അവളാണെന്‍റെ ലോകം [Novel] 41

ആ സ്ഥിതിക്ക് അവളുടെ ജീവൻ അപകടത്തിലാകാൻ സാധ്യത വളരെയധികമാണ്… അവളുടെ ജീവന് വേണ്ടി മാത്രമാണ് ആദി ഈ ഒരു അഭിനയത്തിന് മുതിർന്നത് തന്നെ…. ഉപ്പയ്ക്ക് മുന്നിൽ എത്തിയ നീ എനി എനിക്ക് മുന്നിലും എത്തും… ഇനിയെനിക്ക് വട്ടാണെന്ന് ആരും പറയില്ലല്ലോ… എന്തായാലും എനി ആദിയെ കാണുന്നത് അവളോടൊപ്പമായിരിക്കും… കണ്ട കിനാവുകളൊക്കെ സാക്ഷാത്കരിക്കാൻ പോകുന്ന നല്ല ദിനങ്ങളെ കുറിച്ചോർത്തു എന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു…
**************************

മിനുട്ടുകൾ മണിക്കൂറുകളിലേക്കും മണിക്കൂറുകൾ ദിവസങ്ങളിലേക്കും പരിണമിച്ചു കൊണ്ടിരിക്കുന്തോറും ഞാനും ഷാദിയും പിരിയാനാകാത്ത വിധം അടുത്തു കഴിഞ്ഞിരുന്നു… എന്റെ ഒരു നിമിഷത്തെ അസാന്നിധ്യം പോലും അവൾക്ക് അസഹനീയമായിരുന്നു… അങ്ങനെയിരിക്കെയാണ് അവൾക്കു കോളേജിലേക്കുള്ള ഇന്റർവ്യൂ കാർഡ് കിട്ടിയത്.. അവളെയും കൂട്ടി പോകാനുള്ള ചുമതല എനിക്കായിരുന്നു… അതല്ലേലും അങ്ങനെയാണല്ലോ…

കാറെടുത്തു പോകാമെന്ന് പറഞ്ഞപ്പോ അവൾ സമ്മതിച്ചില്ല… എനിക്ക് ഇക്കയോട് ചേർന്നിരുന്നിട്ട് പോകാനാണ് കൂടുതലിഷ്ടം എന്നും പറഞ് എന്നെ കൊണ്ട് നിർബന്ധിച്ചു ബൈക്ക് എടുപ്പിച്ചു… രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി… കോളേജിലേക്കുള്ള ദൂരം കുറച്ചധികമാണ് വീട്ടിൽ നിന്നും… ബസ് സർവീസ് തന്നെ വളരെ വിരളമാണ്… എന്നിരുന്നാലും അവളെ നിരുത്സാഹപ്പെടുത്താൻ ഞാൻ മുതിർന്നില്ല…

ബൈക്കിന്റെ പിറകിൽ എന്നെയും ചേർത്ത് പിടിച്ചു അവൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി…

“ഇക്കയ്ക്ക് നാട്ടിലെന്തെങ്കിലും ജോലി നോക്കിക്കൂടെ,,,, അങ്ങനെയാകുമ്പോ എനിക്കെന്നും ഇക്കയുടെ കൂടെ ഇതുപോലെ കോളേജിലേക്ക് വരായിരുന്നു… ഇക്കയോടൊപ്പമാണെങ്കിൽ ഞാനൊരു മടിയുമില്ലാതെ പഠിക്കാൻ വരുകയും ചെയ്യും “

“നാട്ടിൽ നിന്നിട്ടെന്താക്കാനാ,,, നാട്ടിലൊരു ജോലി ചെയ്താൽ അതിനുള്ള പണം അന്നത്തേക്കുള്ള ചിലവിനു തന്നെ മതിയാകില്ല… പോരാത്തതിന് എനിക്ക് മുന്നിൽ ഒരു പെങ്ങൾ വളരുന്നുണ്ട് ഷാദി,,, അവളുടെ ഭാവി ഇപ്പോ എന്റെ കയ്യിലാ,,,, ഇത്രയും കാലം നിച്ചൂക്ക എല്ലാരേയും നോക്കിയില്ലേ,,, ഇനിയിതെങ്കിലും ഞാനൊന്ന് നോക്കണ്ടെടാ,,, അതിന് വേണ്ടി മാത്രമാണ് ഞാനിപ്പോഴും പ്രവാസത്തെ ഇഷ്ടപ്പെടുന്നത് “

“അപ്പോ,, ഹാംനാരെ കല്യാണം കഴിഞ്ഞാൽ ഇങ്ങൾ നാട്ടിൽ നിൽക്കുമോ ??”…

വളരെ പ്രതീക്ഷയോടെയായിരുന്നു അവളെന്നോട് ചോദിച്ചത്…

“നിൽക്കണം എന്നാണാഗ്രഹം,,, പക്ഷെ,, നിൽക്കാൻ പറ്റുമോ ഷാദി,, ??”.. സൈഡ് മിററിലേക് നോക്കി ഞാനവളോട് ചോദിച്ചു..

“അതെന്താ ഇക്കാ അങ്ങനെ ചോദിച്ചേ ??”

“അല്ലെടി,, പിന്നെ പിന്നെ നമ്മുടെ കുടുംബ ബഡ്ജറ്റിന്റെ ഗ്രാഫ് ഉയർന്നു വരൂലേ,,, ഞാനും നീയും മാത്രമല്ലല്ലോ നമ്മുടെ ലോകം,, നമ്മുടെ മക്കൾ,, അവരുടെ വിദ്യാഭ്യാസം,, അങ്ങനെയങ്ങനെ വരും ഓരോ കാരണങ്ങൾ “…

“ഹും,,, നിങ്ങള് ഇങ്ങനെ ഓരോ കാരണം പറഞ് അവിടെ തന്നെ നിന്നോ,,, എന്ന ഇങ്ങക്ക് സമാധാനമാകുമല്ലോ,,, ദേ ഇക്കാ,, ഞാനൊരു കാര്യം പറഞ്ഞില്ലാന്ന് വേണ്ട,, എനിക്ക് നിങ്ങളില്ലാതെ ജീവിക്കാൻ പറ്റൂന്ന് തോന്നണില്ല… എങ്കിലും ഞാൻ ശ്രമിക്കാം… പക്ഷെ എന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഞാനേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇക്കയുടെ സാമീപ്യമായിരിക്കും… അപ്പൊ ഇക്ക എന്റെ അരികിലേക്ക് വരണം,, മറ്റൊന്നും നോക്കാതെ… അങ്ങനെയൊരു ഉറപ്പ് എനിക്ക് തരാതെ ഞാൻ ഇക്കയെ ഗൾഫിലേക്ക് പോകാൻ വിടൂന്നു നിങ്ങള് കരുതണ്ട.. “…

ഒരൊന്നൊന്നര ഭീഷണിയായിരുന്നു പെണ്ണ് എന്റടുത്തു ചെലവാക്കിയത്…

“അല്ല ഷാദി,,, എന്താ അപ്പോ നിന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് ?? അത് കൂടി പറയെടോ “… എനിക്കറിയാം അവളുദ്ദേശിച്ചത് ഡെലിവെറിയുടെ കാര്യമായിരിക്കും… എന്നാലും അവളൊന്ന് പറയുന്നത് കേൾക്കാല്ലോ…

“അതിപ്പോ പടച്ചോനിക്ക് മാത്രേ അറിയൂ,,, എന്താ എന്റെ ജീവിതത്തിൽ സംഭവിക്കുക എന്ന് ?? പിന്നെ ഇക്കയും കൂടി അറിയുന്ന ഒന്ന് സംഭവിക്കാനുണ്ട്,,, ഞാനിക്കയോട് പറഞ്ഞ ഗിഫ്റ്റ്… ഇക്കയില്ലാതെ ഞാൻ ആ ഗിഫ്റ്റ് പുറത്തേക്കെടുക്കൂല മോനേ “…

അതും പറഞ്ഞവൾ എന്റെ തോളിലൂടെ കൈയിട്ട് എന്റെ പുറത്തു ചാരി തല വെച്ചു കിടന്നു…

ഓരോന്ന് സംസാരിച്ചു കോളേജ് എത്തിയതറിഞ്ഞില്ല… ബൈക്ക് ഒരു ഒഴിഞ്ഞ സ്ഥലത്തു പാർക്ക് ചെയ്തു കോളേജിലേക്ക് കടന്നു ചെല്ലുമ്പോ തന്നെ വലിയൊരു ഫ്ളക്സ് ബോർഡ് എന്റെ ദൃഷ്ടിയിൽ പതിഞ്ഞു…

‘പ്രശസ്ത യുവ ഗായകൻ ആദിൽ അഹമ്മദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ‘…

താഴെ ഏതോ പാർട്ടിയുടെ വകയാണെന്നും കണ്ടു… നടുവിൽ അവന്റെയൊരു ഫോട്ടോയും കണ്ടു…

സന്തോഷത്തോടെ ഞാൻ ഷാദിയുടെ കയ്യിൽ പിടിച്ചു വലിച്ചു ആ ഫോട്ടോ കാണിച്ചു കൊടുത്തു…

“ഡി,, നീ ഇവനെ കണ്ടോ,,, ഞമ്മള മുത്താണ് ചെക്കൻ,,, എന്റെ ഹംന ഇവന്റെ കട്ട ഫാനാ,,.. അവളെപ്പോഴും പറയും,, അക്കൂക്കാനേ പോലെയുണ്ട് ഇവനെ കാണുമ്പോ എന്ന് “..

ഞാൻ പറയുന്നതൊക്കെ കേട്ട് അവൾ ആ ഫ്ലക്സ് ബോർഡിലേക്ക് ഒന്ന് നോക്കി… നോക്കിയതിനേക്കാൾ വേഗത്തിൽ കണ്ണ് എന്റെ നേർക്കേക്ക് ഉരുട്ടി വിട്ടു…

“നിങ്ങളെ പെങ്ങളൂട്ടിക്ക് കാഴ്ച കുറവുണ്ടോ ഇക്കാ,,, എനിക്കിവനെ കണ്ടിട്ട് അങ്ങനെയൊന്നും തോന്നിയില്ല… അതുമല്ല ഇങ്ങനെയൊരു പാട്ടുകാരൻ ഉള്ളത് തന്നെ ഇപ്പോഴാ അറിഞ്ഞത് തന്നെ.. എന്റെ ഇക്കയെ പോലെ ഇക്ക മാത്രേ ഉള്ളു ഈ ദുനിയാവിലും,,, പിന്നെയീ ഷാദിയുടെ മനസ്സിലും “.. അതും പറഞ്ഞവൾ എന്റെ കയ്യും പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി..

“അയ്യേ,, നാണക്കേടാണ് ഷാദി,, അവനെ അറിയില്ലെന്ന് പറഞ്ഞാൽ… ഇത്രയും പോപ്പുലറായ ഗായകനെ അറിയാത്തവരായി ആരും തന്നെ ഇല്ല ട്ടോ “..

“ഓഹ്,, ആയിക്കോട്ടെ ബോസ്,,, ആ നാണക്കേട് ഞാനങ് സഹിച്ചു… പോരെ “..

“അതേയ് ഷാദി,, അവൻ ഇന്ന് വന്നിട്ടുണ്ടെങ്കിൽ നമുക്കൊന്ന് പരിചയപ്പെട്ടിട്ടു പോകാടി,, ഒന്നോ രണ്ടോ വട്ടമേ ഞാൻ അവനെ നേരിൽ കണ്ടുള്ളു,, പക്ഷെ അപ്പോഴൊന്നും സംസാരിക്കാൻ പറ്റിയില്ലടാ… “

“ആഹാ നല്ല കാര്യം,,, ഇങ്ങള് പോയി പരിചയപെടുകയോ സംസാരിക്കുകയോ എന്ത് വേണേലും ചെയ്യ്,, എനിക്കാരെയും കാണുകയും വേണ്ട,, പരിചയപ്പെടുകയും വേണ്ട… പറ്റുമെങ്കിൽ ഇങ്ങളെ ഹംനക്ക് വേണ്ടി അവനെയൊന്നു പ്രൊപ്പോസ് ചെയ്യുകയും ചെയ്തോളു,,, “… അവസാനം അവൾ ഒന്ന് ആക്കി പറഞ്ഞതാണ്… വിട്ടു കൊടുക്കാൻ ഞാനും തയ്യാറായില്ല..

“ആഹ്,, ചിലപ്പോ അവൾക്ക് വേണ്ടി ഞാൻ പ്രൊപ്പോസ് ചെയ്തെന്നിരിക്കും,,, അവന് അത്‌ ആക്‌സെപ്റ്റ് ചെയ്താൽ മതിയായിരുന്നു.. “…

പലതും പറഞ്ഞു ഞങ്ങൾ ഇന്റർവ്യൂ നടക്കുന്ന ഹാളിലേക്ക് കയറി… ഒരുപാട് കുട്ടികൾക്കിടയിൽ അവളും… എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു അവസാനം ഇറങ്ങാൻ നേരത്താണ് ഒരു സാർ ഞങ്ങൾക്കരികിലേക്ക് വന്നത്…

“അതേയ്,, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,, ഈ കുട്ടിക്ക് ഫുൾ മാർക്ക് കണ്ടത് കൊണ്ട് പറയുകയാ,, അവൾക്ക് നല്ലൊരു ഭാവി ഞങ്ങൾ കാണുന്നുണ്ട്… അത് കൊണ്ട് തന്നെ പഠിത്തത്തിനിടയിൽ കൊണ്ട് പോയി നിങ്ങള് അവളെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്… “.. അത് കേട്ട് എനിക്കും ഷാദിക്കും ചിരിയാണ് വന്നത്… എങ്കിലും അദ്ധ്യാപകനോടുള്ള ബഹുമാനം ഓർത്തു രണ്ട് പേരും ചിരി അമർത്തി വെച്ചു…

“അതോർത്തു സാർ പേടിക്കണ്ട,,, പഠിത്തത്തിനിടയിൽ ഇനിയൊരു വിവാഹം ഇവൾ കഴിക്കില്ല… കാരണം അവളുടെ വിവാഹം ഒന്ന് കഴിഞ്ഞതാണ്… അപ്പോ ഞങ്ങൾ പോട്ടെ “… അതും പറഞ് ഞാൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി… പിന്നെയും എന്തൊക്കെയോ അയാൾക്ക് ചോദിക്കാനുണ്ടായിരുന്നു എന്ന് മുഖ ഭാവത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി..

***-* ******* ******* ***********–

കോളേജും കഴിഞ്ഞു ഒരു കിലോമീറ്ററോളം വണ്ടി ഓടിയപ്പോഴാണ് എന്റെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ടത്…. ഉടൻ തന്നെ ഞാൻ ബൈക്ക് സൈഡ് ആക്കി ഫോൺ എടുത്തു… അവളോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു…

“ഹാലോ “

“ഹാലോ അഷ്കറെ,, ഇത് ഞാനാടാ ആസിഫ്,, നീയെപ്പോഴാ ഇങ്ങോട്ട് വരുന്നത് ?? ഡാ രണ്ടു ദിവസത്തിനുള്ളിൽ ടിക്കറ്റ്‌ എടുക്കുമോടാ ??നീ വന്നിട്ട് വേണം എനിക്ക് നാട്ടിലേക് പോകാൻ,,, ഞാനെന്റെ മോളേ കണ്ടില്ലടാ ഇത് വരെ.. “

“ഡാ,,,, നീയിങ്ങനെ ഫോൺ എടുത്തയുടൻ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് ട്ടോ,, ഞാൻ ഇൻശാ അല്ലാഹ് അടുത്ത മാസം 8നു ഇവിടെന്ന് വിടും… അപ്പോ നിനക്കു നാട്ടിലേക്ക് വരാം “

“ഡാ അങ്ങനെ പറയല്ലേ,,, ഒരു മാസം കഴിഞ്ഞാൽ കമ്പനി സൗദിയിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നാ പറയുന്നത്,,, അപ്പോ ആരെയും നാട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞു… ഡാ എനിക്ക് നാട്ടിൽ പോയിട്ട് മോളെയൊക്കെ കണ്ടിട്ട് ഒരു മാസം കൊണ്ട് തിരിച്ചു വരേണ്ടതാ… “

“ഇല്ലടാ,, ഞാൻ ഓൾറെഡി ടിക്കറ്റ്‌ എടുത്തുടാ,,, അതുമല്ല,, ഞാനും എന്റെ മോളുടെ വരവ് അറിയിച്ചിട്ടേ അങ്ങോട്ട് വരുള്ളൂ “.. ഷാദിയെ നോക്കി കണ്ണിറുക്കി കൊണ്ടാണ് ഞാനവനോട് അത് പറഞ്ഞത്…
പക്ഷെ അവളുടെ മുഖത്തു നല്ല സങ്കടം നിഴലിച്ചതായി കാണാൻ കഴിഞ്ഞു എനിക്ക്…

പെട്ടെന്നാണ് ഞങ്ങൾക്കരികിലേക്ക് ഒരു കാർ റിവേഴ്‌സ് ഗിയറിൽ വന്ന് നിർത്തിയത്… കാർ ഒന്ന് സൈഡ് ആക്കി വെച്ചു അതിൽ നിന്നൊരാൾ ഞങ്ങൾക്കരികിലേക്ക് നടന്നടുത്തു….

ആ നിഴൽ രൂപം ഷാദിക്കരികിലേക്ക് നീങ്ങുന്നത് കണ്ടപ്പോ അവൾ പേടിച്ചു കൊണ്ട് എന്റെ പിറകിലായി സ്ഥാനം പിടിച്ചു…
ഞങ്ങൾക്കരിക്കലേക്ക് നടന്നു വരുന്ന ആഗതൻ തികച്ചും അപരിചിതനായത് കൊണ്ടാകണം എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടരാതിരുന്നത്…. എങ്കിലും അയാളുടെ ദൃഷ്ടി പതിഞ്ഞത് മുഴുവനും ഷാദിയിലേക്കായിരുന്നു…

കയ്യിലുണ്ടായിരുന്ന ഫോൺ ഞാൻ കട്ട് ചെയ്തു പാന്റിന്റെ പോക്കറ്റിലേക്ക് വെച്ചു… ഷാദിയെ പിടിച്ചു എന്റെ അരികിൽ നിർത്തി… പേടി കൊണ്ടാകണം അവൾ എന്റെ കൈയ് മുറുകെ പിടിച്ചിട്ടുണ്ട്…
അയാൾ ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു ഞങ്ങൾ രണ്ട് പേരും… അവളോട് ഞാൻ ചോദിച്ചപ്പോ അവൾക്കും അങ്ങനെയൊരാളെ പരിചയമില്ല…

“ആരാ നിങ്ങള് ??? മനസ്സിലായില്ല ??”.. വളരെ ഭവ്യതയോടെ തന്നെയാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്… ഒരു അമ്പത് വയസ്സിനോടടുത്തു പ്രായം വരുന്നൊരു മനുഷ്യൻ… കയ്യിൽ ധരിച്ചിരിക്കുന്ന വില പിടിപ്പുള്ള വാച്ചു കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഏതോ കൊമ്പത്തെ ടീമാണെന്ന്…

“എനിക്ക് ഇവളോടൊന്ന് സംസാരിക്കണം “.. എന്ന് മാത്രം പറഞ് അയാൾ ഷാദിക്കരികിലേക്ക് വീണ്ടും നടന്നടുത്തു… ഞാനെന്റെ കരങ്ങൾ കൊണ്ടൊരു തടസ്ഥം തീർത്തു അവളെ അകറ്റി നിർത്തി…

“നിങ്ങള് ആരാണെന്ന് പറഞ്ഞിട്ട് മതി അവളോടുള്ള സംസാരമൊക്കെ,,, എന്റെ ഭാര്യയോട് ആര്,, എപ്പോ സംസാരിക്കണമെന്ന് തീരുമാനിക്കേണ്ട അധികാരം എനിക്കാണ്.. നിങ്ങള് ആരാണെന്ന് പറഞ്ഞാൽ അവളോട് സംസാരിക്കാനുള്ള വഴി ഞാൻ എളുപ്പമാക്കാം “.. ഇത്തവണ ഞാൻ അല്പം ദേഷ്യത്തോടെയാണ് മറുപടി കൊടുത്തത്…

“ഭാര്യയോ ???ആരുടെ ???നിന്റെയോ ??”…

ഒരോ ചോദ്യവും അയാൾ വളരെ ആശ്ചര്യത്തോടെയാണ് എന്നോട് ചോദിച്ചത്.. അതേ എന്നാ ഒറ്റ മറുപടിയിൽ ഞാൻ ഉത്തരമൊതുക്കി…

“ഓഹ്,,, സോറി,,, എനിക്ക് ആൾ മാറിയതാണ്… നിങ്ങളെ ബുദ്ധി മുട്ടിച്ചതിൽ ക്ഷമിക്കണം “

നിറഞ്ഞ പുഞ്ചിരി നൽകി അയാൾ അതും പറഞ് പോകാനൊരുങ്ങി… എങ്കിലും ഷാദിയിലേക്കുള്ള അയാളുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു…

Updated: March 12, 2018 — 2:03 am

12 Comments

Add a Comment
  1. story kadha super
    Real story aano.

  2. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

  3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  4. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  5. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  7. excellent work , good narration , keep going

  8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: