കണ്ണീർമഴ 2 41

Views : 11720

ഷാഹിക്കാടെ കഥ കേട്ട ഞാൻ ഞാൻ കരഞ്ഞുപോയി. ഇക്കാടെ കണ്ണും നനഞ്ഞിരുന്നു. അന്നു മുതൽ ഞാൻ പ്രതിജ്ഞയെടുത്തതാ…. ഒരു ജീവിയേയും ഈ ശാദി ഉപദ്രവിക്കില്ലെന്ന് .
കാല് നന്നായി വേദനിച്ചെങ്കിലും ഞാനാ ഉറുമ്പിനെ കൈയ്യീന്ന് കുടഞ്ഞുമാറ്റി. വീണ്ടും മറ്റൊരു കടികൂടി കിട്ടിയപ്പോഴാണ് എന്റെ ശ്രദ്ധ തറയിൽ പതിഞ്ഞത്. ഒരു കൂട്ടം ഉറുമ്പുകൾ എന്റെ ലൂണാർ ചെരുപ്പിനടിയിൽ നിന്നും ജീവനു വേണ്ടി ഞെരിപിരി കൊള്ളുന്നു. മറ്റുള്ള സുഹൃത്തുക്കൾക്ക് രക്ഷകനായി വന്നാണ് ആദ്യത്തെ വില്ലൻ എന്നെ കടിച്ചത്. അതിനെ തട്ടിമാറ്റിയപ്പോഴായിരുന്നു രണ്ടാമന്റെ ഉപദ്രവം.മനുഷ്യരിൽ കാണാത്ത പല പ്രത്യേക തകളും സ്നേഹവും ഞാനാ ഉറുമ്പിൻ കൂട്ടങ്ങളിൽ കണ്ടു.ഞാൻ പെട്ടെന്ന് തന്നെ അവിടന്ന് തെന്നി മാറി. വീണ്ടും അവയെ ശ്രദ്ധിച്ചു. ബാക്കിയുള്ളവ വരിവരിയായി എവിടേക്കോ തിരക്കിട്ടു പോവുകയാണ്. കുറച്ച് പേർ തിരിച്ചും വരുന്നുണ്ട്. തിരിച്ചു വരുന്നവരുടെ കുഞ്ഞുതലയിൽ ചെറിയ എന്തോ വസ്തു ഉണ്ട്. പരസ്പരം ഹസ്തദാനം ചെയ്താണ് അവറ്റകളുടെ വരവും പോക്കും. കാര്യമായ എന്തേലും കിട്ടുമ്പോൾ മനുഷ്യർ പോലും പരസ്പരം കണ്ടാൽ ഇത്ര പരിചയം നടിക്കാറില്ല.ഞാൻ ഉമ്മാനോട് പറയാൻ വന്ന കാര്യം പോലും മറന്ന് പോയി. എന്റെ ശ്രദ്ധ മുഴുവനും ഉറുമ്പിൻ പറ്റത്തിലായിരുന്നു. അവ എവിടെന്നാ വരുന്നതെന്ന യഥാർത്ഥ സ്ഥലം കണ്ടു പിടിക്കാൻ ഞാൻ തുനിഞ്ഞു..അവറ്റകളുടെ റാലി അവസാനിച്ചത് ഉമ്മാടെ ഷെൽഫിനരികിൽ.ഞാൻ പതിയെ ഷെൽഫ് തുറന്നു. ഷെൽഫിനകത്ത് വെച്ചിരുന്ന ബതാമിന്റെ കവറിലേക്കാണ് അവറ്റകളുടെ യാത്ര അവസാനിക്കുന്നത്.
പടച്ചോനേ…. എന്റെ നാവ് കരിനാവാണോ…. അല്ലെങ്കിൽ എന്റെ കണ്ണേറാണോ…. ” മനസ്സിൽ ചിരിച്ച് കൊണ്ട് ഷെൽഫിലെ മിറ റിൽ ഞാൻ നാവ് നീട്ടി നോക്കി. ഒരു കുഞ്ഞു മറുക് പോലും എന്റെ നാവിൻ തുമ്പിലില്ല. മിറ റിലുള്ള കണ്ണ് രണ്ടും എന്നെ കളിയാക്കിച്ചിരിക്കണ പോലെ തോന്നി എനിക്ക് …..”
” ഡീ ….. പെണ്ണെ ശാദ്യേ…..ഇയ്യെന്റെ മുറീൽ കേറി എന്തെടുക്കുവാ….. ”
ഞാൻ വീണ്ടും ഉമ്മാടെ ഷെൽഫ് തുറന്ന് നോക്കുകയാണെന്ന് കരുതി ഉമ്മ എന്നെ നീട്ടിവിളിച്ചു. ഷെൽഫടച്ച് ഞാൻ ഉമ്മ കിടന്ന റൂമിലേക്ക് പോയി. റാഹിലാത്ത അതേ ഇരുപ്പിൽ തന്നെയുണ്ട്. എന്നെ കണ്ടയുടനെ ഉമ്മാന്റെ പതിവ് നോട്ടം വന്നു.
“ഇയ്യെ ന്ത് എടുക്കാ പെണ്ണെ ന്റെ മുറീ കേറീ….. ”
“അത് ,പിന്നെ ഉമ്മാ….ഷാഹിക്ക നാളെയാ ഗൾഫിലോട്ട് പോന്നെന്ന് പറഞ്ഞത്. അതോണ്ട് ഒന്ന് ഇക്കാക്ക് ഫോൺ വിളിക്കാൻ വേണ്ടി…… ” പെട്ടെന്ന് വായിൽ വന്ന കാര്യം ഞാൻ തട്ടി വിട്ടു..
” അയ്ന് ഇയ്യ് ലാന്റ് ഫോണീന്ന് വിളിക്കണ്ടാ….. ന്റെ മൊബൈലീന്ന് വിളിച്ചോ….. കോൾചാർജും കൊറയൂല്ലോ…. ” ഇതും പറഞ്ഞ് പത്തരമാറ്റ് പുഞ്ചിരിയോടെ റാഹിലാത്ത മൊബൈൽ എനിക്ക് നേരെ നീട്ടി…..
“വേണ്ടിത്ത…. മൊബൈലീന്ന് വിളിക്കാനാണെങ്കിൽ ന്റെ മൊബൈലീന്നും ആവാല്ലോ …..”
“അന്റെ മൊബൈലിന്നോ….. അനക്കെവിടെ ന്നാ ഫോണ്….. ”
റാഹിലാത്താടെ മുഖം ചുളിഞ്ഞു കൊണ്ടുള്ള ചോദ്യം. അതു വരെ മലർന്നു കിടന്നുള്ള ഉമ്മ കട്ടിലിൽ ഇരു കൈ മുട്ടുകളുമമർത്തി എഴുന്നേറ്റു.
അല്ലേലും ഷാഹിക്കാന്റെ ഈ പൊന്നു പെങ്ങൾക്ക് മറ്റുള്ളവരെ മറച്ച് വെച്ച് കള്ളത്തരം കാണിച്ച് അധികനാൾ പിടിച്ച് നിക്കാനൊന്നും പറ്റില്ല. പടച്ചോനേ…. നീയോ രക്ഷ….. ഇനി എല്ലാം നിന്റെ വിധി പോലെ….. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.ഏത് പഴമക്കാർ പറഞ്ഞ പഴഞ്ചൊല്ലാണാവോ…. ഈ ശാദീടെ ജീവിതമേ ഒരു പഴഞ്ചൊല്ലാ……അത് ഏതായാലും സത്യമായിരിക്കുന്നു. എന്നിലെ മൊബൈലെന്ന കള്ളം പിടിക്കപ്പെട്ടിരിക്കുന്നു.

കുറ്റവാളിയെ പോലെ ഞാൻ മുഖം താഴ്ത്തി നിന്നു.ഉമ്മയും റാഹിലാത്തയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു. റാഹിലാത്താന്റെ ചവിട്ടെങ്ങാനും വയറ്റിൽ വീണാലോ…. റുഫൈദയും റുബൈദും അടുത്തെങ്ങുമില്ല.ആരാ റബ്ബേ ഒന്ന് രക്ഷിക്കാൻ ….. എന്തായാലും ഏറ്റുവാങ്ങുക തന്നെ. പടച്ചോനേ…. എനിക്കെന്ത് സംഭവിച്ചാലും എന്റെ കുഞ്ഞിനെ നീ കാത്ത് കൊള്ളണേ….. വയറിനു മുകളിൽ കൈ അമർത്തിവെച്ച് കണ്ണു രണ്ടും ഇറുക്കി അടച്ചു ഞാൻ പ്രാർത്ഥിച്ചു.
