നക്ഷത്രക്കുപ്പായം 30

Views : 16406

വെറുതേ അവനൊന്നു വാട്ട്സപ്പ് ഓണാക്കി..ഷംസുവിന്റ് മെസ്സേജ് കുന്നോളമുണ്ട് ,ഏറെയും തെറി..ഒന്നിനും താൻ മറുപടി കൊടുത്തിട്ടില്ലാ..പടച്ചോനെ ..ന്റെ ഷംസൂ..ഞാൻ എങ്ങനാ അന്നെ മറന്ന് പോയേ..
ഷംസുനു ഒരു ഹായ് വിട്ടു മറുപടിക്കും വേണ്ടി കാത്തിരുന്നു..തിരികെ റിപ്ലെ ഒന്നും വന്നില്ലാ..കുറേ ചാറ്റിയപ്പോ പരാതിയുടെ ഒരു പെട്ടിപൊട്ടിച്ചുകൊണ്ട് അവൻ തിരികെയെത്തി..

“ന്താ മൊയന്തേ അനക്ക് വേണ്ടത്..ഒരു പെണ്ണിനെ കിട്ടിയോക്കുമ്പോ അന്റെ വാലായി നടന്നീനെ ന്നെ ഇയ്യ് മറന്നിലേ..ഇപ്പോ എന്ത് ഒലക്കക്കാ മെസ്സേജ് അയച്ചേ..”

“ന്റെ ഷംസോ ഇയ്യ് പെണങ്ങല്ലേ..എന്തൊക്കെ പറഞ്ഞാലും എന്റെ ആദ്യത്തെ ഭാര്യ ഇയ്യ് തന്നെയാ..അത് കഴിഞ്ഞിട്ടേ സോഫി ഉള്ളു..”
ചിരിച്ചുകൊണ്ടുള്ള ഒരു സ്മൈലിയും വിട്ട് അവനത് ഒതുക്കാൻ ശ്രമിച്ചെങ്കിലും പരിഭവത്തിന്റെ മുഖം മൂടി അഴിക്കാൻ ഷംസു തയ്യാറല്ലായിരുന്നു..പൊതുവേ എല്ലാർക്കുമിടയിൽ ഒരു പറച്ചിലുണ്ട് അജ്മലിന്റെ ഭാര്യയാ ഷംസു എന്ന്..അജു എവിടെയുണ്ടോ അവിടെ ഷംസുവും ഉണ്ട്.

“ഇയ്യ് ഒന്നു പോ പോത്തേ..നിക്ക് അന്നോടൊന്നും പറയാനില്ലാ..പൊയ്ക്കോ എങ്ങോട്ടാച്ചാാൽ..”

“ആഹാ…എന്നാ അജു പോവുംട്ടോ..പിന്നെ പറഞ്ഞിട്ട് കാര്യല്ലാാ..”

അതും പറഞ്ഞ ആ ചാറ്റ് അവസാനിപ്പിക്കവേ..പെട്ടെന്നാണ് അജ്മലിന്റെ
വാട്ട്സപ്പിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നൊരു മെസ്സേജ്..
കൂടെ ഒരു ഫോട്ടോയും..
ഒരു നിമിഷം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്ന അജ്മൽ പെട്ടെന്ന് വല്ലാതായി..മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത വിധത്തിൽ കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങിയിരുന്നു..ഓടിക്കൊണ്ടിരിക്കുന്ന വണ്ടി അനുസരണയില്ലാതെ എങ്ങോട്ടൊക്കെയോ പാഞ്ഞു..പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞിട്ടും നിയന്ത്രിക്കാനാവതെ അജ്മലും… മിന്നിമറഞ്ഞ ഉമ്മാന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ വേദനയോടെ അവൻ ഉറക്കെ വിളിച്ചു…
“ഉമ്മാാാാ…”

അജ്മലിന്റെ ആ ഉമ്മാ എന്നുള്ള വിളി ദൂരങ്ങൾ താണ്ടി ഖൈറുത്താന്റെ അരികിലെത്തിയിരുന്നു..ഉച്ചമയക്കത്തിൽ നിന്നു ഞെട്ടിയുണർന്ന അവരുടെ നാവിൻ തുമ്പിൽ നിന്നടർന്നു വീണതും ആ നാമമായിരുന്നു..
“അജു..മോനേ അജൂ..”
ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ പിറുപിറുക്കുന്ന ഉമ്മാന്റെ അരികിലേക്ക് പുസ്തകം മടക്കിവെച്ച് ഷമീല കടന്നു വന്നു..

