നക്ഷത്രക്കുപ്പായം 30

Views : 16309

ബൈക്കുമെടുത്ത് ഇറങ്ങി ആ മുഖം അന്വേഷിച്ചു..‌ചെറിയൊരു പോക്കറ്റ് റോഡ് താണ്ടിയെങ്കിൽ മാത്രമേ ബസ്റ്റോപ്പിലെത്തൂ..
ഓർമ്മകളേയും വഹിച്ചുകൊണ്ടവനാ ഇരു ചക്ര വാഹനത്തേ പതിയേ നിരത്തിലേക്കിറക്കി…സോഫിയേയും ലക്ഷ്യമാക്കിയുള്ള ഓട്ടമാണേലും ഓർമ്മകളവനെ നാലു വർഷം പിറകോട്ട് വലിച്ചു..
സോഫിയ എന്ന മാലാഖ കൊച്ചിനരികിലേക്ക്…
പ്രൈവറ്റ് ഹോസ്പിറ്റലിന്റെ വരാന്തയുടെ ഒരു മൂലയിൽ വേദന കൊണ്ട് പുളയുന്ന ആ ഇരുപത്തിമൂന്ന് വയസ്സായ യുവാവിന്റെ അരികിലേക്ക്..
രക്തത്തിൽ കുളിച്ച് കിടക്കുന്ന അവൻ വേദന കൊണ്ട് പിടയുമ്പോ അറിയാതെ മുറുകെപ്പിടിച്ചിരുന്നത് ആ കരങ്ങളെയായിരുന്നു..
സിസ്റ്റർ സോഫിയെ..
തന്നെ മുറുകെ പിടിച്ച കൈകളിലേക്കും മുഖത്തേക്കുമൊന്നു നോക്കിയ സോഫിയോട് അയാൾ തൊഴുകൈകളോടെ കെഞ്ചി..

“സിസ്റ്ററേ എന്നൊന്നു കൊന്നു തരാൻ പറയ്..നിക്ക് വയ്യ ഈ വേദന ഇനിം…
എന്നെ ചികിത്സിക്കാനാവൂലേൽ ആ ഡോക്ടറോട് പറ കൊല്ലാൻ…”

ആർത്തു കരയുന്ന ആ യുവാവിന്റെ തലയിലൊന്നു തലോടിയ
ശേഷം പതിയെ ആ കൈകൾ അടർത്തിമാറ്റി അവൾ നെഴ്സിങ് റൂമിലേക്കോടി…
അയാളുടെ കരച്ചിൽ സോഫിയുടെ മനസ്സിൽ ഏതോ ഓർമ്മകളുടെ കൂൂട്ടിലേക്ക് കൊണ്ടുപോയി..വിധി പണ്ടൊരിക്കൽ അങ്ങനൊരു രംഗത്തിനവളെ സാക്ഷിയാക്കിയതാണ്..ഈ ലോകത്ത് അവൾക്ക് സ്വന്തമാണെന്നാശ്വസിക്കാവുന്ന ഒരേയൊരാൾ.. അവളുടെ ഉമ്മ.. ഏഴ് വയസ്സുള്ളപ്പോ തന്റെ ഉമ്മയും ഇതുപോലൊരു ആശുപത്രി വരാന്തയിലിരുന്ന് കേണത് ഇന്നും മങ്ങാതെ ഈ കണ്ണുകളിൽ‌ തെളിഞ്ഞു നിൽപ്പുണ്ട്..അന്നെന്റെ ഉമ്മാനെ ഒന്നു രക്ഷപ്പെടുത്തിയിരുന്നെങ്കിൽ ഇന്നാ വാൽസല്യത്തിന്റെ നിറകുടമായ തന്റെ ഉമ്മ… കൂടെയുണ്ടാവുമായിരുന്നില്ലേ..ഒരിക്കലും താൻ തനിച്ചാവില്ലായിരുന്നു..ഇന്ന് ഒറ്റപ്പെട്ടവൾ എന്ന വാക്കിന്റെ പര്യായമായിരിക്കുകയാണീ സോഫി..
ഓർമ്മകളെ കൂട്ടുപിടിച്ചുള്ള ആ കണ്ണീർകണങ്ങളുടെ ഒഴുക്ക് മനസാക്ഷി വിളിച്ചുണർത്തും വരേ തുടർന്നുകൊണ്ടേയിരുന്നു..
‘എണീക്ക് സോഫീ..എണീക്ക്..അയാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്..മരണത്തിനു വിട്ടുകൊടുക്കാതെ അയാളെ രക്ഷിക്ക്..’
ഒരു മന്ത്രണം പോലെ മനസ്സിനകത്ത് ഉരുവിട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അനുസരിക്കാനെന്നോണമായിരുന്നു പിന്നീടുള്ള അവളുടെ നീക്കങ്ങൾ…തുടച്ചു കളഞ്ഞു ആ കണ്ണീർ തുള്ളികളെ..ഇനിയൊരാളും തന്റെ കണ്മുന്നിൽ വെച്ച് ചികിത്സയില്ലാതെ മരണത്തെ പുൽകാതിരിക്കാൻ വേണ്ടി..ഉറച്ചൊരു കാൽ വെപ്പോടെയവൾ കടമകളെ മുറുകെപ്പിടിച്ച് മുന്നോട്ട് നടന്നു..
അല്ല നടക്കുകയല്ലാായിരുന്നു..ഓടുകയായിരുന്നു..സിസ്റ്റർ ആതിരയുടെ അരികിലേക്ക്…

“നോക്ക് ആതിരാ..നീ കണ്ടില്ലേ അവിടെ ഒരു പേഷ്യന്റ് വേദനയുമായി മല്ലിട്ട് ചോരയിൽ കുളിച്ച് കിടക്ക്ണേ..നിനക്കൊന്നു ഡോക്ടറെ അറീക്കായിരുന്നില്ലേ..നിന്റെ ബ്ലോക്കിലെ പേഷ്യന്റല്ലേ അത്..”

“എന്റെ സോഫീ ..ഞാനെന്താക്കാനാ..ഞാൻ പറഞ്ഞതാ ആ ഡോക്ടറോട്..അപ്പോ പറഞ്ഞു അയാൾക്ക് ഒരു സർജറി വേണം പോലും ..അതിനു ബന്ധുക്കളാരേലും വന്ന് സൈൻ ചെയ്ത് തരാതെ ചെയ്യൂലാാ എന്നുള്ള വാശിയിലാ അയാാൾ..ബന്ധുക്കളെ വിവരറിയിച്ചീണ്..അവരു വരാതെ നമ്മൾക്കൊന്നും ചെയ്യാൻ പറ്റൂലാാ..”
ഒരു നെടുവീർപ്പോടെ ആതിര തുടർന്നു…

“ഇപ്പോ കാലിനു മാത്രേ പരിക്ക് കാണുന്നുള്ളു..ഒരു സ്കാനിംഗ് കഴിഞ്ഞാലേ തലയുടെ കാര്യം പറയാൻ പറ്റൂന്നാ പറഞ്ഞേ..”
വാർഡിലെ പേഷ്യൻസിനുള്ള മരുന്ന് അടുക്കി വെക്കുകയായിരുന്നു ആതിര..സോഫിക്ക് എല്ലാം കൂടി കേട്ടപ്പോ വെപ്രാളമായി..

“അപ്പോ….അതിനിടയിൽ അയാൾക്ക് വല്ലതും സംഭവിച്ചാൽ…”

“സംഭവിച്ചാലെന്താ..ആ പേഷ്യന്റിനും കുടുംബത്തിനും നഷ്ടം..അത് ഒരു ആക്സിഡന്റ് കേസാ..ആരോ ഇവിടെ കൊണ്ടോന്ന് തട്ടീട്ട് പോയി…പിന്നാലേ നടന്നാൽ പുലിവാലാവൂന്ന് കരുതിണ്ടാവും..എന്നാലും ഹോസ്പിറ്റൽ വരേ കൊണ്ടോരാനുള്ള മനസ്സെങ്കിലും കാണിച്ചല്ലോ..അത്ര പോലും മനസ്സ് ഇവടത്തെ ഡോക്ടർക്കില്ലാാണ്ടെ പോയി..കേസ് രജിസ്ടർ ചെയ്തൊക്കെ വരുമ്പോഴേക്കും അയാളുടെ ജീവൻ ബാക്കി കിട്ടിയാലായി..”

“ആതിരാ..ഏത് ഡോക്ടറാ ഇന്ന് ഡ്യൂട്ടിയിലുള്ളെ..”

“ഡോ..അനിൽ.. അയാൾക്കാ ഇന്ന് ഡ്യൂട്ടി..നിനക്കറിയാവുന്നതല്ലേ അയാൾടെ സ്വഭാവം ..പറഞ്ഞാ പറഞ്ഞതാ..”

മനസാക്ഷി ദ്രവിച്ചു പോയ ആ മനുഷ്യനെ മനസ്സാൽ ശപിച്ചു കൊണ്ടവൾ
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾക്കരികിലേക്ക് ഓടി…

ഡോക്ടറുടെ അടുത്തേക്കോടുന്ന സോഫിയെ പിടിച്ചു നിർത്താൻ ആതിര ശ്രമിച്ചെങ്കിലും പരാജയമായിരുന്നു..

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com