പോലീസ് ഡയറി 55

പോലീസ് ഡയറി

Police Diary bY Samuel George

സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു.

“എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?”

“ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു.

“ങാ..എന്നാ പറ്റി?”

“സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി കൊണ്ട് കൊടുക്കാന്‍. ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു. അപ്പോള്‍ എന്നോട് പറേന്നു അത് ഞാന്‍ തിന്നോളാന്‍. രാവിലെ കാപ്പി കുടിക്കാണ്ട വന്നോണ്ട് ഞാനത് കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പം ദേണ്ട് പിന്നേം പറേന്നു വാങ്ങിക്കൊണ്ടു കൊടുക്കാന്‍. അതും എന്നോട് തിന്നാന്‍ പറെമോ എന്ന പേടീലാ ഞാന്‍”

രമേശന്‍ പറഞ്ഞത് കേട്ടപ്പോള്‍ ജബ്ബാര്‍ ചിരിച്ചു. പിന്നെ ഇങ്ങനെ ചോദിച്ചു:

“നീ എന്താ അങ്ങേര്‍ക്ക് വാങ്ങിച്ചു കൊണ്ട് കൊടുത്തത്?”

“മൂന്നു പൊറോട്ട, ഒരു ഇറച്ചി, ഒരു ചായ”
ജബ്ബാര്‍ ചിരിച്ചു. പിന്നെ സഹതാപത്തോടെ അവനെ നോക്കി.

“സി ഐ സാറിന്റെ പേര് നിനക്കറിയാമോ?”

“അറിയാം. തോമസ്‌ മുളങ്കാടന്‍”

“അത് പേര്..ഇരട്ടപ്പേര് അറിയാമോന്നാ ചോദിച്ചത്? പുതിയ ആളല്ലേ അറിയാന്‍ വഴിയില്ല. അങ്ങേരെ എല്ലാരും വിളിക്കുന്നത് തിമ്മന്‍ തൊമ്മി എന്നാ..ങാ നീയൊരു കാര്യം ചെയ്യ്‌. ആ ചായക്കടക്കാരനോട് പറ സി ഐ സാറിനു വേണ്ട ശാപ്പാട് തരാന്‍. അയാള്‍ക്കറിയാം”

രമേശന്‍ തലയാട്ടിയ ശേഷം വേഗം ഹോട്ടലിലേക്ക് വച്ചുപിടിച്ചു.

“എന്താ സാറെ?” വീണ്ടും രമേശനെ കണ്ട ഹോട്ടലുടമ ആരാഞ്ഞു.

“അതേയ്..സി ഐ സാറിന് പ്രാതല്‍ പാഴ്സലായി എടുക്ക്..”

ഹോട്ടലുടമ തലയാട്ടിയ ശേഷം ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:

“എട്ട് പൊറോട്ട, മൂന്ന്‍ ഇറച്ചി, നാല് ചായ പാഴ്സല്‍..വേഗം”

രമേശന്‍ കണ്ണ് തള്ളിപ്പോയി അത് കേട്ടപ്പോള്‍.
പാഴ്സല്‍ വാങ്ങി സി ഐയുടെ മുറിയിലെ മേശപ്പുറത്ത് അയാളത് വച്ചിട്ട് മാറി നിന്നു. ആറടി ഉയരവും ഒരു ആനയുടെ വലിപ്പവുമുള്ള തോമസ്‌ പൊതി അഴിച്ചു നോക്കി ഉള്ളടക്കം കണ്ടു തൃപ്തിപ്പെട്ട്‌ രമേശനെ നോക്കി തലയാട്ടി.

“മിടുക്കന്‍..പണി പഠിച്ചു..പണി പഠിച്ചു..”

എന്നിട്ട് ഒരു പൊറോട്ട അതേപടി എടുത്ത് ചുരുട്ടി ആന മടല്‍ ഒടിച്ചു വായിലേക്ക് വയ്ക്കുന്ന ലാഘവത്തോടെ അണയിലേക്ക് തിരുകി. രമേശന്‍ അന്തം വിടല്‍ പരസ്യമായി കാണിക്കാതെ വീര്‍പ്പുമുട്ടലോടെ ഉള്ളിലൊതുക്കി സല്യൂട്ട് നല്‍കിയിട്ട് പുറത്തേക്ക് പോയി.
തൊമ്മി എട്ടാമത്തെ പൊറോട്ടയും തിന്ന് പശു കാടി കുടിക്കുന്നത് പോലെ വലിയ പാത്രത്തില്‍ നിറച്ചിരുന്ന ചായ ആശ്വാസത്തോടെ കുടിക്കുന്ന സമയത്താണ് ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കിയത്.

