പോലീസ് ഡയറി 54

സന്ധ്യയോടെ പോലീസ് ജീപ്പ് വീട്ടുമുന്നില്‍ എത്തി നിന്നപ്പോള്‍ അനിലും ഭാര്യയും മക്കളും ഉദ്വേഗത്തോടെ പുറത്തിറങ്ങി. ജീപ്പില്‍ ഡ്രൈവറെക്കൂടാതെ തൊമ്മിയും അര്‍ജുനനും മാത്രമേ ഉള്ളായിരുന്നു.

“എന്തായി സര്‍..ആളെ കിട്ടിയൊ.ങേ?” അനില്‍ ഉദ്വേഗം താങ്ങാനാകാതെ തൊമ്മിയോടു ചോദിച്ചു.

“കിട്ടി. ഇനി പ്രധാന പ്രതിയെക്കൂടി ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യണം. അതിനാണ് ഇങ്ങോട്ട് വന്നത്..പ്രതി ആരായാലും സ്വയം കീഴടങ്ങി തെറ്റ് സമ്മതിച്ചു വണ്ടിയില്‍ വന്നു കയറിയാല്‍ പോലീസ് മുറ ഞങ്ങള്‍ എടുക്കത്തില്ല..അല്ലെങ്കില്‍ ചവിട്ടിക്കൂട്ടി ആയിരിക്കും കൊണ്ടുപോകുക” തൊമ്മി മുരണ്ടു.

അനിലും ഭാര്യയും മക്കളും ഭയചകിതരായി പരസ്പരം നോക്കി.

“സാറ്..സാറ് പറഞ്ഞത് മനസിലായില്ല..” അനില്‍ വിക്കി..

“മനസിലാക്കിതരാം. നിങ്ങളില്‍ ഒരാളാണ് അലമാര തുറന്ന് സ്വര്‍ണ്ണം എടുത്തത്. അത് പുറത്ത് കാത്തുന്നിന്ന രണ്ടാം പ്രതിക്ക് അയാള്‍തന്നെ കൈമാറി. എന്നിട്ട് പിന്നിലെ കതക് ചാരിയിട്ട ശേഷം ഒന്നും അറിയാത്ത മട്ടില്‍ പോയി കിടന്നു. ആളാരാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം..പക്ഷെ പ്രതി തന്നെ നേരെ കാര്യം പറയുന്നതാണ് അതിന്റെ ഒരു ഭംഗി…”

തൊമ്മി നാലുമുഖങ്ങളിലും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. അനില്‍ ഞെട്ടലോടെ ഉദ്യോഗസ്ഥരെയും പിന്നെ സ്വന്തം കുടുംബാംഗങ്ങളെയും നോക്കി.

“നിങ്ങളുടെ കുടുംബത്തില്‍ തന്നെയാണ് പ്രതി എന്ന കാരണം കൊണ്ടാണ് ഞങ്ങള്‍ ഈ സമയത്ത് ഇങ്ങോട്ട് വന്നത്; നാട്ടുകാര്‍ അറിയാതിരിക്കാന്‍. അത് അറിയിച്ചേ നിങ്ങള്‍ അടങ്ങൂ എങ്കില്‍ ഞങ്ങള്‍ക്ക് വിരോധമൊന്നും ഇല്ല”

അവരുടെ മൌനം കണ്ട് അര്‍ജുന്‍ ആണ് അത് പറഞ്ഞത്. അനില്‍ ഭയാശങ്കകളോടെ ഭാര്യയെയും മക്കളെയും നോക്കി. കുട്ടികള്‍ ആകെ ഭയന്ന് വിറച്ചു നില്‍ക്കുകയായിരുന്നു. അവസാനം അനിലിന്റെ ഭാര്യ സി ഐയുടെ കണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു:

“സ്വന്തം സ്വര്‍ണ്ണം എടുക്കുന്നത് എങ്ങനെയാണ് സാറേ മോഷണം ആകുന്നത്?”
അനില്‍ അതുകേട്ടു ഞെട്ടി.

“രമേ..നീ? നീയാണോ അത് ചെയ്തത്?” അയാള്‍ അവിശ്വസനീയതയോടെ അവളോട്‌ ചോദിച്ചു.
തൊമ്മി അര്‍ജുനെ നോക്കി ചിരിച്ചു. പിന്നെ അനിലിനെ നോക്കി.

“ഉള്ളിലേക്ക് പോ..ഷോ നാട്ടുകാര് കാണണ്ട”

അയാള്‍ പറഞ്ഞു. അനിലും കുടുംബവും ഉള്ളില്‍ കയറിയപ്പോള്‍ തൊമ്മിയും അര്‍ജുനും പിന്നാലെ കയറി സോഫയില്‍ ഇരുന്നു.

“അര്‍ജുനാ..ചായ വേണോ?” തൊമ്മി ചോദിച്ചു.

“ഇപ്പം ചായേടെ സമയമാല്ലല്ലോ സാറേ..ആറുമണി കഴിഞ്ഞാല്‍പ്പിന്നെ ചായ കുടി പാടില്ലെന്നാ..” അര്‍ജുനന്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.

“സാറേ..എന്താണ് നടന്നത്? ഇവള്‍ എന്താണ് പറഞ്ഞത്?” കാര്യമറിയാന്‍ ഉദ്വേഗപ്പെട്ടിരുന്ന അനില്‍ രണ്ടുപെരോടുമായി ചോദിച്ചു.

“തന്റെ ഭാര്യ ചെയ്തത് താന്‍ അവളോട്‌ ചോദിക്കേടോ..അതിനു മുന്‍പേ കുടിക്കാന്‍ വല്ലോം എട്” തൊമ്മി തൊപ്പി ഊരി വച്ചിട്ടു പറഞ്ഞു.

“ചായ ഇടാം സര്‍” അനിലിന്റെ ഭാര്യ പറഞ്ഞു.

“ആയിക്കോട്ടെ..ഇയാള്‍ക്ക് വേണ്ട എനിക്ക് മാത്രം മതി”

അനില്‍ ഭാര്യ പോകുന്നത് നോക്കി നിന്നു. അവള്‍ ചായയുമായി വരുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. തൊമ്മി ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു.

“ഞങ്ങള്‍ എന്തുകൊണ്ടാണ് ഈ സമയത്ത് വന്നതെന്ന് മനസിലായല്ലോ? ഇനി ചേച്ചി കാര്യം നടന്നതുപോലെ പറഞ്ഞോ…എന്നിട്ടാകാം ബാക്കി തീരുമാനങ്ങള്‍” അര്‍ജുന്‍ പറഞ്ഞു.

രമ ധൈര്യം ആര്‍ജ്ജിക്കാന്‍ അല്‍പസമയം എടുത്തശേഷം പറയാന്‍ തുടങ്ങി:

“അതെ സാറെ..ഞാനാണ്‌ സ്വര്‍ണ്ണം എടുത്ത് എന്റെ അനുജന് കൊടുത്തത്. അത് തെറ്റാണ് എങ്കില്‍ എന്നെ വിലങ്ങു വച്ചോളൂ..”

അവളുടെ കണ്ണുകള്‍ പൊടുന്നനെ ഈറനായി. അനിലിന്റെ കണ്ണുകളില്‍ പക പടര്‍ന്നു പിടിക്കുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പക്ഷെ അയാള്‍ സ്വയം നിയന്ത്രിച്ച് ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയോടെ നിന്നു.

“വീട്ടില്‍ എന്റെ അനുജനും അമ്മയും മാത്രമേ ഉള്ളു സര്‍. അച്ഛന്‍ മരിച്ചുപോയി. അനുജന്‍ ആള് പിഴയാണ്. ഉത്തരവാദിത്വം ഇല്ലാത്തവന്‍. ഒരു വിവാഹം കഴിച്ചെങ്കിലും അവന്റെ മോശം സ്വഭാവം കാരണം ഭാര്യ ഉപേക്ഷിച്ചിട്ട് പോയി. ജോലിക്കൊന്നും പോകാതെ കള്ളുകുടിയും ചീട്ടുകളിയും ആണ് അവന്റെ പണി. എന്നാലും അവന്‍ അമ്മയുടെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നുണ്ട്. അവന്‍ ഞങ്ങളുടെ കുടുംബ വീടിന്റെ ആധാരം പണയപ്പെടുത്തി ആരില്‍ നിന്നോ കുറെ പണം വാങ്ങിയിരുന്നു. അത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവര്‍ വീടും പറമ്പും മറ്റാര്‍ക്കോ വില്‍ക്കാന്‍ ഒരുങ്ങി. നാല് ലക്ഷം രൂപ കൊടുക്കാനുള്ള ഇടത്ത് മുപ്പത് ലക്ഷം വിലമതിക്കുന്ന വീടും പറമ്പും നഷ്ടപ്പെടുന്നത് മാത്രമല്ല സര്‍, എന്റെ അമ്മ ജീവിച്ച, ഞാന്‍ ജനിച്ചുവളര്‍ന്ന വീടാണ് അത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അത് വല്ലവരും കൊണ്ടുപോയാല്‍ അതില്‍പ്പരം ഒരു ദുഃഖം അമ്മയ്ക്ക് ഉണ്ടാകാനില്ല. അമ്മയ്ക്ക് അത് താങ്ങാനും പറ്റില്ല. കാരണം അച്ഛന്‍ പണിഞ്ഞ ആ വീട്ടില്‍ കിടന്ന് മരിക്കണം എന്നും, അച്ഛന്റെ കുഴിമാടത്തിന്റെ അരികില്‍ത്തന്നെ തന്നെയും ദഹിപ്പിക്കണം എന്നും അമ്മ എപ്പോഴും പറയാറുള്ള കാര്യമാണ്. വീട് പണയം വച്ചതും അവരത് വില്‍ക്കാന്‍ പോകുന്നതും ഒന്നും അമ്മ അറിഞ്ഞിരുന്നില്ല.”

ഉറച്ച സ്വരത്തില്‍ ആയിരുന്നു എങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടയ്ക്കാനുള്ള സമയം എടുത്ത ശേഷം രമ തുടര്‍ന്നു:

“പണം നല്‍കി സഹായിക്കാന്‍ അനിയേട്ടനോട് പറയണം എന്ന് പറഞ്ഞു അവനിവിടെ ഒരിക്കല്‍ വന്നപ്പോള്‍ ഞാനവനെ ചീത്ത വിളിച്ച് ഓടിച്ചു. ചേട്ടനോട് ഞാനത് പറഞ്ഞുമില്ല. പക്ഷെ വീടിന്റെ ആധാരം വാങ്ങിയിരുന്ന ആള്‍ നേരില്‍ ഇവിടെ ഒരു ദിവസം എന്നെ കാണാന്‍ വന്നിരുന്നു. നല്‍കിയ പണം തിരികെ ലഭിച്ചില്ല എങ്കില്‍ അവര്‍ അത് വില്‍ക്കുമെന്നും, അതിനുശേഷം അറിയിച്ചില്ല എന്ന പരാതി ഉണ്ടാകരുത് എന്നും അയാള്‍ എന്നോട് പറഞ്ഞപ്പോള്‍ ആണ് കാര്യത്തിന്റെ ഗൌരവം എനിക്ക് മനസിലായത്. ഞാന്‍ ചേട്ടനോട് അതെപ്പറ്റി അന്നുതന്നെ പറഞ്ഞു. പക്ഷെ ചേട്ടന്‍ അവനെ സഹായിക്കാന്‍ തയാറായില്ല. അതിനു ഞാനൊരിക്കലും ചേട്ടനെ കുറ്റം പറയില്ല. കാരണം അവന്റെ കൈയിലിരിപ്പ് അത്രയ്ക്കും മോശമാണ് സര്‍. പക്ഷെ എനിക്ക് എന്റെ അമ്മയെ മറക്കാന്‍ പറ്റില്ലല്ലോ.

2 Comments

Add a Comment
  1. Nalla katha

  2. Bro ethu polle niggal deepthi IPS ne vachu oru story ezhuthamo

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: