ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

Views : 798

Author : Sunil Tharakan

ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു.

ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും മേലെ തന്നെയാണ്. ഈയടുത്തയിടയ്ക്ക് ഷോപ്പിംഗ് മോളിൽ വെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് ഹൃദ്രോഗവും പിടികൂടിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞത്. ആഹാരനിയന്ത്രണത്തോടൊപ്പം ദിവസവും ഒരു മണിക്കൂർ നടത്തം നിർബന്ധമായും ശീലമാക്കണം എന്ന കർശനനിർദേശത്തോടെയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

മുപ്പത്തിനാല് വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ശാരീരിക അവസ്ഥകളെക്കുറിച്ച് സ്വയം ഉണ്ടാകേണ്ട ആകുലതകൾ എന്നെയൊരിക്കലും അലട്ടിയിരുന്നില്ല. എന്തോ, കർശനമായ ആഹാരനിയന്ത്രണങ്ങളിലൂടെയും വ്യായാമം എന്ന പേരിൽ ചെയ്യുന്ന ശാരീരികപീഡനത്തിലൂടെയുള്ള മേനിസംരക്ഷണത്തോട് എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നില്ല എന്നതാവാം കാരണം. നാവിനു രുചി തോന്നിയ ഭക്ഷണത്തെയൊന്നും ഞാനെനിക്ക് വിലക്കിയിരുന്നില്ല. പ്രത്യേകിച്ച് ഏറ്റവുമിഷ്ടമുള്ള ഐസ്ക്രീമും ചോക്കലേറ്റും.

ഇനിയിപ്പോൾ കുറെയെങ്കിലും ഡോക്ടറെ അനുസരിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലായിക്കഴിഞ്ഞു കാര്യങ്ങൾ. അമിതമായ ക്ഷീണവും ബാങ്കിൽ കസ്റ്റമേഴ്സിന്റെ മുന്പിലിരിക്കുന്പോൾ പോലും ശരിയായ വിധം മനസ്സിനെ കേന്ദ്രീകരിക്കുവാൻ കഴിയാതെ പോകുന്ന അവസ്ഥയും ഓർത്തപ്പോൾ ഇഷ്ടപ്പെട്ട ചിലവയെ വർജ്ജിക്കാൻ തന്നെ തീരുമാനിച്ചു. എന്നിട്ടും ജിമ്മിൽ പോയുള്ള ഒരു വർക്ക് ഔട്ടിന് മനസ്സ് തയ്യാറായില്ല. അങ്ങനെയാണ് ദിവസവും ഒരുമണിക്കൂർ നടക്കുവാൻ തീരുമാനിച്ചത്.

ഒരു മണിക്കൂർ നടത്തം!  തുടക്കത്തിൽ അതിത്തിരി ബുദ്ധിമുട്ടായിരുന്നു. കാലുകൾക്ക് കഴപ്പും ശരീരത്തിന് അമിതമായ തളർച്ചയും ആദ്യദിവസങ്ങളിൽ ശക്തമായി തോന്നിയിരുന്നു. ക്രമേണ അതു കുറഞ്ഞുകുറഞ്ഞു വന്നു. എന്നുമാത്രമല്ല, നടത്തം ഞാൻ കുറേശ്ശെ ആസ്വദിക്കാനും തുടങ്ങി.

Recent Stories

The Author

3 Comments

  1. വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.

  2. വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️

  3. നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
    തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
    അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
    വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
    പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com