ചിറകൊടിഞ്ഞ പക്ഷി 2127

Views : 12799

അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ചു ഉണ്ണി വന്നു. പുറകില്‍ ആണും പെണ്ണുമായി അമ്പതിലേറേ ആളുകളും.

“ ചേച്ചി, ഇതാണ് കുഞ്ഞ്.” കുട്ടിയെ എടുത്ത് കാറിന്‍റെ വിന്‍ഡോയുടെ അടുത്ത് സ്നേഹക്ക് അഭിമുഖമായി ചേര്‍ത്തു വെച്ച് ഉണ്ണി പറഞ്ഞു.

കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ചു കുഞ്ഞിന്‍റെ മുഖം. അല്പം പരിഭ്രാന്തിയുമുണ്ട് . ഓമനത്തമുള്ള ആ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നപ്പോള്‍ സ്നേഹയുടെ മനസ്സില്‍ അന്നു വരെ തോന്നാതിരുന്ന ഒരു വാത്സല്യം ഉറവ പൊട്ടി.ആ കുഞ്ഞു മുഖം സ്നേഹയുടെ കൈകുമ്പിളില്‍ വെച്ചപ്പോള്‍ , അല്പം പരിഭ്രമത്തോടെയാണെങ്കിലും അവന്‍റെ കുഞ്ഞു അധരങ്ങളില്‍ നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു.

“ ഈ കുഞ്ഞിനെ….. ഈ കുഞ്ഞിനെ എനിക്കു തരുമോ. ഞാനിവനെ വളര്‍ത്തിക്കോളാം …..?” വളരെ നിഷ്കളങ്കതയോടെ കൂടിയാണെങ്കിലും, പെട്ടെന്നു തന്നെ ഏതോ ഉള്‍വിളി പോലെ സ്നേഹ അവരോടു ചോദിച്ചു.

ആദ്യമൊന്നു അമ്പരന്നു നിന്ന ആളുകളില്‍ പിന്നെ പല തരത്തിലുള്ള സംശയങ്ങളും, പിറുപിറുക്കലുകളും ഉയര്‍ന്നത് വ്യക്തമല്ല്ലെങ്കിലും സ്നേഹക്കു കേള്‍ക്കാമായിരുന്നു. ചിലരുടെ മുഖത്ത് പ്രശ്നത്തിനു പരിഹാരം കണ്ടതുപോലെയുള്ള ഭാവങ്ങള്‍ , മറ്റു ചിലര്‍ക്ക് ആശങ്ക.

“ഈ കുഞ്ഞിനെ ബാലവേല ചെയ്യിക്കാനാവും. കണ്ടില്ലേ , കുഞ്ഞിനെ വളര്‍ത്തിക്കോളാമെന്നു പറഞ്ഞിട്ടു ഒന്നു കാറില്‍ നിന്നിറങ്ങി വരുന്നുണ്ടോ എന്നു നോക്കിയേ, ഏതോ വെല്യ വീട്ടിലെ കൊച്ചമ്മയാണെന്നു തോന്നുന്നു.” കൂട്ടത്തിലുള്ള വൃദ്ധയായ ഒരു സ്ത്രീയുടെ വാക്കുകള്‍ അല്പം ഉച്ചത്തിലായിരുന്നു.എല്ലാവരും അതു വ്യക്തമായി കേള്‍ക്കുകയും ചെയ്തു.

“എന്‍റെ ചേച്ചി വെല്യ വീട്ടിലെ —“

“ഉണ്ണീ..“ ഉണ്ണിയുടെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ സ്നേഹ അതു വിലക്കി കൊണ്ട് അവനെ വിളിച്ചു, സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അരുത് എന്ന് ആ കണ്ണുകള്‍ പറയുന്നതുപോലെ തോന്നി.

“എനിക്കൊന്നു പുറത്തിറങ്ങണം ഉണ്ണീ“ പറഞ്ഞു കൊണ്ടവള്‍ ഡോര്‍ തുറന്നു എന്തിനോ വേണ്ടിയെന്ന പോലെ കാത്തിരുന്നു.

പെട്ടെന്നു തന്നെ ഉണ്ണീ കാറിന്റ്റെ ഡിക്കിയില്‍ നിന്ന് വീല്‍ചെയറുരുട്ടി കൊണ്ടു വന്നു തുറന്ന ഡോറിനു മുന്നില്‍ വെച്ചു. എന്നിട്ട് ഡോറിനടുത്ത് ചെന്ന് കുനിഞ്ഞ് സ്നേഹയുടെ കയ്യെടുത്ത് തോളിലൂടെ വെച്ചു. സ്നേഹ നിരങ്ങി നിരങ്ങി വന്നു ഇടതു കാല്‍ നിലത്തൂന്നി മെല്ലെ കാറില്‍ നിന്നെഴുന്നേറ്റു. ഒരു നിമിഷം..കണ്ടു നിന്ന എല്ലാ കണ്ണുകളിലും അമ്പരപ്പും വേദനയും നിറച്ചു കൊണ്ടാണ് സ്നേഹയുടെ വലതുകാല്‍ പുറത്തേക്കെടുത്തത്.മുട്ടിനു മുകളില്‍ നിന്നു മുറിച്ചു മാറ്റപ്പെട്ട കാലിനു താഴെ തൂങ്ങിയാടുന്ന പൈജാമ. അത്രയും മതിയായിരുന്നു എല്ലാവരുടെയും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയായിട്ട്.

വീല്‍ചെയറിലിരുന്നു ഒരു ചെറുപുഞ്ചിരിയോടെ സ്നേഹ പറഞ്ഞു തുടങ്ങി.

”ഇതുപോലൊരു കാലം എനിക്കുമുണ്ടായിരുന്നു.നിങ്ങള്‍ പറഞ്ഞതു പോലെ ഒരുപാട് സമ്പന്നതയുടെ നടുവിലാണ് ഞാന്‍ ജനിച്ചു വീണതും വളര്‍ന്നതും.സമ്പന്നതയേക്കാള്‍ സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ വീടെന്ന് പറയാനാണ് എനിക്കിഷ്ടം. പക്ഷേ, ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ, അച്ഛനും അമ്മയും ഏട്ടനുമെല്ലാം എന്നെ തനിച്ചാക്കി കണ്ണെത്താ ദൂരത്തേക്ക് പറന്നു പോയി. പറന്നു പോയതല്ല അവര്‍ . വിധി അവരുടെ ചിറകരിഞ്ഞു കൊണ്ടുപോയതാണ് അതിന്‍റെ കൂടേ എന്‍റെ ഒരു കാലും. എന്നിട്ടും ഇത്രയും കാലം…. “

പറഞ്ഞതും സ്നേഹയുടെ തൊണ്ട ഇടറി. കണ്ണില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.കഴുത്തിലണിഞ്ഞിരുന്ന ഷാള്‍ എടുത്ത് കണ്ണു തുടച്ചു കൊണ്ട് പിന്നെയും എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഉണ്ണി അവളുടെ കയ്യില്‍ പിടിച്ചമര്‍ത്തി കൊണ്ടു പറഞ്ഞു.

“ചേച്ചി ഇനി ഒന്നും പറയേണ്ട. ഞാന്‍ സംസാരിച്ചോളാം” അതും പറഞ്ഞു ഉണ്ണി അവിടെ കൂടി നിന്നവരുടെ നേരെ തിരിഞ്ഞു നിന്നു

“എന്‍റെ ചേച്ചി ജീവിതത്തിലിന്നുവരെ ഒന്നും മോഹിച്ചിട്ടില്ല. മോഹിക്കുന്നതിനും എത്രയോ ഇരട്ടി സ്വന്തമാക്കുവാനുള്ള കഴിവുമുണ്ട്. ജീവിതത്തിലാദ്യമായിട്ടാണ് ഒരാഗ്രഹം പറയുന്നത്. പണം കൊണ്ടു വാങ്ങിക്കാവുന്നതാണെങ്കില്‍ ആരോടും അപേക്ഷിക്കേണ്ട കാര്യമില്ലായിരുന്നു. നിമിഷ നേരം കൊണ്ട് കണ്മുന്നിലെത്തും. ഇതിപ്പോള്‍ അങ്ങിനെയല്ല.ആരുമില്ലാത്ത ഈ കുട്ടിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ജീവിതം, അതെന്‍റെ ചേച്ചി നല്‍കും. സ്വന്തം മോനെ പോലെയോ, അനിയനെ പോലെയോ ചേച്ചി ഈ കുഞ്ഞിനെ വളര്‍ത്തും. നിങ്ങള്‍ക്ക് എപ്പോ വേണെങ്കിലും കുഞ്ഞിനെ കാണാനോ അന്വേഷിക്കാനോ ഒക്കെ വരാം.ആരും തടസ്സപ്പെടുത്തില്ല. ഇനി അതുമല്ല ബന്ധുക്കളാരെങ്കിലും അന്വേഷിച്ചു വരികയാണെങ്കില്‍ പോലും കുഞ്ഞിനെ തിരികെ ഏൽപ്പിക്കാന്‍ തയ്യാറുമാണ്. നിയമപരമായ കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷം മാത്രമേ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ നിന്നും കൊണ്ടു പോകൂ.. ” അത്രയും പറഞ്ഞു കൊണ്ടു മറുപടിക്കു വേണ്ടി അവന്‍ കാത്തു നിന്നു.

വീല്‍ചെയറിലേക്ക് കൌതുകത്തോടെ നോക്കി നില്‍ക്കുന്ന കുഞ്ഞിന്‍റെ കവിളില്‍ മെല്ലെ തലോടികൊണ്ട് സ്നേഹയും മറുപടിക്കായ് കാത്തു നിന്നു. അല്പനേരത്തെ ഇടവേളക്കു ശേഷം ആള്‍ക്കൂട്ടത്തില്‍ നിന്ന് മദ്ധ്യവയസ്ക്കനായ ഒരാള്‍ മുന്നോട്ട് വന്ന് ആ കുഞ്ഞിന്‍റെ കൈ സ്നേഹയുടെ കൈകളിലേക്ക് വെച്ചു കൊടുത്തിട്ടു പറഞ്ഞു.

“ദൈവമാണ് കുഞ്ഞിനെ ഈ സമയത്ത് ഇവിടേക്കെത്തിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വന്നിരുന്നതെങ്കില്‍ ഈ കൊച്ചു വല്ല അനാഥാലയത്തിലും വളരേണ്ടി വരുമായിരുന്നു. ഇവിടെ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല, മറിച്ച് ആശ്വാസവും സന്തോഷവും ഒത്തിരിയുണ്ട്. കുഞ്ഞിനെ ഞങ്ങളാരും മറക്കുകയില്ല. നല്ലതേ വരൂ.” എന്നിട്ട് കുഞ്ഞിനെ കാറിനുള്ളിലേക്കെടുത്തിയിരുത്തിയിട്ട് അയാള്‍ സ്നേഹക്ക് കയറാന്‍ വേണ്ടി ഡോറിനു മുന്നില്‍ നിന്നു വഴി മാറി കൊടുത്തു.

കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു തെളിഞ്ഞ മാനം പോലെയായിരുന്നു അവിടെ കൂടിനിന്നിരുന്ന ഓരോ ആളുകളുടെയും മുഖം.നിറഞ്ഞു നിന്ന ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും പൂര്‍ണ്ണവിരാമമായപ്പോള്‍ , കനിവൊഴുകുന്ന കണ്ണുകള്‍ സ്നേഹയുടെ കാലിലേക്കും മുഖത്തുമായി മാറി മാറി നോക്കി കൊണ്ടിരുന്നു.

“എന്നാല്‍ ഞങ്ങള്‍ പൊയ്ക്കോട്ടേ.?“ നിറഞ്ഞു നിന്ന നിശ്ശബ്ദതക്കു വിരാമമിടാനെന്ന പോലെ ഉണ്ണി അവരോടു ചോദിച്ചു.

Recent Stories

The Author

rajan karyattu

2 Comments

  1. സുദർശനൻ

    കഥഇഷ്ടമായി.

  2. need improvment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com