ശവക്കല്ലറയിലെ കൊലയാളി 16 8

ശവക്കല്ലറയിലെ കൊലയാളി 16

Story : Shavakkallarayile Kolayaali  16 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

 

ഫാദർ ഗ്രിഗോറിയോസിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് മറ്റുള്ളവര്‍ കേട്ടത് .

“ആരാണ് ഫാദർ അദ്ദേഹം ? ആരാണെങ്കിലും നമുക്ക് കണ്ടെത്തി കൊണ്ടുവരാം ഫാദർ”

“അദ്ദേഹത്തെ കണ്ടെത്തുക പ്രയാസമാണ് ജോണ്‍ , അദ്ദേഹം എവിടെയാണെന്ന് അറിയുന്നതുപോലും ശ്രമകരമാണ്.എങ്കിലും നമുക്കൊന്ന് നോക്കാം. “

ഫാദർ ഗ്രിഗോറിയോസ് അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതംനിറഞ്ഞ കണ്ണുകളോടെയാണ് അവര്‍ ഫാദറിനെ നോക്കിയത് .

ഫാദർ ഗ്രിഗോറിയോസ് അഞ്ജലിയുടെ മുറിയില്‍ നിന്നും ഇറങ്ങാന്‍ സമയം ഒരു ചെറിയ മരക്കുരിശെടുത്ത് അഞ്ജലിയുടെ നെറ്റിയില്‍ തൊട്ടശേഷം അതുകൊണ്ടുതന്നെ അവിടെ കുരിശ് വരച്ച് അവളുടെ കയ്യില്‍ ഏൽപ്പിച്ചു .

“പ്രതിസന്ധികൾ കാണുന്നുണ്ട്. ജീവൻ വരെ അപകടത്തിലാവാനും സാധ്യതയുണ്ട്. എന്ത് സംഭവിച്ചാലും ഈ കുരിശ് കൈമോശം വരുത്തരുത്, അത് കൂടുതല്‍ അപകടം വിളിച്ചുവരുത്തും . പിന്നെ എല്ലാം കർത്താവിലാണ്, പ്രാർത്ഥിക്കുക… “

ഫാദറിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് അഞ്ജലി കേട്ടത് . പേടിയോടെ തന്നെ അവള്‍ കൈനീട്ടി ആ മരക്കുരിശ് വാങ്ങി .

മുറിയില്‍നിന്നും പുറത്തിറങ്ങാൻ സമയം എസ് ഐ ജോണിന്റെ ഫോണിലേക്ക് എസ്പി ഓഫീസില്‍നിന്നും കാൾ വന്നു .

ഡോക്ടര്‍ നാൻസി വട്ടേകാടന്റെ കൊലപാതകത്തിന്റെ അന്വേഷണപുരോഗതി അറിയിക്കാന്‍ എസ്പി ഓഫീസില്‍ എത്തി എസ്പിയെ കാണാൻ വിളിപ്പിച്ചതായിരുന്നു ആ ഫോണ്‍ .

ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങി ജോണ്‍ എസ്പി ഓഫീസിലേക്ക് തിരിച്ചു, കൂടെ ഫാദര്‍ ഗ്രിഗോറിയോസും പോയി.

എസ് പി മരുതനായകം ഐഎഎസ് ആ സമയം തന്റെ ഓഫീസില്‍ നാൻസി വട്ടേകാടന്റെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

“മേ ഐ കം ഇൻ സർ… “

“യെസ്…കം. “

അകത്തേക്ക് കയറിയ ജോണ്‍ ബാറ്റൺ കക്ഷത്തിൽ വെച്ച് എസ് പി മരുതനായകത്തെ സല്യൂട്ട് ചെയ്തു .

“യെസ് മിസ്റ്റര്‍ ജോണ്‍
… ഉക്കാറ് , നാൻ അന്ത ഡോക്ടറുടെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് ഇപ്പതാ പാത്തത് . സംതിങ്ങ്സ് ഈസ് റോങ്ങ് മിസ്റ്റര്‍ ജോണ്‍… “

“അതേ സർ, പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദ് എന്നോട് പറഞ്ഞിരുന്നു . സർജിക്കൽ ബ്ലേഡ് വെച്ചപ്പോൾ തന്നെ ഡോക്ടര്‍ ആ കാര്യം മനസ്സിലാക്കിയിരുന്നു.”

“ഹൗ മിസ്റ്റര്‍ ജോണ്‍ ? അതെപ്പടി അന്തമാതിരി വന്തത് ? എനി ഐഡിയ ?”

“സർ അത് പറയുന്നതിനു മുന്‍പ് എന്റെ കൂടെ ഫാദർ ഗ്രിഗോറിയോസ് വന്നിട്ടുണ്ട് ഞാന്‍ അദ്ദേഹത്തെ ഇങ്ങോട്ട് വിളിക്കാം. “

“സരി… വരസൊല്ല്… “

ജോണ്‍ സക്കറിയ എഴുന്നേറ്റ് പോയി ഫാദർ ഗ്രിഗോറിയോസിനെ വിളിച്ചുകൊണ്ടു വന്നു .
ഫാദർ ഗ്രിഗോറിയോസ് അകത്തേക്ക് പ്രവേശിച്ചതും എസ്പി മരുത നായകം തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു.

“അപ്പപ്പാ…യാരിത് ഫാദറാ !! നിറയെ കേൾവിപ്പെട്ടിരിക്ക്, നേരടിയേ പാക്കമുടിയും എന്ന് നെനച്ചേയില്ലേ… “

“ഉക്കാറ് ഫാദർ…. കുടിക്കറത്ക്ക് ?… “

“ഒന്നുമേ വേണ്ട എസ്പി സാര്‍… “

ഫാദർ ഗ്രിഗോറിയോസ് സെന്റ് ആന്റണീസ് സെമിത്തേരിയില്‍ താന്‍ കണ്ട കാര്യങ്ങള്‍ മുതല്‍ ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് പറഞ്ഞ കഥവരെ എസ് പി മരുത നായകത്തോട് വിശദീകരിച്ചു . എല്ലാം കേട്ടശേഷം എസ് പി മരുത നായകം ഫാദറിനോട് ചോദിച്ചു ,

“ഇന്തകാലത്തിലും പേയി പിസ്സാസ് എല്ലാം ഇര്ക്കാ…?”

“ആമാ സർ… ഇന്ത കണ്ണാലെ നാൻ പാത്ത ഉൺമൈ , അന്ത പൊണത്തൈ പൊതച്ച കുഴിമാടം ശുമ്മാ കുഴിമാടമല്ലൈ…”

“സരി ഫാദർ,ഉങ്കളുടെ വേലൈ നടക്കട്ടും. ജോണ്‍ ഫാദറിന് വേണ്ട ഉദൈവിയെ സെയ്തുകൊട്…”

എസ് സർ ജോണ്‍ അറ്റൻഷനിൽ നിന്ന് എസ് പി മരുത നായകത്തെ സല്യൂട്ട് ചെയ്ത് പുറത്തിറങ്ങി.

“ഫാദർ ഇനി എന്താണ് നമ്മള്‍ ചെയ്യേണ്ടത്? “

“അദ്ദേഹത്തെ കണ്ടെത്തണം ജോൺ …‍”

“ശ്രമിക്കാം ഫാദർ. “

അവിടെനിന്നും ഇറങ്ങിയ അവര്‍ രണ്ട് വഴിക്കായി പിരിഞ്ഞു .

സമയം ആരേയും കാത്തു നിൽക്കാതെ തന്റെ യാത്ര തുടര്‍ന്നു . പടിഞ്ഞാറൻ ചക്രവാളത്തിൽ ചുവപ്പ് രാശി തെളിഞ്ഞു. പതിയെ പ്രകൃതി ഇരുട്ടിന്റെ കരിമ്പടം പുതച്ചുറങ്ങാൻ തുടങ്ങി .

രാത്രിയുടെ യാമങ്ങൾ അടർന്നുവീണിട്ടും ഡോക്ടര്‍ അഞ്ജലി ആശുപത്രി മുറിയില്‍ ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞകാലം ആലോചിച്ചു കിടന്നു . രാത്രി അതിന്റെ മൂന്നാം യാമത്തിലേക്ക് കടന്നതും ആശുപത്രിയുടെ പരിസരത്തെ പ്രകൃതിയുടെ രൂപം പതിയെ പതിയെ മാറാന്‍ തുടങ്ങി .
ഈ സമയം ഡോക്ടര്‍ അഞ്ജലി ഉറക്കിലേക്ക് വഴുതി വീഴുന്നേ ഉണ്ടായിരുന്നുള്ളൂ . വാതിലില്‍ തുടരെ തുടരെയുള്ള തട്ടൽ കേട്ട് ഡോക്ടര്‍ അഞ്ജലി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്നു…..!!!

(തുടരും……..)

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: