എക്സ് മസ് 5

Views : 1078

Author : Hridya Rakesh

“ജോമോനെ.. നോക്കിയേ.. ഇപ്പ്രാവശ്യത്തെ ക്രിസ്മസിന് വാങ്ങീതാ…” ചന്തയില്‍ നിന്നും മടങ്ങും വഴി തന്നെ കണ്ട് ഓടിയെത്തിയതായിരുന്നു അവള്‍.. നന്നേ കിതച്ചിരുന്നു..

വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ നിന്നും നീലക്കുപ്പിവളകളണിഞ്ഞ ഇളം കൈകള്‍ കൊണ്ട് പുറത്തെടുത്ത ലാങ്കിപ്പൂവിന്‍റെ നിറമുള്ള നക്ഷത്രത്തിനേക്കാള്‍ ഭംഗി അവളുടെ മുഖത്തിനപ്പോള്‍ ഉണ്ടായിരുന്നതായവന് തോന്നി… ഒരായിരം വിളക്കുകള്‍ തെളിഞ്ഞ ശോഭ !!

“നീയ്യിപ്പഴും എഴുത്തിലാണോ.. ഇതൊന്ന് പിടിച്ചേ… നോക്കട്ടെ..” കവറുകള്‍ അവന്റെ കൈകളിലേക്ക് വെച്ചു നല്‍കി വരമ്പത്ത് വെച്ചിരുന്ന കടലാസുകളെടുത്തു നോക്കാന്‍ തുടങ്ങി..

” ടീ..ടീനേ.. നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടെടീ.. ഇവനോട് മിണ്ടാന്‍ നിക്കരുത്‌ ന്ന് ” അവളുടെ സഹോദരന്‍ ടിനോ ആയിരുന്നു… കയ്യില്‍ നിന്നും കവര്‍ തട്ടിപ്പറിച്ച് അവനെ ഉന്തിയിട്ട് അവളുടെ കയ്യില്‍ പിടിച്ച് വലിച്ചിഴച്ചുകൊണ്ട് ടിനോ നടന്നു… പിന്നാലെ ചിണുങ്ങി കരഞ്ഞുകൊണ്ട് ടീനയും..

തപ്പിപിടിച്ചെഴുനേറ്റ് കുപ്പായത്തില്‍ പറ്റിയ മണ്ണ് തട്ടിക്കളയുമ്പോഴും അവന്റെ ചെവികളില്‍ കേള്‍ക്കാമായിരുന്നു “അവന്‍ കള്ളുകുടിയന്‍റെ മോനാ.. അവനോടൊന്നും മിണ്ടരുത്” എന്ന ടിനോയുടെ വാക്കുകള്‍.. കാണാമായിരുന്നു അവന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടകലുന്ന ടീനയേയും..

കാണുമ്പോഴൊക്കെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കുമെങ്കിലും ജോമോന് ടിനോയെ വല്ല്യ ഇഷ്ടാണ്.. ഇഷ്ടല്ല്യെങ്കി കഴിഞ്ഞ പ്രാവശ്യത്തെ കാവിലെ ഉത്സവത്തിന് ഓന്‍റെ നേരെ പാമ്പ്‌ വരണ കണ്ടിട്ട് നിക്ക് പറയാതിരിക്ക്യാര്‍ന്നല്ലോ… ഞാനത് ചെയ്തില്ല്യാലോ.. ഇല്ല.. ജോമോന് ആരേം വെറുക്കാന്‍ കഴിയില്ല.. കള്ളുകുടിയന്റെ മോന്‍ തന്ന്യാ ജോമോന്‍… സ്വയം ആശ്വാസവാക്കുകള്‍ പറഞ്ഞ് കടലാസുകളില്‍ നോക്കിയപ്പോ കീറിയിട്ട രീതിയിലാണ് അതിനെ കാണാന്‍ കഴിഞ്ഞത്… എന്നിട്ടും ടിനോയോട് ദേഷ്യം തോന്നാന്‍ അവനു കഴിഞ്ഞില്ല.. പകരം ധാരയായ് ഒഴുകിയ കണ്ണുനീരായിരുന്നു മറുപടി.. അവനത് ചേര്‍ത്ത് വെച്ച് വായിയ്ക്കാന്‍ ശ്രമിച്ചു…

“എന്‍റെ സാന്താ അപ്പൂപ്പന്… അപ്പൂപ്പന്‍റെ പേരെഴുതി കത്തയച്ചാല്‍ സമ്മാനോം കൊണ്ട് വരും ന്ന് അങ്ങേലെ ത്രേസ്യാമ്മ ചേട്ടത്തി പറയണ കേട്ടു.. അങ്ങനെ എഴുതുവാ.. അട്രസൊന്നും ജോമോനറിയില്ലാ ട്ടോ… നിക്ക് സമ്മാനായിട്ട് കവറു നെറയെ മിട്ടായോ കേക്കോ ഒന്നും വേണ്ട…. എന്നും കര്‍ത്താവിനോട് മുട്ടിപ്പായി ഞാനും അമ്മച്ചിയും പ്രാര്‍ഥിക്കണ കാര്യം നടന്നു കിട്ട്യാ മതി.. ന്‍റെ അപ്പന്‍റെ കള്ളുകുടി നിര്‍ത്തണം.. അമ്മച്ചീടെ കണ്ണീര് വീഴാത്ത രാത്രികളുണ്ടാകണം.. അത്രേ ഉള്ളൂ.. ഈ സമ്മാനം തരാന്‍ പറ്റുവോ അപ്പൂപ്പാ.. സ്നേഹത്തോടെ ജോമോന്‍… “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com