ഫർഹാനയുടെ ജിന്ന് 26

Views : 11465

,, ഇയ്യ് എന്ത് പായലാണ് ന്‍റെ മോളെ ഈ പായണത് .അന്‍റെ വാപ്പ ഇങ്ങാട്ടേക്ക് തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല് പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ നിയ്യ്‌ .ഇനി മേലാക്കം ഇയ്യ്‌ പായണത് ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,,

ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല

,, ഇയ്യെന്തിനാ ന്‍റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്‍റെ മോള്‍ക്ക്‌ എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്‍റെ അടുത്തേക്ക്‌ പാഞ്ഞു വരണത് ,,

“ഒരു വാപ്പേം മോളും, ഇങ്ങള് കൊഞ്ചിച്ച് കൊഞ്ചിച്ച് ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാ എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,

കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍ ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക്‌ നീട്ടിക്കൊണ്ട് പറഞ്ഞു .

,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ…… നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ …,,

വല്ലിമ്മ പരിപ്പുവട വാങ്ങിക്കൊണ്ട് പറഞ്ഞു

,, ഇത് മോള് തന്നെ കഴിച്ചോ… വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്‍റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,

ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു

,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ വയറ് നിറയണത് .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,

വല്ലിമ്മ ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്‍പ്പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?

,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വല്ലിമ്മ എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി മുമ്പ് പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത കഥ പറഞ്ഞു തരണം ,,

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com