“എന്താ മ്മാ..ഇക്കാക്ക വരാനാവ്ണല്ലേ ഉള്ളു..ഇങ്ങളെന്തേയ് വല്ല സ്വപ്നോം കണ്ടോ..”
ഷമി അരികിൽ വന്ന് തട്ടി വിളിച്ചപ്പോ വെപ്രാളത്തോടെ എഴുന്നേൽക്കാൻ ശ്രമിക്കായിരുന്നു ഖൈറുത്താ..

“ആ..ഇയ്യ് ഓനെ ഒന്നു വിളിച്ചോക്യാ ഷമിയേ..”

“ആഹ്..നല്ല കഥയായി..ഇക്കാക്കനെ ഞാനിപ്പോ വിളിച്ച് നോക്കീട്ടേ ഉള്ളൂ..എനിക്ക് കുറച്ച് സാധനൊക്കെ വാങ്ങിക്കാനുണ്ടേയ്നു…റേഞ്ചില്ലാാന്നാ പറയ്ണേ..ഇക്കാക്ക ഇന്ന് രാത്രിയാവുമ്പോ എത്തും ന്നല്ലേ രാവിലെ വിളിച്ചപ്പോ പറഞ്ഞേ..”

“ന്നാലും എന്തോ ഒരു ബേജാറ് മനസ്സില്..”

“അതെപ്പോയും ഉമ്മ അജുക്കാന്റെ കാര്യം മാത്രം ചിന്തിക്ക്ണോണ്ടാ..അല്ലെങ്കിലും സ്വപ്നത്തിൽ കാണ് ണതൊക്കെ അതേപോലെ സംഭവിക്കോ ഉമ്മാ..അങ്ങനാണേൽ ഈ ഷമി ഇപ്പോ എവിടെത്തേണ്ടതാ..”
ഉമ്മാനെ അതും പറഞ്ഞ് സമാധാനിപ്പിച്ചോണ്ടവൾ പുസ്തകത്താളുകളിലേക്ക് മുഖം താഴ്ത്തി..

പകൽക്കിനാവ് പകല് പോലെ മാഞ്ഞുപോവും എന്ന തത്ത്വത്തിനടിവരയിട്ട് ഖൈറുത്താ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് പിന്നീടോരോ ജോലിയിൽ മുഴുകി..
സായാഹ്ന സമയത്തിത്തിരി കിട്ടിയ ഇടവേളക്ക് വീടിനോടടുത്ത പറമ്പുകളിൽനിന്ന് വിറകു ശേഖരിക്കുമ്പോഴായിരുന്നു നിർത്താതെയുളള ഫോണിന്റെ ശബ്ദം കേട്ടത്..

“ന്റെകുട്ട്യേ..ഇയ്യ് കേൾക്ക്ണില്ലേ ഫോൺ ബെല്ലടിക്കണത്..ഒന്നെട്ത്ത് നോക്ക്യൂടെ അനക്ക്..അജു എങ്ങാനും വിളിക്കണതാണെങ്കിലോ..ഏത് സമയത്തും ഒരു പുസ്തകോം പിടിച്ചോണ്ടുണ്ടാവും ഓള്..ഈ പെരേല് നടക്ക്ണതൊന്നും അറിയണ്ടാ..”
എന്തൊക്കെയോ ചൊല്ലി പറഞ്ഞുകൊണ്ട് ഖൈറുത്താ ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ..ഉമ്മാാ..ഇത് ഞാനാ ഉമ്മാ സോഫി…”

“ഹാ..മോളോ..എന്താ അന്റെ വർത്താനൊക്കെ..”

“അത്..ഉമ്മാ..നല്ല വിശേഷം..അജുക്കാ പോയിട്ട് വന്നോ…വിളിച്ചിട്ട് കിട്ട്ണില്ലാ..”