“ഇയ്യെന്താ ശാദ്യേ കുച്ചിപ്പിടി കളിക്യാ….”
ചവിട്ടു പ്രതീക്ഷിച്ചിരുന്ന റാഹിലാ ത്താടെ വക കുസൃതി നിറഞ്ഞൊരു ചോദ്യം …. അതിശയത്തോടെ ഞാൻ ഇത്താത്താടെ മുഖത്തേക്ക് തന്നെ നോക്കി.
വേദന കടിച്ചമർത്തി ഉമ്മ വീണ്ടും കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നുണ്ട്.
“ഇയ്യെന്തിനാ ശാദ്യേ ഇങ്ങനെ ന്നെ മിഴിച്ച് നോക്കണേ….? ഒരാഴ്ച ഞാൻ മാറീന്നപ്പോ വല്ല മാറ്റോം സംഭവിച്ചോ ന്റെ മോത്ത് …. വന്ന് കേറിപ്പൊ തൊടങ്ങീതാണല്ലോ അന്റെ ഈ തുറിച്ചുള്ള നോട്ടം…….”
“അത് ,പിന്നെ …… ഇത്താത്ത ഫോൺ ….. എന്റെ കൈയ്യിൽ ….. ”
എങ്ങനെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയാതെ ഞാൻ വിഷണ്ണയായിരുന്നു.
ഞാനങ്ങോട്ട് പറഞ്ഞ് തീരുംമുമ്പേ റാഹിലാത്ത ഇങ്ങോട്ട് പറയാൻ തുടങ്ങി.
“അന്റെ ഷാഹിക്കാടെ ഭാര്യ വിളിച്ചാർന്ന്.അന്റെ മൊബൈലിലോട്ട് വിളിച്ച് കിട്ടണില്ലെത്രെ…… എവിടെ ന്നാ ഫോണെന്നൊക്കെ നിക്ക് അന്റെ അമ്മു വിശദായി പറഞ്ഞു തന്നു.. അത് വിട്ട് കള.പിന്നെ അന്റിക്കാടെ വിദേശ യാത്ര പ്രമാണിച്ച് പെങ്ങളട്ത്ത് അങ്ങോട്ട് ചെല്ലാനും പറഞ്ഞാർന്നു….. ഇയ്യ് പെട്ടെന്നൊര്ങ്ങ്. അന്നെ പൊരേലോട്ട് ഞാൻ കൊണ്ട് വിടാം …നിക്കും അവിടെ വരേണ്ട ചെറിയൊരാവശ്യമുണ്ട്…”
കൂടുതലൊന്നും പറയാൻ നിൽക്കാതെ ഇത്താത്ത പറഞ്ഞതിന് മറുപടി എന്ന പോലെ തലയാട്ടി ഞാൻ അറയിലേക്കോടി.മൊബൈലിനെ കുറിച്ച് കൂടുതലായി ചോദ്യമൊന്നും വന്നില്ല. ഉമ്മ അഡ്മിറ്റായ ഹോസ്പിറ്റലിൽ ഒരു റൂം ബുക്ക് ചെയ്യേണ്ടി വരുമെന്ന് പോലും ഞാൻ കണക്ക് കൂട്ടിയിരുന്നു.ഇതിപ്പൊ എന്തൊക്കെയാ സംഭവിക്കുന്നത്. എപ്പൊഴായിരിക്കും അമ്മു ഒക്കെ പറഞ്ഞിട്ടുണ്ടാവുക.എന്റെ കൈയിൽ ഫോണുണ്ടെന്നറിഞ്ഞിട്ടും റാഹിലാത്തയും ഉമ്മയും ഒന്നും പറയാതെ …… ഹാ…!എന്തേലും ആവട്ടെ … “റബ്ബേ.. എല്ലാം നിന്റെ ഖുദ്റത്ത് ” .അത്രന്നെ…
കുട്ടികളൊക്കെ സ്കൂൾ വിട്ട് വന്ന ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്. ഇത്താത്താടെ മക്കൾ മൂന്ന് പേരും റുഫിയും റുബിയും ഉണ്ടായിരുന്നു കൂടെ…. ആദ്യായിട്ടാ മനസ്സറിഞ്ഞ് ഞാൻ റാഷിക്കാടെ വീട്ടിൽ നിന്നുമിറങ്ങുന്നത്. ഓട്ടോയിലായിരുന്നു യാത്ര.കുണ്ടും കുഴിയുമുള്ള വഴിയെത്തുമ്പോഴൊക്കെ റാഹിലാത്ത ഓട്ടോ ഡ്രൈവറെ പഴിചാരുന്നുണ്ട്.
” ന്റെ പൊന്നു ചേട്ടാ .ഇങ്ങള് ഒന്ന് സൂക്ഷിച്ച് കൊണ്ടു പോ ….. വയറ്റിലൊള്ള പെണ്ണാ ന്റെ കൂടെ ഉള്ളെ… ”
ഇത്താത്താടെ സ്നേഹത്തിന്റെ ആക്കം കൂടിക്കൂടി വരുന്നു.
“എന്റെ കൊച്ചേ….ഓരോരുത്തന് വോട്ട് കുത്തുമ്പഴേ ആലോചിക്കണമായിരുന്നു…. റോഡിന്റെ അവസ്ഥയെ കുറിച്ച് . അല്ലാതെ ,എന്റെ മേക്കിട്ട് കേറുവാണേൽ ഞാൻ എന്നാ ചെയ്യാനാ…..”
ഉടനെ വന്നു ഡ്രൈവറുടെ മറുപടി.ഇതിപ്പൊ വഴക്കിൽ അവസാനിക്കുമെന്ന് പേടിച്ച് ഓട്ടോയിൽ മൂലയിൽ ഇരുന്ന ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.
അയാൾക്കറിയില്ലല്ലോ രാജ വെമ്പാലയുടെ വായിലാ താൻ കൈയ്യിട്ടിരിക്കുന്നതെന്ന്.ദേഷ്യം വന്നാൽ ഒന്നും നോക്കാതെ കൈ ഓങ്ങുന്ന സാധനാ എന്റെ കൂടെ ഉള്ളത്.
“ഇങ്ങളോട് തർക്കിക്കാൻ ഞാനില്ല.കുണ്ടും കുതറും നോക്കി ഒന്നു നേരെ ഞങ്ങളെ പറഞ്ഞിടത്ത് എത്തിച്ചാ മതി….. ” അയാൾ രണ്ടു വാക്കിൽ അവസാനിപ്പിച്ചെങ്കിലും റാഹിലാത്ത വീണ്ടും തുടങ്ങി.
” രണ്ട് മാസം മുൻപ് ഇതിലും നല്ല വഴിയൊണ്ടായിട്ട് മോള് ഇതീ കൂടിയാണല്ലോ വരാൻ പറഞ്ഞത്. അപ്പെഴും കൂടെ ഒണ്ടായത് ഈ കൊച്ച് തന്നെയാണല്ലോ….. അന്നേരം മോള് കുണ്ടും കുഴിയൊന്നും കണ്ടില്ലാർന്നോ…..?
അയാളുടെ മറുപടി കേട്ടപ്പോൾ ഞാൻ സൈഡ് ഗ്ലാസിലൂടെ അയാളുടെ മുഖത്തേക്ക് നോക്കി. അന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്റ്റ്ചാർജ് ആയി വന്നത് ഇയാളുടെ ഓട്ടോയിലായിരുന്നു. ഏതൊരു കള്ളത്തരത്തിനും ഒരു തെളിവ് അവശേഷിക്കുമെന്ന് പറയുന്നത് എത്ര വലിയ സത്യമെന്ന് എന്റെ ജീവിതം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അന്ന് ഞാൻ അനുഭവിച്ച വേദന.ഉമ്മയും പെങ്ങളും അറിഞ്ഞില്ലെങ്കിലും കേവലം അന്യമതസ്ഥനായ ഒരാൾ മനസ്സിലാക്കിയിരിക്കുന്നു. പടച്ചോനേ…! നിനക്കായിരം സ്ഥുതി…..
.ഒരു യുദ്ധത്തിനുള്ള ആരംഭ മെന്നോണം റാഹിലാത്താടെ മുഖം ചുമന്നു തുടിച്ചു. വാക്കുകൾ നാവിൻ തുമ്പിൽ മുൻപേ കണക്കു കൂട്ടി വെച്ചത് പോലെ അടർന്ന് വീഴാൻ തുടങ്ങി.
“ഒരു വിധം ഇത്താത്താടെ സ്വഭാവം മാറി വന്നതാ.ഇന്നെങ്കിലും സന്തോഷത്തോടെ പോകാമെന്ന് കരുതിയപ്പോ….. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നുണ്ടാവോ…..?
“അന്റെ ഓട്ടോയിൽ കേറിയാ പറഞ്ഞീടത്ത് എറക്കണം .അല്ലാണ്ട് കേറണ പെണ്ണ്ങ്ങളെ സെൻസസ് എട്ക്കലല്ലല്ലോ അന്റെ പണി .ഞാനിഷ്ടള്ളേsത്ത് ആരേം കൂട്ടി ഏത് വഴീലൂടെം പോഉം. ഓള് അന്റെ പെങ്ങളൊന്നുമല്ലല്ലോ …..”
റാഹിലാത്ത ദേഷ്യം കൊണ്ട് വിറയ്ക്കാൻ തുടങ്ങി.റാഹിലാ ത്താടെ പൊട്ടലും ചീറ്റലും കേട്ടപ്പോ കുട്ടികളെല്ലാരും എന്നിലേക്ക് ചേർന്നിരുന്നു.
“എന്റെ പെങ്ങളൊന്നുമല്ല. എങ്കിലും രണ്ടു പേരേം എനിക്ക് നന്നായി അറിയാം. നിങ്ങള് റാസിഖിന്റെ പെങ്ങള്. ആ കൊച്ച് ഷാഹിദിന്റെ പെങ്ങളും…..”
അയാളുടെ മറുപടി കേട്ട് റാഹിലാത്ത പത്തി മടക്കി..തല കുമ്പിട്ടിരുന്നു.ഇയാൾക്കെങ്ങനെ ഞങ്ങെളെ രണ്ടു പേരേയും കൃത്യമായി അറിയുന്നത്. സംസാരം കേട്ട് ഒരു കൃസ്ത്യാനിയാണെന്ന് തോന്നുന്നു.. ഒന്നും കൂടി സൈഡ് ഗ്ലാസിലൂടെ ഞാൻ നോക്കി. അയാളുടെ നോട്ടവും എന്റെ നോട്ടവും ഗ്ലാസിൽ കൂട്ടിമുട്ടി .അയാൾ എനിക്ക് നേരെ ഒരു ചിരി സമ്മാനിച്ചു.
വീട്ടുപടിക്കലെത്തും വരെ ഇത്താത്ത ഒരക്ഷരം മിണ്ടിയില്ല.തന്റെ യഥാർത്ഥ സ്വഭാവം ഓട്ടോക്കാരനറിഞ്ഞ നാണക്കേട് കൊണ്ടാവാം.
ഓട്ടോയിൽ നിന്നുമിറങ്ങുമ്പോൾ അയാൾ എന്റെ മുഖത്തേക്ക് നോക്കി.
പണം പോലും കൊടുക്കാതെ റാഹിലാത്ത കുട്ടികളേയും കൂട്ടി അകത്തേക്ക് നടന്നു. ഹാൻഡ്ബാഗിൽ നിന്നും പണമെടുക്കുമ്പോഴാണ് ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് കൊണ്ട് ഷാഹിക്ക വന്നത്.
“മോളേ! ഇയ്യ് അകത്തോട്ട് പോയ്ക്കോ…. കായ് ഇക്കാക്ക കൊടുത്തോളാം…..”
ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. റാഹിലാത്തയും അമ്മുവും ഉമ്മയും ചേർന്ന് കാര്യായ എന്തോ വർത്താനത്തിലായിരുന്നു.എല്ലാവരെയും നോക്കി സലാം ചൊല്ലി കുറച്ച് കുശലം പറഞ്ഞ് പർദ്ദ മാറ്റാൻ വേണ്ടി ബെഡ് റൂമിലേക്ക് പോകുമ്പോഴാണ് ഹാളിൽ ഷാഹിക്കാനോട് സംസാരിക്കുന്ന നല്ല പരിചയമുള്ള സ്വരം കേട്ടത്. ഹാളിലെ കർട്ടന്റെ വിടവിലൂടെ ഞാൻ എത്തി നോക്കി. നേരത്തെ കണ്ട ഓട്ടോക്കാരൻ ഇക്കാ നോട് പലതും പറഞ്ഞ് ചിരിക്കുന്നു.
അപ്പൊ ഇയാൾ ഷാഹിക്കാനെ അറിയുമെന്ന് പറഞ്ഞത് സത്യമാണ്.ഇങ്ങോട്ട് വരുമ്പോൾ നടന്ന സംഭവമൊക്കെ ഇയാൾ ഇക്കാനോട് പറയുമെന്ന് ഞാൻ ഭയന്നു.എന്റെ കഥയൊക്കെ ഇക്ക അറിഞ്ഞാൽ ഈ വിദേശയാത്ര പോലും വേണ്ടെണ് വെക്കും ആ പാവം. പർദ്ദ അഴിച്ച് വെച്ച് ഒരു ഷാള് തലയിൽ ചുറ്റി റൂമിന് പുറത്തിറങ്ങാൻ നേരം ഷാഹിക്ക അകത്തോട്ട് കേറി വന്നു. ശവ്വാലമ്പിളി പോലെ ഉദിച്ചു നിൽക്കുന്ന എന്റിക്കാ ടെ മുഖം.മുടി നല്ലപോലെ വെട്ടിയിരിക്കുന്നു. താടിരോമവും നല്ല മൊഞ്ചിൽ ഒപ്പിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് ഷാഹിക്കാനെ കണ്ടപ്പോൾ എനിക്ക് റാഷിക്കാനെ ഓർമ്മ വന്നു. ആ വിരഹ ദിവസവും ഇക്കാടെ സ്വാന്തനിപ്പിക്കലുമൊക്കെ മനസ്സിൽ തളം കെട്ടി നിന്നു.
പാവം അമ്മു. ഇപ്പൊ എന്തായിരിക്കും മനസ്സിൽ. കിച്ചണിൽ പണി എടുക്കുമ്പോഴും ഉള്ളിൽ കരയായിരിക്കില്ലെ. ഇന്ന് രാത്രി ഷാഹിക്കാടെ ഈ വെളുത്ത മേനിയിൽ ചേർന്ന് കിടന്ന് എന്തൊക്കെ പറയാനുണ്ടാവും അവൾക്ക്.ഇന്നത്തെ രാത്രി കഴിഞ്ഞാൽ ഇനി ഇൻഷാ അള്ളാ ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാത്ത് നിൽക്കണ്ടെ. റാഷിക്ക പോയിട്ടിപ്പൊ മാസം രണ്ടര കഴിഞ്ഞു.ഇനി കൂടിപ്പോയാൽ എട്ട് മാസം .എനിക്കിനി അത്രല്ലെ കാത്തിരിക്കേണ്ടൂ… അമ്മൂനാണേൽ തൊടങ്ങണതേ ഉള്ളൂ….ഇടതു കൈയ്യിലെ തള്ളവിരലിലെ നഖം കടിച്ച് ഞാൻ തുപ്പിക്കളഞ്ഞ് കൊണ്ടിരുന്നു..
” ഹലോ… നഖം കടിച്ച് ന്റെ മോത്തോട് തുപ്പിക്കളിക്ക്യാ ഇയ്യ്.ഈ ലോകത്തൊന്നുമല്ലെ ന്റെ മോള് ….. ഇങ്ങനെ നഖം കടിച്ച് തിന്നാലേ മോണ അലിഞ്ഞ് പോകും…. അത് പിന്നെയൊരു അസുഖായി മാറും.[ ഇങ്ങനെയുള്ള ദുശ്ശീലമുള്ളവർ ശ്രദ്ധിക്കുക. സംഭവം സത്യമാണ്.] എന്താ ഇങ്ങനെ ചിന്തിക്കാൻ മാത്രം അനക്കുള്ളെ…..”

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com