ജോർഡിയുടെ അന്വേഷണങ്ങൾ 1 26

Views : 3900

ജോർഡിയുടെ അന്വേഷണങ്ങൾ 1

Jordiyude Anweshanangal Part 1 രചന : ജോൺ സാമുവൽ

 

ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിലൂടെ പോയപ്പോഴാണ് ഗ്ലിറ്റർ pen കേസ് എന്നിലേക്ക്‌ വരുന്നത്.

ഹെഡ്മാസ്റ്ററിന്റെ മുറിക്കു മുന്നിൽ റിബിൻ മോനെ പിടിച്ചു നിർത്തിയിരിക്കുന്നു.

അവന്റെ മുഖത്ത് നല്ല വിഷമമുണ്ടായിരുന്നു,
ഞാൻ ആരും കാണാതെ അവന്റടുത്ത് ചെന്നു ചോദിച്ചു

” വർത്താനം പറഞ്ഞതിനാണോ ? “

അവൻ ഒന്നും മിണ്ടിയില്ല

പെട്ടെന്ന് ബെല്ലടിച്ചു ഞാൻ ക്ലാസ്സിലേക്ക് കയറി.

അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.
എബിയുടെ ഗ്ലിറ്റർ പേനയുടെ ക്യാപ് ആരോ മോഷ്ടിച്ചു. റിബിനാണ് അവസാനമായി ഗ്ലിറ്റർ പേന എഴുതാൻ കൊടുത്തതെന്ന് എബി പറഞ്ഞു…

ഞാനെന്റെ സ്ളേറ്റിൽ
എഴുതി

“കേസ് 01- ഗ്ലിറ്റർ പേന “

സ്ലേറ്റിൽ എഴുതിയ വാചകം ഞാൻ എന്റെ സുഹൃത്തായ ബിബിനെ കാണിച്ചു. അവൻ കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ ഒരു ടിക് ഇട്ടു.

ഞങ്ങളുടെ ആദ്യ അന്വേഷണമാണിത്. അന്വേഷണത്തിൽ ആ സ്ലേറ്റ് പിടിക്കേണ്ടതും പോയ്ന്റ്സ് നോട്ട് ചെയ്യേണ്ടതും ബിബിനാണ്.

“എവിടെ നിന്നും തുടങ്ങും എന്നതിന് മുൻപ് ആ ഗ്ലിറ്റർ പേനയുടെ ഹിസ്റ്ററി അറിയണം “

ഞാൻ ബിബിനോട് പറഞ്ഞു

“അത് അവന്റെ അങ്കിൾ കുവൈറ്റിൽ നിന്നും കൊണ്ടുവന്നതാണ്, ആ പേനയുടെ ക്യാപ്പിന്റെ കളർ പച്ച, ബോഡി നീല, ക്യാപ്പിന്റെ അറ്റത്തായി ഒരു ഗോൾഡൻ റിങ്ങുണ്ട് “

എന്റെ ചോദ്യത്തിന് ബിബിൻ വ്യക്തമായ ഉത്തരം പറഞ്ഞു

ഞാൻ ശരിക്കും ഞെട്ടി .

How ????

ഞാൻ ബിബിനോട് ചോദിച്ചു,

“രാവിലെ ഓട്ടോറിക്ഷയില് അവന്റെ കൂടെ വന്നപ്പോ അവൻ എല്ലാരോടുമായി ഈ പേനയുടെ കഥ പറയുന്നുണ്ടായിരുന്നു. അതു കേട്ടതാ “

ബിബിൻ പറഞ്ഞു …

അപ്പോൾ റിബിൻ ആയിരിക്കില്ല ആ പേനയുടെ ക്യാപ് കളഞ്ഞതെന്നോ ആണെന്നോ നമ്മൾ ഇപ്പോൾ തീരുമാനിക്കരുത് ബിബിൻ.. അന്വേഷണം ആരുടേം സൈഡ് പിടിച്ചാവരുത്..

ഞാൻ : നമ്മുടെ ഒരു കുസൃതി ഒക്കെ വെച്ച് പേനയുടെ ക്യാപ് കളിക്കുന്നതിനിടയിലോ മറ്റൊരു എവിടെയെങ്കിലും വീണു പോകാനാണ് സാധ്യത…

ബിബിൻ : അങ്ങനെയാണെങ്കിൽ ഗ്രൗണ്ടിലും വരാന്തയിലും മുറ്റത്തും അന്വേഷിക്കാം.

അങ്ങനെ ഞാനും ബിബിനും ഗ്രൗണ്ടും വരാന്തയും മുറ്റവും നന്നായി അരിച്ചു പെറുക്കി, പക്ഷേ ക്യാപ് കിട്ടിയില്ല.

ഞാൻ : അപ്പോൾ ബിബിൻ
ആ സാധ്യത വെട്ടിയെക്ക്..
അവൻ പേന കയ്യിൽ കൊണ്ടു നടക്കുന്നതായി കണ്ടിരുന്നോ ?

ബിബിൻ : ഓട്ടോ യിൽ വെച്ച് ഷിർട്ടിന്റെ പോക്കറ്റിലായിരുന്നു, ക്ലാസ്സിലു വെച്ച് ബോക്സിലായിരുന്നു, ഇന്റെര്വല് ടൈമിൽ നിക്കറിന്റെ പോക്കറ്റിലും

ഞാൻ : യെസ്, നിക്കറിന്റെ പോക്കറ്റ്. നമ്മുടെ കുഞ്ഞി നിക്കറിന്റെ പോക്കറ്റിൽ ഒരു സെല്ലോ ഗ്രിപ്പർ ന്റെ പേന ഇട്ടാൽപോലും പുറത്തേക്കു തള്ളി നില്കും, അപ്പോൾ അതിനേക്കാൾ വലുപ്പമുള്ള ഈ പേന പോക്കറ്റിൽ ഇട്ടാൽ പുറത്തേക്കു ഒരുപാട് തള്ളി നില്കും. അപ്പോൾ നിക്കറിലിട്ട് നടന്ന സമയത്ത് അവന്റെ പോക്കറ്റിൽ നിന്നും ക്യാപ് ഊരി വീഴാൻ സാധ്യതയുണ്ട്

ബിബിൻ : അങ്ങനെയെങ്കിൽ അവൻ ഇന്റെര്വല് ഇന് പോയ സ്ഥലങ്ങളൊക്കെ നമുക്കൊന്ന് പരിശോധിക്കാം.

ഞാനും ബിബിനും അവൻ ഇന്റെർവെലിന് പുറത്തുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം അന്വേഷിച്ചു

പക്ഷേ ക്യാപ് കണ്ടെത്താനായില്ല.

ഞാൻ : ബിബിൻ , ഇനി നമ്മൾ ഈ സ്കൂളിൽ അന്വേഷിക്കാത്ത സ്ഥലം ഏതൊക്കെയാണ് ?

ബിബിൻ :അങ്ങനെ ചോദിച്ച, പഴയ കഞ്ഞിപ്പുരയും പുതിയ കഞ്ഞിപ്പുരയും പിന്നെ പ്രീ കെജി ക്കാരുടെ പാർക്കും

ഞാൻ : പ്രീ കെജി ക്കാരുടെ പാർക്ക്‌ നമുക്കൊഴിവാക്കാം ബിബിൻ, അവിടെ കഴിഞ്ഞാഴ്ച നമ്മൾ കേറിയപ്പോൾ കിട്ടിയ അടി ഓർക്കുന്നുണ്ടല്ലോ, അതുകൊണ്ട് എന്തായാലും അവിടെ കേറാൻ എബി ധൈര്യം കാണിക്കില്ല. ബാക്കി രണ്ട് സ്ഥലത്തും നമുക്ക് നോക്കാം

അങ്ങനെ ഞങ്ങൾ മറ്റു രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തി.

പുതിയ കഞ്ഞിപ്പുരയുടെ പരിസരത്തുനിന്നും ഒന്നും കിട്ടിയില്ല

പക്ഷേ പഴയ കഞ്ഞിപ്പുരയുടെ പുറകിൽ നിന്നും ഞങ്ങളുടെ അന്വേഷണത്തിലെ ആദ്യ വഴിത്തിരിവ് കിട്ടി

ചുളുങ്ങി കൂടിയ നിലയിൽ ലുട്ടാപ്പിയുടെ പടമുള്ള ഒരു നെയിം സ്ലിപ്.

ബിബിൻ സ്ലേറ്റിൽ അതു നോട്ട് ചെയ്തു.

ഞാൻ ആ നെയിം സ്ലിപ് നോക്കി…

ഞാൻ:
ബിബിൻ, ഇത് ഇന്നലെയിറങ്ങിയ ബാലരമയുടെ ഒപ്പം കിട്ടുന്ന നെയിം സ്ലിപ്പാണ്, ഇന്നലെ പപ്പ വാങ്ങിച്ചോണ്ട് വന്നിരുന്നു

ബിബിൻ : ജോർഡി, അങ്ങനെയെങ്കിൽ ഇന്നലെ ഇറങ്ങിയ നെയിം സ്ലിപ് എങ്ങനെ ഇതുപോലെ ചെളിപിടിച്ച അവസ്തത്തിലായി ?

ഞാൻ ആ നെയിം സ്ലിപ് ഒന്നൂടി അനലൈസ് ചെയ്തു.

ഞാൻ :
ബിബിൻ, നമ്മൾ എത്ര പുതിയ ഉടുപ്പിട്ടാലും കളി കഴിയുമ്പോൾ ചെളിയാവില്ലേ, അതുപോലെ ഇതു വെച്ച് എന്തോ കളി നടന്നിട്ടുണ്ട്. തന്നെയല്ല നീ ഈ നെയിം സ്ലിപ് ശ്രദ്ധിച്ചോ, ഇതിന്റെ വശങ്ങളിലാണ് അഴുക്ക്. അതായത് കയ്യിൽ പിടിച്ചും തിരിച്ചും അഴിക്കായതാവാം. നമ്മുടെ സ്കൂളിൽ നെയിം സ്ലിപ് എന്തൊക്കെ കളികളാണ് കളിക്കാറുള്ളത് ?

ബിബിൻ : ചെരുപ്പേറ്, ഒഡോറിവാൻ, കളറ് ഒക്കെയാണ് ഇപ്പോഴുള്ള കളികൾ

ഞാൻ : ഓക്കേ,ബിബിൻ ടിന്റോണിൽ നിന്നും രണ്ട് ഷീറ്റ് നെയിം സ്ലിപ്പ് വാങ്ങണം, ഈ കളികൾ കളിക്കാൻ താല്പര്യമുള്ളവരെയെല്ലാം ഇവിടെ വിളിക്കണം.

ഞാൻ പറഞ്ഞപ്രകാരം ബിബിൻ നെയിം സ്ലിപ്പും വാങ്ങി കളിക്കാൻ കളിക്കാരുമായി വന്നു.

കളിക്കാൻ വന്ന കളിക്കാരിൽ ക്യാപ് നഷ്ടപ്പെട്ട എബിയും ഉണ്ടായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. അതുകൊണ്ട് തന്നെ ഞാൻ അവനുമായി കളിക്കാൻ തീരുമാനിച്ചു.

മേല്പറഞ്ഞ എല്ലാ കളികളും ഞാൻ അവന്റൊപ്പം കളിച്ചു. എല്ലാ കളികളിലും അവൻ തോറ്റു. അവന്റെ കയ്യിലുണ്ടായിരുന്ന നെയിം സ്ലിപ്പിക്കുകളെല്ലാം എന്റെ കയ്യിലായി.

ബെല്ലടിച്ചപ്പോൾ കളി നിർത്തി അവൻ ക്ലാസ്സിലേക്ക് പോയി.

അവന്റെ കയ്യിൽ നിന്നും കളിച്ചു മേടിച്ച നെയിം സ്ലിപ്പുകളെല്ലാം ഞാൻ സൂഷ്മ നിരീക്ഷണം നടത്തി . ചില നിഗമനങ്ങളിലെത്തി .

ഞാൻ : നീ ഇതു ശ്രദ്ധിച്ചോ, എബിയുടെ കയ്യിലിരിക്കുന്ന നെയിം സ്ലിപ്പെല്ലാം വ്യത്യസ്തങ്ങളാണ്, ഇത്രയും വ്യത്യസ്ത നെയിം സ്ലിപ്പുകൾ ഒരാളുടെ കയ്യിൽ വരണമെങ്കിൽ അത് ഒരുപാട് പേരോട് കളിച്ചു ജയിച്ചിട്ടുണ്ടാകണം. പക്ഷേ ഇന്ന് അവന്റെ കൂടെ കളിച്ചപ്പോൾ അവനത്ര വലിയൊരു കളിക്കാരനായിട്ട് എനിക്ക് തോന്നിയില്ല.

Recent Stories

The Author

kadhakal.com

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com