“ആ..ഓനിന്ന് രാത്രി ആവുമ്പോഴേക്കും എത്തും എന്നല്ലേ..പറഞ്ഞിക്ക്ണേ..എന്താ മോളേ ഇയ്യ് ചോദിച്ചേ..”

“അത്..ഒന്നുല്ലാ ഉമ്മാ..സ്വിച്ച് ഓഫ് ആയപ്പോ ഞാൻ പേടിച്ചതാ.. ന്നോട് പിണങ്ങിയോന്ന് ..ഇന്ന് മിന്നൽ പണിമുടക്ക് ണ്ടായോണ്ട് ബസ്സ് കിട്ടാത്തോണ്ട് കുറച്ച് പാട്പെട്ടോയി..അതിനിടേൽ വന്ന കോളൊന്നും എടുക്കാൻ പറ്റീലാ..”

“അതോണ്ടൊന്നും ആവൂലാ മോളേ..
ചിലപ്പോ ഫോണിന്റെ ചാർജ് തീർന്നിണ്ടാവും..”

“ഉം..എന്നാ ഞാൻ വെക്കട്ടേ ഉമ്മാ..അജുക്കാ വന്നിട്ടൊന്നു വിളിക്കാൻ പറയണേ..”
അതും പറഞ്ഞു സോഫി വെക്കുമ്പോഴും ഖൈറുത്താ ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു..

‘കല്യാണത്തിനു മുന്നേ ഉള്ള ഈ ഫോൺ വിളി എനിക്ക് തീരേ അങ്ങട് പിടിക്ക്ണില്ലാാ..പക്ഷേങ്കില് ഈ അജ്മലിനോട് അതൊക്കെ പറഞ്ഞിട്ട് കാര്യണ്ടോ..
രണ്ടിന്റേയും നിക്കാഹ് വേഗം നടത്താന്ന് വെച്ചാാ..ഷമീലാക്ക് ഒരു ആലോചന വന്നിട്ട് രണ്ടൂടി ഒപ്പമാക്കാന്നായിരുന്നു പ്ലേൻ..ന്നാ പിന്നെ അത്രേം ചെലവ് കുറയേയ്നു…ഇങ്ങനാണേലിപ്പോ അയിനൊന്നും നേരണ്ടാവൂലാ..”.

“എന്താ ഉമ്മാ ഇങ്ങള് ഒറ്റക്കിരുന്ന് വർത്താനം പറയ്ണേ….”

“ഒന്നുല്ലാാ ന്റെ കുട്ട്യേ…
ഞാനിപ്പോഴത്തെ കോലം മാറിയ കാലത്തെ കുറിച്ച് പറഞ്ഞതാാ…”

ഓരോന്ന് ഓർത്തങ്ങനെ കോലായിലൊരറ്റത്ത് നിസ്കാരാവും കഴിഞ്ഞ് വന്നിരിക്കാൻ തുടങ്ങീട്ട് കുറേ നേരാായി ഖൈറുത്താ..

“ന്താ ഉമ്മാ..ഇങ്ങൾ കുറേ നേരാായല്ലോ മുസയഫും കയ്യിൽ പിടിച്ച് കിനാവ് കാണാൻ തുടങ്ങീട്ട്..ഈ ലോകത്തൊന്നും അല്ലേ..”

ഷമീനാന്റെ വിളി കേട്ട് ഖൈറുത്താ ചിന്തയിൽ നിന്നുണർന്നു….
“ആ..ഷമിയേ..ഉമ്മ ഇപ്പോ കിനാവൊക്കെ കാണാാൻ തൊടങ്ങിക്ക്ണ്.പക്ഷേങ്കില് ആ കിനാവില് നിറയേ..ഇയ്യും അന്റെ ആങ്ങള അജ്മലിനേയും കുറിച്ചുള്ള ആധികളാ…
ഇയ്യ് സമയെത്രായീന്നൊന്നു ആ ക്ലോക്കിലേക്കൊന്ന് നോക്കിക്കേ..”

“സമയം ഒമ്പതുമണിയായി ഉമ്മാ..”

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com