പടയോട്ടം 1 36

Views : 4970

അഞ്ചേമുക്കാല്‍ അടി ഉയരവും ഒത്ത ശരീരവും ഉള്ള വാസുവിന് പ്രായം 25 ആണ്. അനാഥനായ അവനെ അമ്പലത്തിലെ പൂജാരിയാണ്‌ മക്കള്‍ ഉണ്ടാകാതിരുന്ന ശങ്കരന്റെ ഭാര്യ രുക്മിണിക്ക് കാണിച്ചു കൊടുത്തത്. എവിടെ നിന്നോ വന്നു കയറിയ അഞ്ചു വയസുകാരനായ സുന്ദരനായ ആണ്‍കുട്ടിയെ അവിടെ നിന്നും പറഞ്ഞു വിടാന്‍ അയാള്‍ പലവുരു ശ്രമിച്ചിട്ടും നടന്നില്ല. രാത്രി തനിച്ച് അവന്‍ യക്ഷി അമ്പലത്തിന്റെ നടയില്‍ കിടന്നുറങ്ങി. ആ ചെറിയ പ്രായത്തില്‍പ്പോലും അവന് ഭയമെന്ന വികാരം ഉണ്ടായിരുന്നില്ല. മറ്റാരും നോക്കാനില്ലാത്ത അവന് പൂജാരി തന്നെ വീട്ടില്‍ നിന്നും ആഹാരം എത്തിച്ചു നല്‍കി. അമ്പലത്തില്‍ തൊഴാന്‍ വരുന്ന പലരോടും കുട്ടിയുടെ കാര്യം പറഞ്ഞെങ്കിലും ആരും അവനെ സ്വീകരിക്കാനോ സഹായിക്കാനോ തയാറായില്ല. ഏതോ ഭിക്ഷാടന സംഘത്തിന്റെ കൈയില്‍ ആയിരുന്ന അവന്‍ അവിടെ നിന്നും ഓടി രക്ഷപെട്ടു വന്നതാണ്‌ എന്ന് ഒരിക്കല്‍ അയാള്‍ അവനില്‍ നിന്നും മനസിലാക്കി. അതോടെ അയാള്‍ക്ക് അവനെ പറഞ്ഞയയ്ക്കാന്‍ മനസുംതീരെ മനസ് വന്നില്ല. ആരെങ്കിലും സ്വീകരിക്കാന്‍ മനസ് കാണിക്കുന്നത് വരെ അവനവിടെ കഴിഞ്ഞോട്ടെ എന്നയാള്‍ അവസാനം തീരുമാനിച്ചു.

അങ്ങനെയിരിക്കെ കുട്ടികള്‍ ഉണ്ടാകാനായി നിരന്തരം നേര്‍ച്ചകള്‍ നേര്‍ന്ന് സ്ഥിരം അമ്പലത്തിലെ സന്ദര്‍ശക ആയിരുന്ന രുക്മിണി എന്ന യുവതിയോട് പൂജാരി വാസുവിന്റെ കാര്യം പറഞ്ഞു. അവള്‍ക്ക് എന്തോ കുട്ടിയെ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടമായി. പക്ഷെ ഭര്‍ത്താവ് ശങ്കരന്‍ അവളെ എതിര്‍ത്തു. മക്കളില്ലാത്ത തങ്ങള്‍ക്ക് ദേവന്‍ നല്‍കിയ ദാനം ആണ് അവനെന്നു പറഞ്ഞാണ് അവസാനം രുക്മിണി ശങ്കരനെക്കൊണ്ട് സമ്മതിപ്പിച്ചത്. പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസ് നടത്തുന്ന ശങ്കരന് പണം ഇഷ്ടം പോലെ ഉണ്ട്. തന്റെ സ്വത്ത് തന്റേതല്ലാത്ത ഒരുത്തന്‍ കൊണ്ടുപോകുമല്ലോ എന്നുള്ള ചിന്തയാണ് വാസുവിനെ ദത്തെടുക്കുന്നതില്‍ അയാള്‍ വൈമനസ്യം കാണിക്കാന്‍ ഉണ്ടായ പ്രധാന കാരണം. പക്ഷെ രുക്മിണിയെ അതിയായി സ്നേഹിച്ചിരുന്ന ശങ്കരന്‍, അവള്‍ അവനെ ഇഷ്ടപ്പെട്ടുപോയി എന്ന കാരണത്താല്‍ അവസാനം സമ്മതം മൂളുകയായിരുന്നു; മനസില്ലാമനസോടെ. അതുകൊണ്ട് തന്നെ രുക്മിണിയെപ്പോലെ അവനെ മകനായി കാണാന്‍ ശങ്കരന് സാധിച്ചിരുന്നില്ല. അയാള്‍ക്ക് തന്നെ ഇഷ്ടമല്ല എന്ന് വാസുവും വന്ന നാള്‍ മുതല്‍ മനസിലാക്കിയതാണ്. തരം കിട്ടുമ്പോള്‍ ഒക്കെ അവനെ അധിക്ഷേപിക്കാനും ശകരിക്കാനും അടിക്കാനും ശങ്കരന്‍ ഉത്സാഹിച്ചിരുന്നു. പക്ഷെ രുക്മിണി അവനെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ചതിനാല്‍, അവന്‍ അവിടെ ജീവിച്ചു പോന്നു എന്ന് മാത്രം. ശങ്കരന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം അവന് ചെറുപ്രായത്തില്‍ തന്നെ ദുഃഖം സമ്മാനിച്ചിരുന്നു.

അങ്ങനെയിരിക്കെ, വാസു വന്ന് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ആ വീട്ടിലേക്ക് സന്തോഷം വിരുന്നെത്തിയത്. വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ ഇനി ബാക്കി ഒന്നുമില്ലാതെ പ്രതീക്ഷ പൂര്‍ണ്ണമായി അസ്തമിച്ച ആ സമയത്താണ് രുക്മിണി അത്ഭുതകരമായി ഗര്‍ഭവതി ആയത്. ശങ്കരനും രുക്മിണിയും അതിസന്തോഷത്തോടെ ആയിരുന്നു ഡോക്ടറുടെ വായില്‍ നിന്നും ആ ഹൃദയം നിറച്ച വാര്‍ത്ത കേട്ടത്. വാസു വീട്ടില്‍ വന്നതിന്റെ ഐശ്വരമാണ് അതെന്നു രുക്മിണി പറഞ്ഞപ്പോള്‍ ശങ്കരന്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ ന്‍ അവനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. രുക്മിണിക്ക് അവനോടുള്ള ഇഷ്ടം കാരണം ശങ്കരന്‍ തന്റെ ആഗ്രഹം തല്ക്കാലം മനസ്സില്‍ തന്നെ സൂക്ഷിച്ചു. അങ്ങനെ അവര്‍ക്ക് വെളുത്ത് തുടുത്ത് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ദിവ്യ എന്ന് പേരും ഇട്ടു.

ശങ്കരന്‍ വാസുവിനെ തന്റെ മകളെ തൊടുന്നതില്‍ നിന്നും അടുത്തേക്ക് വരുന്നതില്‍ നിന്നുപോലും ശക്തമായി വിലക്ക് ഏര്‍പ്പെടുത്തി.

“എടാ എമ്പോക്കി ചെക്കാ..മോളുടെ അടുത്തു നീ ചെന്നു പോകരുത്..ദൂരെ മാറി നിന്നോണം..കേട്ടല്ലോ?”

ഒരിക്കല്‍ അവളെ താലോലിച്ചുകൊണ്ടിരുന്ന വാസുവിന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് ശങ്കരന്‍ അലറി. വാസു നിസ്സഹായനായി കരഞ്ഞുകൊണ്ട് തലയാട്ടി.

Recent Stories

The Author

Arun Anand

2 Comments

  1. ഈ കഥ മൃഗം എന്നപേരിൽ വേറെ സൈറ്റ് ഇൽ വന്നിരുന്നു .നല്ല കഥയാണ് .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com