“എന്താടോ?” തൊമ്മി തിരക്കി.

“സാറെ ഒരു മോഷണക്കേസ്..പരാതിക്കാരന്‍ വന്നിട്ടുണ്ട്”

“ഞാന്‍ കൈ ഒന്ന് കഴുകിക്കോട്ടേ..താന്‍ അയാളെ പറഞ്ഞു വിട്ടോ”

തൊമ്മി കൈയും വായും കഴുകി ജനലിലൂടെ പുറത്തേക്ക് തുപ്പിയ ശേഷം ടര്‍ക്കി ടൌവലില്‍ കൈയും മുഖവും തുടച്ചിട്ട് വീണ്ടും കസേരയില്‍ ഇരുന്നു. അപ്പോള്‍ നാല്‍പ്പത് വയസിനുമേല്‍ പ്രായം മതിക്കുന്ന സുമുഖനായ ഒരു മനുഷ്യന്‍ ആശങ്ക നിഴലിക്കുന്ന മുഖത്തോടെ ഉള്ളിലേക്കെത്തി കൈകൂപ്പി.

“ഇരി..” തൊമ്മി ബാക്കി ഉണ്ടായിരുന്ന ചായ കുടിക്കാന്‍ എടുത്തുകൊണ്ട് പറഞ്ഞു.
അയാള്‍ കസേരയുടെ അറ്റത്തായി ഇരുന്നിട്ട് സി ഐയെ നോക്കി.

“പറെടോ..എന്നതാ പ്രശ്നം?”

“സാറേ എന്റെ പേര് അനില്‍..ഇന്നലെ രാത്രി എന്റെ വീട്ടില്‍ മോഷണം നടന്നു. ഭാര്യയുടെ സ്വര്‍ണ്ണവും ഏതാണ്ട് ഇരുപതിനായിരം രൂപയും മോഷണം പോയി..സാറ് ദയവായി വേഗം ഒന്നന്വേഷിച്ചു കള്ളനെ കണ്ടുപിടിക്കണം..പ്ലീസ് സര്‍” അയാള്‍ കരച്ചിലിന്റെ വക്കത്ത് എത്തിയതുപോലെ പറഞ്ഞിട്ട് കൈകള്‍ കൂപ്പി.

“ഇയാള് പറേന്ന ഒടനെ പിടിക്കാന്‍ കള്ളന്‍ എന്നോട് പറഞ്ഞിട്ടാണോ മോട്ടിക്കാന്‍ വന്നത്..ങാ..എങ്ങനാ അവന്‍ ഉള്ളില്‍ കേറിയത്..കതക് വല്ലതും കുത്തിപ്പൊളിച്ചോ”

“ഇല്ല സാറേ..രാവിലെ പിന്നിലെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അവന്‍ ഉള്ളില്‍ കയറിയത് എങ്ങനെയാണ് എന്നൊരു പിടിയുമില്ല”

“ഓഹോ..രാത്രി നിങ്ങള്‍ വാതിലുകള്‍ എല്ലാം അടച്ചിട്ടല്ലേ കിടന്നത്?”

“അത് സാറേ..ഇന്നലെ എന്റെ മോന്റെ പിറന്നാള്‍ ആയിരുന്നു. അതിന് അടുത്ത ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു ഡിന്നര്‍ പാര്‍ട്ടി കൊടുത്തിരുന്നു. വീടിനു വെളിയിലാണ് ഞങ്ങള്‍ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നത്..അവരെല്ലാം പിരിഞ്ഞു പോയപ്പോള്‍ സമയം പതിനൊന്നായി. ഞാന്‍ ലേശം മദ്യപിക്കുകയും ചെയ്തിരുന്നു..കതക് അടച്ചിരുന്നോ എന്നൊരു സംശയം എനിക്കും ഭാര്യയ്ക്കും ഉണ്ട്..അവള്‍ രാവിലെ മുതല്‍ ജോലി ചെയ്ത് നല്ല ക്ഷീണത്തിലും ആയിരുന്നു”

സി ഐ ആലോചനയോടെ പിന്നിലേക്ക് ചാരി.

“ആ വന്നവരില്‍ ആരെ എങ്കിലും നിങ്ങള്‍ക്ക് സംശയമുണ്ടോ?” അല്പം കഴിഞ്ഞു സി ഐ ചോദിച്ചു.

2 Comments

Add a Comment
  1. Nalla katha

  2. Bro ethu polle niggal deepthi IPS ne vachu oru story ezhuthamo

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: