്ന് ആ ചൂളക്കാരന്‍ കൊണ്ടുത്തന്ന ഒരു ഫുള്‍ ഇരുപ്പുണ്ട്..അതേല്‍ രണ്ടെണ്ണം പിടിപ്പിക്കണം..താന്‍ വരുന്നോ വീട്ടിലോട്ട്?”

“ഇല്ല സാറെ..എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫീന്ന് വന്നിട്ടുണ്ട്..ഇന്ന് അവന്റെ കൂടാ” അര്‍ജുന്‍ ജീപ്പില്‍ കയറുന്നതിനിടെ പറഞ്ഞു.

“താന്‍ സ്കോച്ച് കുടിക്കുമ്പോ ഞാന്‍ ലോക്കല്‍ കുടിക്കണം..ങാ യോഗം..വണ്ടി എടുക്കടോ” തൊമ്മി തന്റെ ശരീരം വണ്ടിയില്‍ വച്ചിട്ടു ഡ്രൈവറോട് പറഞ്ഞു.

പോലീസ് വാഹനം പടികടന്നു പോകുന്നത് വിഷണ്ണനായി അനിലും ആശ്വാസത്തോടെ അയാളുടെ മക്കളും നോക്കി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *