അപ്പവും വീഞ്ഞും 9

Views : 1322

Author : Manoj Devarajan

ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്,  ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, ഇയ്യർ മാസത്തിലെ അറേബ്യൻ മണൽക്കാടുകളിൽ നിന്ന് അടിക്കുന്ന ഖമാസിൻ ചുടുകാറ്റും, എല്ലാം ഒരേ പോലെ ഏറ്റെടുത്ത വർഷങ്ങൾ.

അമ്മ മരത്തിൽ നിന്ന് പഴം കൊത്തിപ്പറന്ന വണ്ണാത്തിക്കിളിയുടെ വയറ്റിലാണ് പിറവിയുടെ ചൂട് അറിഞ്ഞുതുടങ്ങിയത്. പുറത്തേയ്ക്ക് തള്ളി പറന്നുപോയ കിളിയുടെ ഓറഞ്ച് നിറമുള്ള വയറും ചാരച്ചിറകുകളും മനസ്സിൽ ഇന്നുമുണ്ട്. വീണ മണ്ണിന്റെ ഊഷ്മളത, നനവ്, വളക്കൂറ് എന്റെ വേരുകൾ പെട്ടന്നാണ് പൊട്ടിക്കയറിയത് . ആദ്യമുകുളം മഞ്ഞകലർന്ന പച്ചയിൽ വിടർന്നു വന്ന ദിവസം സൂര്യന്റെ പൊൻകതിരേറ്റ് അൽപ്പം വാടിയിരുന്നു. വേരുകൾ വലിച്ചെടുത്ത്, വെള്ളം കുടിച്ച് ഏത് സൂര്യനും തോല്പിക്കാത്ത വലുപ്പത്തിലെത്താൻ അധികം നാളുകളെടുത്തില്ല. കൂട്ടത്തോടെ മേയുന്ന ചെമ്മരിയാടിന് പറ്റങ്ങൾ കാണാതെ പോയതും , ബാർലിയും ഗോതമ്പും നടാൻ വേണ്ടി കർഷകർ തെളിക്കുന്ന പാടങ്ങൾ അകലെ ആയതും ദൈവത്തിന്റെ കരുതൽ.

പക്ഷെ ഇന്ന് ഞാൻ ജറുസലേമിലെ തച്ചന്മാരുടെ തെരുവിൽ, മരച്ചീളുകളും പാറപ്പൊടിയും നിറഞ്ഞ, ഇരുണ്ട ചീഞ്ഞ ഗന്ധം വമിക്കുന്ന മരത്തടിശാലയിലെ നിലത്ത് കിടക്കുന്നു. ഇലകളും ശിഖരങ്ങളും മുറിച്ച്, വേരുകൾ പിഴുതെറിഞ്ഞ്, തൊലി പൊളിച്ച് ചിന്തേരിട്ട് നഗ്നമായ തായ്ത്തടിയായി അനാഥനായി വെറും നിലത്ത്…. ഒരാഴ്ച മുൻപ് സാധാരണമായ ഒരു ദിവസം ഉച്ചതിരിഞ്ഞ മയക്കത്തിൽ ആയിരുന്ന ഞാൻ അസഹ്യമായ വേദനയിൽ ഞെട്ടി എഴുന്നേറ്റു. കർഷകർ മൺകോരിയിലെ മണ്ണ് തട്ടുന്നതോ ചെമ്മരിപ്പറ്റങ്ങൾ കൂറ്റൻ കൊമ്പിന്റെ തരിപ്പ് തീർക്കുന്നതോ ആണെന്നാണ്പെട്ടെന്നോർത്തത്. അല്ല മഴുവാണ്… വേരിന്റെ മുകളിൽ മൂർച്ചയുള്ള മഴുവിന്റെ വെള്ളിപ്പല്ലുകൾ ആഞ്ഞാഞ്ഞ് പതിക്കുകയാണ്. വെട്ടുകാരുടെ പിന്നിൽ മൂത്ത തച്ചൻ കാര്യക്കാരനായി നിൽക്കുന്നു. ഹെരോദ് രാജാവിന്റെ രണ്ടു പടയാളികളും കൂടെ ഉണ്ട്. കോത വയ്ച്ചു മറുപുറം കൊത്തി നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്നു മഴുക്കാർ.  പിന്നെ അധികമകലെയല്ലാതെ വരച്ച വരയിൽ വീഴ്ത്തി മിടുക്കരായി. വേരുകൾ വിട്ട്, കൊമ്പുകൾ ഒടിഞ്ഞ്, പ്രാണൻ പിടഞ്ഞു ഞാനും …… കഴുതകളെ കെട്ടി വലിപ്പിക്കുമ്പോൾ മരചില്ലയിൽ കൂടുകൂട്ടിയിരുന്ന ചിരിയൻ പ്രാവും ഇണയും കുറുകി. താഴെ വീണു പൊട്ടിത്തകർന്ന തിളങ്ങുന്ന വെളുത്ത മുട്ടയുടെ മുകളിലൂടെ കഴുതകൾ അണച്ച് നടന്നു.

Recent Stories

The Author

1 Comment

  1. Nalla Bhaavana….
    Keep it up brother..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com